Asianet News MalayalamAsianet News Malayalam

എട്ടാം സെക്കന്‍ഡില്‍ ഗോള്‍! റെക്കോര്‍ഡിട്ട് എംബാപ്പെ, പിന്നാലെ ഹാട്രിക്; ഏഴ് ഗോളടിച്ച് പിഎസ്‌ജി- വീഡിയോ

ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്‍റെ റെക്കോർഡിനൊപ്പമെത്തി എംബാപ്പെ

Ligue 1 2022 23 Kylian Mbappe scores within eight seconds PSG beat Lille by 7 1
Author
Paris, First Published Aug 22, 2022, 7:54 AM IST

പാരിസ്: ഫ്രഞ്ച് ലീഗിൽ ലില്ലെക്കെതിരെ ഗോൾമഴ തീർത്ത് പിഎസ്‌ജി. ഒന്നിനെതിരെ ഏഴ് ഗോളിന് ആണ് പിഎസ്‌ജിയുടെ ജയം. കിലിയൻ എംബാപ്പെ ഹാട്രിക് നേടി. എട്ടാം സെക്കൻഡിൽ ലിയോണല്‍ മെസിയുടെ പാസിൽ നിന്ന് എംബാപ്പെയാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിന്‍റെ റെക്കോർഡിനൊപ്പം എത്താനും എംബാപ്പെയ്ക്കായി. നെയ്മർ രണ്ട് ഗോളും മെസിയും ഹക്കിമിയും ഓരോ ഗോൾ വീതവും നേടി. തുടർച്ചയായ മൂന്നാം ജയത്തോടെ 9 പോയിന്‍റുമായി പിഎസ്ജി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അന്‍സു ഫാറ്റി ഇളകി, തകര്‍പ്പന്‍ ജയവുമായി ബാഴ്‌സ

അതേസമയം ലാ ലിഗായിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്തുവിട്ടു ബാഴ്‌സലോണ. റോബർട്ട് ലവൻഡോസ്‌കി ഇരട്ടഗോൾ നേടിയപ്പോള്‍ ഓസ്മാനെ ഡെംബെലെ, അൻസു ഫാറ്റി എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ഗോളും അസിസ്റ്റുകളുമായി കളംനിറഞ്ഞു ഫാറ്റി. ഒന്നാം മിനുറ്റിൽ തന്നെ ലെവൻഡോവ്സ്കി ബാഴ്സയ്ക്ക് ലീഡ് നൽകി. പിന്നാലെ റയൽ സോസിഡാഡിനായി അലക്സാണ്ടർ ഇസാക്ക് സമനില പിടിച്ചെങ്കിലും രണ്ടാംപകുതിയില്‍ മൂന്ന് ഗോൾ നേടി ബാഴ്സ മത്സരത്തിലേക്ക് തിരിച്ചുവന്നു. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.

അടി കിട്ടി ചെല്‍സി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൂപ്പര്‍ ക്ലബ് ചെൽസി തോൽവി നേരിട്ടതാണ് ഫുട്ബോള്‍ ലോകത്തുനിന്നുള്ള മറ്റൊരു വാര്‍ത്ത. ലീഡ്സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ചെൽസിയെ തകർക്കുകയായിരുന്നു. ആരോൺസൻ, മൊറീനോ, ജാക്ക് ഹാരിസൺ എന്നിവരാണ് ലീഡ്സിന്‍റെ ഗോളുകൾ നേടിയത്. കൗലിബാലി ചുവപ്പ് കാർഡ് കണ്ടത് ചെൽസിക്ക് തിരിച്ചടിയായി. ജയത്തോടെ ലീഡ്സ് യുണൈറ്റഡ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ചെൽസി നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ്.

ബാബര്‍ അസമിന്‍റെ റണ്‍വേട്ട തുടരുന്നു, അംലയുടെ റെക്കോര്‍ഡ് തകര്‍ന്നു; ഏകദിനത്തില്‍ പുതു ചരിത്രം

Follow Us:
Download App:
  • android
  • ios