Asianet News MalayalamAsianet News Malayalam

ലോകകപ്പിനുശേഷമുള്ള ആദ്യ മത്സരത്തില്‍ മനോഹര വണ്‍ ടച്ച് ഗോളുമായി മെസി-വീഡിയോ

ആദ്യം ഓഫ് സൈഡ് വിധിച്ച ഗോള്‍ വാര്‍ പരിശോധനയിലൂടെയാണ് അനുവദിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ലോകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ അഞ്ചെണ്ണം ഉള്‍പ്പെടെ ആറാം ഗോളാണ് മെസി ഇന്നലെ നേടിയത്.

Lionel Messi's Scores beautiful one touch Goal On PSG Return
Author
First Published Jan 12, 2023, 11:56 AM IST

പാരീസ്: ലോകകപ്പ് വിജയത്തിനുശേഷം പി എസ് ജി കുപ്പായത്തില്‍ ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി. ഫ്രഞ്ച് ലീഗില്‍ ആങ്കേഴ്സിനെതിരെ ആയിരുന്നു മെസിയില്‍ നിന്ന് തുടങ്ങി നെയ്മറിലൂടെയും റാമോസിലൂടെയും മുന്നേറി മെസി തന്നെ ഫിനിഷ് ചെയ്ത വണ്‍ ടച്ച് ഗോള്‍. കിലിയന്‍ എംബാപ്പെക്ക് വിശ്രമം നല്‍കിയാണ് പി എസ് ജി ആങ്കേഴ്സിനെതിരെ ഇറങ്ങിയത്.

എംബാപ്പെക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച ഹ്യൂഗോ എക്കിറ്റക്കെയാണ് അഞ്ചാം മിനിറ്റില്‍ തന്നെ പി എസ് ജിയെ മുന്നിലെത്തിച്ചത്. നോര്‍ഡി മുകിയേലയുടെ പാസില്‍ നിന്നായിരുന്നു ഫ്രഞ്ച് യുവതാരം പി എസ് ജിക്കായി അക്കൗണ്ട് തുറന്നത്. പിന്നീട് ആദ്യ പകുതിയില്‍ മെസിക്കും റാമോസിനും മികച്ച അവസരം ലഭിച്ചെങ്കിലും ആങ്കേഴ്സ് ഗോള്‍ കീപ്പര്‍ പോള്‍ ബെര്‍നാര്‍ഡോണിയുടെ മിന്നും സേവുകള്‍ അവരുടെ രക്ഷക്കെത്തി.

മെസി-റൊണാള്‍ഡോ പോരാട്ടം കാണാനുള്ള അവസാന ടിക്കറ്റിനായി വാശിയേറിയ ലേലം വിളി

ഇതിനുശേഷം രണ്ടാം പകുതിയില്‍ 72-ാം മിനിറ്റിലായിരുന്നു നെയ്മറുമായി ചേര്‍ന്നുള്ള മെസിയുടെ വണ്‍ ടച്ച് ഗോള്‍ പിറന്നത്. ബോക്സിന് പുറത്ത് ഇടതു വിംഗില്‍ നിന്ന് മെസി ആദ്യം പന്ത് നെയ്മറിലേക്കും അവിടെ നിന്ന് സെര്‍ജിയോ റാമോസിലേക്കും പാസ് നല്‍കി മുന്നേറി. ഇതിനിടെ വലതു വിംഗിലൂടെ ബോക്സിലേക്ക് ഓടിക്കയറുന്നതിന് മുമ്പ് എക്കിറ്റിക്കെ, മുക്കിയെലെ എന്നവര്‍ക്കും വണ്‍ ടച്ച് പാസ് നല്‍കിയശേഷം ബോക്സിലേക്ക് ഓടിക്കയറിയ മെസിക്ക് വാറന്‍ എമെറി കാല്‍പാക്കത്തില്‍ നല്‍കിയ പാസ് മെസി മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ആദ്യം ഓഫ് സൈഡ് വിധിച്ച ഗോള്‍ വാര്‍ പരിശോധനയിലൂടെയാണ് അനുവദിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ലോകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയ അഞ്ചെണ്ണം ഉള്‍പ്പെടെ ആറാം ഗോളാണ് മെസി ഇന്നലെ നേടിയത്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഇന്ന് നമ്മള്‍ വീണ്ടും കണ്ടുവെന്ന് പി എസ് ജി പരിശീലകന്‍ ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ മത്സരശേഷം പറഞ്ഞു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വീണ്ടും തെളിഞ്ഞു. ലോകകപ്പ് നേട്ടത്തില്‍ മെസി വളരെ സന്തുഷ്ടനാണെന്നും ഗാള്‍ട്ടിയര്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios