കഴിഞ്ഞ ദിവസം ഇന്‍റര്‍ മയാമിക്കായി മെസി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് മെസിയുടെ പത്താം നമ്പര്‍ ജേഴ്സി ധരിച്ച ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.
മയാമി: ഇന്‍റര്‍ മയാമിയുടെ സൗഹൃദ മത്സരത്തിനിടെ സൂപ്പര്‍ താരം ലിയോണൽ മെസിക്ക് അരികിലേക്ക് ഓടിയെത്തി ആരാധകന്‍. മെസിയുടെ നിഴലായി കൂടെയുള്ള ബോഡി ഗാർഡ് യാസൈന്‍ ച്യൂക്കോയെ വീഴ്ത്തിയിട്ടാണ് ആരാധകന്‍ മെസിക്ക് അരികിലെത്തിയത്. പനാമയില്‍ നടന്ന ഇന്‍റര്‍ മയാമിയും സ്പോര്‍ട്ടിംഗ് സാന്‍ മിഗ്വേലിറ്റോയും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ ഇന്‍റര്‍ മയാമി 3-1ന് ജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇന്‍റര്‍ മയാമിക്കായി മെസി ഗ്രൗണ്ടിലിറങ്ങിയപ്പോഴാണ് മെസിയുടെ പത്താം നമ്പര്‍ ജേഴ്സി ധരിച്ച ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. പിന്നാലെ മെസിയുടെ ബോഡി ഗാര്‍ഡും ഓടി. എന്നാല്‍ ആരാധകന്‍ മെസിക്ക് അരികിലെത്തുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ തെന്നിവീണു. വീഴ്ചക്കിടെ തൊട്ടുപിന്നിലായി ഓടിയെത്തിയ ബോഡി ഗാര്‍ഡിനെയും മറിച്ചിട്ടു.
ഇതിനുശേഷം ചാടിയെഴുന്നേറ്റ് മെസിയെ ആലിംഗനം ചെയ്യാനൊരുങ്ങിയ ആരാധകനെ ബോഡി ഗാര്‍ഡ് പിടിച്ചുകൊണ്ടുപോയി. അമേരിക്കയില്‍ കളിക്കാനെത്തിയതുമുതല്‍ മെസിയുടെ നിഴലായി കൂടെയുള്ളയാളാണ് മുന്‍ അമേരിക്കന്‍ സൈനികന്‍ കൂടിയായ യാസൈന്‍ ച്യൂക്കോ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നേവി സീലില്‍ ജോലി ചെയ്തിട്ടുള്ള യാസൈനെ മറികടന്ന് ആര്‍ക്കും ഇതുവരെ മെസിയെ തൊടാനായിട്ടില്ല. ഇതാദ്യമായാണ് യാസിന്‍റെ ബലിഷ്ഠമായ കരങ്ങളെയും മറികടന്ന് ഒരു ആരാധകന്‍ മെസിയെ തൊടുന്നത്.

പിഎസ്ജി താരമായിരുന്നപ്പോഴും മെസിയുടെ ബോഡി ഗാര്‍ഡായിരുന്നിട്ടുള്ള യാസൈനെ ഇന്‍റര്‍ മയാമി സഹ ഉടമയായ മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാമാണ് അമേരിക്കയിലും മെസിയുടെ സുരക്ഷാച്ചുമതല ഏല്‍പ്പിച്ചത്. യാസൈന് കീഴില്‍ അമ്പതോളം പേരാണ് മെസിക്ക് അമേരിക്കയില്‍ സുരക്ഷ ഒരുക്കുന്നത്.
