പ്യൂര്‍ട്ടോ റിക്കോക്കെതിരെ ഗോളടിച്ചില്ലെങ്കിലും അലക്സി മക് അലിസ്റ്ററിനും ലൗതാരോ മാര്‍ട്ടെനെസിനും ഗോളിലേക്ക് വഴിയൊരുക്കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്.

ന്യൂജേഴ്സി: രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. പ്യൂ‍ർട്ടോ റിക്കോയ്ക്കെതിരായ സൗഹൃദ മത്സരം അര്‍ജന്‍റീന 6-0ന് ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. ഇതോടെ രാജ്യാന്തര ഫുട്ബോളില്‍ മെസി നല്‍കിയ അസിസ്റ്റുകളുടെ എണ്ണം 60 ആയി. 58 അസിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ബ്രസീല്‍ താരം നെയ്മറെയും മുന്‍ അമേരിക്കന്‍ താരം ലണ്ടൻ ഡൊണോവനെയുമാണ് മെസി മറികടന്നത്.

Scroll to load tweet…

പ്യൂര്‍ട്ടോ റിക്കോക്കെതിരെ ഗോളടിച്ചില്ലെങ്കിലും അലക്സി മക് അലിസ്റ്ററിനും ലൗതാരോ മാര്‍ട്ടെനെസിനും ഗോളിലേക്ക് വഴിയൊരുക്കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. പ്രഫഷണൽ കരിയറിൽ 400 അസിസ്റ്റുകളെന്ന മാന്ത്രിക സംഖ്യയിലെത്താന്‍ മെസിക്കിനി 3 അസിസ്റ്റുകള്‍ കൂടി മതി. പ്യൂര്‍ട്ടോ റിക്കോക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്‍റീനക്കായി അലക്സി മക് അലിസ്റ്ററും ലൗതാരോ മാര്‍ട്ടിനെസും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ഗോണ്‍സാലോ മൊണ്ടിയേലും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തു. പ്യൂര്‍ട്ടോ റിക്കോയുടെ സ്റ്റീവന്‍ എച്ചെവെരിയയുടെ സെല്‍ഫ് ഗോള്‍ അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക തികച്ചു.

റെക്കോര്‍ഡിട്ട് റൊണാള്‍ഡോയും

ഹംഗറിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-2 സമനില വഴങ്ങിയെങ്കിലും ഇരട്ട ഗോള്‍ നേടിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഹംഗറിക്കെതിരെ രണ്ട് ഗോള്‍ നേടിയ റൊണാള്‍ഡോ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഗോള്‍ നേട്ടം 41 ആക്കി ഉയര്‍ത്തി. 39 ഗോള്‍ നേടിയിട്ടുള്ള ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിനെയാണ് റൊണാള്‍ഡോ ഇന്ന് പിന്നിലാക്കിയത്. പോര്‍ച്ചുഗലിനായി 51 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 41 ഗോളുകള്‍ നേടിയത്. 47 മത്സരങ്ങളില്‍ നിന്നായിരുന്നു റൂയിസ് 39 ഗോളുകള്‍ നേടിയത്. അര്‍ജന്‍റീനക്കായി 72 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്നായി 36 ഗോളുകള്‍ നേടിയിട്ടുള്ള ലിയോണല്‍ മെസി മൂന്നാമതാണ്.

Scroll to load tweet…

എട്ടാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ പോര്‍ച്ചുഗല്‍ 22-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളിലാണ് സമനില പിടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ടാം ഗോളും നേടി റൊണാള്‍ഡോ പോര്‍ച്ചുഗലിന് ലീഡ് സമ്മാനിച്ചു. പ്രഫഷണല്‍ കരിയറിലെ റൊണാള്‍ഡോയുടെ 948-ാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കി ഹംഗറി പോര്‍ച്ചുഗലിന് ജയം നിഷേധിച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക