ബാഴ്‌സലോണ: യുവേഫ ചാന്പ്യന്‍സ് ലീഗില്‍ നാലാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ബാഴ്‌സലോണ, ചെല്‍സി, യുവന്റസ്, പി എസ് ജി തുടങ്ങിയ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ബാഴ്‌സലോണ ആദ്യ മൂന്ന് കളിയും ജയിച്ച് ഗ്രൂപ്പ് ജിയില്‍ ഒന്‍പത് പോയിന്റുമായാണ് ഉക്രൈന്‍ ക്ലബ് ഡൈനമോ കീവിനെ നേരിടുന്നത്. തുടര്‍ച്ചയായ മത്സരങ്ങളില്‍ കളിച്ച് ക്ഷീണിതരായ നായകന്‍ ലിയോണല്‍ മെസ്സിക്കും മിഡ്ഫീല്‍ഡര്‍ ഫ്രെങ്കി ഡി ജോംഗിനും വിശ്രമം നല്‍കും. രുക്കേറ്റ അന്‍സു ഫാറ്റി, ജെറാര്‍ഡ് പിക്വേ, സെര്‍ജി റോബര്‍ട്ടോ, സെജിയോ ബുസ്‌കറ്റ്‌സ്, റൊണാള്‍ഡ് അറൗഹോ എന്നിവരും ബാഴ്‌സ നിരയില്‍ ഉണ്ടാവില്ല. 

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ യുവന്റസിന് ഹംങ്കേറിയന്‍ ക്ലബ് ഫെറങ്ക്‌വാറോസാണ് എതിരാളികള്‍. പരുക്ക് മാറി ഉഗ്രന്‍ ഫോമില്‍ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യാണ് ഇറ്റാലിയന്‍ ചാന്പ്യന്‍മാര്‍ ഉറ്റുനോക്കുന്നത്. പരിക്കിന്റെ പിടിയിലായ ലിയനാര്‍ഡോ ബൊനൂച്ചി, ആരോണ്‍ റംസി എന്നിവര്‍ യുവന്റസ് നിരയിലുണ്ടാവില്ല. ജോര്‍ജിയോ കെല്ലിനിയും പരുക്കില്‍നിന്ന് പൂര്‍ണ മോചിതനായിട്ടില്ല. റൊണാള്‍ഡോയ്‌ക്കൊപ്പം പൗളോ ഡിബാലയും അല്‍വാര മൊറാട്ടയും കൂടി മുന്നേറ്റ നിരയില്‍ എത്തുന്‌പോള്‍ ഹങ്കേറിയന്‍ പ്രതിരോധത്തെ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി. 


ഗ്രൂപ്പ് എച്ചില്‍ മൂന്നാം സ്ഥാനക്കാരായ പി എസ് ജിക്ക് ജര്‍മ്മന്‍ ക്ലബ് ലൈപ്‌സിഷാണ് എതിരാളികള്‍. കിലിയന്‍ എംബാപ്പേയ്‌ക്കൊപ്പം നെയ്മര്‍ പരുക്ക് മാറിയെത്തുന്ന ആശ്വാസത്തിലാണ് ഫ്രഞ്ച് ചാന്പ്യന്‍മാര്‍. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ പിഎസ്ജി, ലൈപ്‌സിഷിനെ തോല്‍പിച്ചിരുന്നു. മൂന്ന് കളിയില്‍ രണ്ടുംതോറ്റ പിഎസ്ജിക്ക് വിജയവഴിയിലെത്തേണ്ടത് അനിവാര്യം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുര്‍ക്കി ക്ലബായ ഇസ്താംബൂള്‍ ബസക്ഷേറിനെയാണ് നേരിടുക. പ്രീമിയര്‍ വെസ്റ്റ് ബ്രോമിനെ തോല്‍പിച്ച ആത്മവിശ്വാസവുമായാണ് യുണൈറ്റഡ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. 

ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്, ക്ലബ് ബ്രൂഗെയാണ് എതിരാളികള്‍. എല്ലാ മത്സരങ്ങളും ഇന്ത്യന്‍സമയം രത്രി ഒന്നരയ്ക്കാണ് തുടങ്ങുക. ചെല്‍സി രാത്രി 11.25ന് തുടങ്ങുന്ന കളിയില്‍ റെന്നസുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളിന് റെന്നസിനെ തോല്‍പിച്ചിരുന്നു. പരുക്കേറ്റ ക്രിസ്റ്റ്യന്‍ പുലിസിച്ച്, കായ് ഹാവെര്‍ട്‌സ്, തിയാഗോ സില്‍വ എന്നിവര്‍ ചെല്‍സി നിരയില്‍ ഉണ്ടായേക്കില്ല.