ബാഴ്സലോണ: അടുത്ത സീസണില്‍ സ്വന്തം നാട്ടുകാരനായ മാഴ്സെലൊ ബിയെല്‍സയെ ബാഴ്സലോണയുടെ പരീശിലകനാക്കണമെന്ന് ബാഴ്സ സൂപ്പര്‍ താരം ലിയോണല്‍ മെസി. നിലവിലെ പരിശീലകന്‍ ക്വികെ സെറ്റിയന് കീഴില്‍ ലാ ലിഗയില്‍ രണ്ടാം സ്ഥാനത്ത് എത്താനെ ബാഴ്സക്ക് ഇത്തവണ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുനൈറ്റഡിന് ഒന്നാം ഡിവിഷന്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ പരിശീലകന്‍ കൂടിയായ ബിയെല്‍സയെ ബാഴ്സയുടെ അടുത്ത പരിശീലകനാക്കണമെന്ന് മെസി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ലീഡ്സ് യുനൈറ്റഡുമായുള്ള ബിയെല്‍സയുടെ കരാര്‍ അടുത്ത ആഴ്ച അവസാനിക്കും. ഈ സാഹചര്യത്തിലാണ് മെസി, ബിയെല്‍സയെ പരിശീലകനാക്കണമെന്ന ആവശ്യവുമായി ടീം മാനേജ്മെന്റിനെ സമീപിച്ചത് എന്നാണ് സൂചന. എന്നാല്‍ ബാഴ്സ മാനേജ്മെന്റ് മെസിയുടെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ബിയെല്‍സയുടെ മാനേജരെ ബാഴ്സ പ്രതിനിധികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സൂചന.

എന്നാല്‍ ബിയെല്‍സ ലീഡ്സില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ലീഡ്സ് യുനൈറ്റഡ് ഉടമ ആന്ദ്രെ റാഡ്രിസ്സാനി പറഞ്ഞു. ബിയെല്‍സ ലീഡ്സിന്റെ പരിശീലകനായിരിക്കുന്നത് ടീമിന് തന്നെ വലിയ ബഹുമതിയാണെന്നും റാഡ്രിസ്സാനി വ്യക്തമാക്കി. എന്നാല്‍ ബിയെല്‍സയെ ക്ലബ്ബില്‍ തുടരാനായി നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹത്തിന്റെ താല്‍പര്യം അനുസരിച്ച് തീരുമാനമെടുക്കാമെന്നും റാഡ്രിസ്സാനി പറഞ്ഞു.

ബാഴ്സ മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ ഗുരുനാഥന്‍ കൂടിയായ ബിയെല്‍സ ലാ ലിഗ ടീമുകളായ എസ്പാനിയോളിനെ 1998ലും അത്ല‌റ്റിക്കോ ബില്‍ബാവോയെ 2011-2013 സീസണിലും പരിശീലിപ്പിച്ചിട്ടുണ്ട്. കൊവിഡ് ഇടവേളക്കുശേഷം ലാല ലിഗ ആരംഭിച്ചപ്പോള്‍ അനാവശ്യ സമനിലകളും തോല്‍വിയും വഴങ്ങിയാണ് ബാഴ്സ കിരീടം കൈവിട്ടത്. കൊവിഡ് ഇടവേളക്ക് മുമ്പ് രണ്ട് പോയന്റ് ലീഡുമായി ഒന്നാം സ്ഥാനത്തായിരുന്നു ബാഴ്സ. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് ബാഴ്സയെ പിന്തള്ളി റയല്‍ കിരീടം നേടിയത്. ടീമിന്റെ സമീപനത്തിനെതിരെ മെസി നേരത്തെ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.