ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്റര്‍ മയാമി ഇന്ന് പിഎസ്ജിയെ നേരിടും. മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ രാത്രി 9.30ന് ആണ് മത്സരം. 

മയാമി: ഫിഫ ക്ലബ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്റര്‍ മയാമി, ഇന്ന് പിഎസ്ജിയെ നേരിടും. രാത്രി 9.30ന് അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ ബയേണ്‍ ബയേണ്‍ മ്യൂണിക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെക്കെതിരെ കളിക്കുംം. രാത്രി 1.30നാണ് മത്സരം. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പി എസ് ജിക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്റര്‍ മയാമിയുടെ പ്രതീക്ഷയത്രയും ലിയോണല്‍ മെസിയുടെ ഇടങ്കാലില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ബോട്ടഫോഗോയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട പിഎസ്ജി പ്രീക്വാര്‍ട്ടറില്‍ ഏറെ ഭയക്കുന്നതും ക്ലബിന്റെ മുന്‍താരംകൂടിയായ ഇന്റര്‍ മയാമി നായകനെ.

മെസിയുടെ പ്രഹരശേഷി നന്നായി അറിയാം ബാഴ്‌സലോണയില്‍ ഇതിഹാസ താരത്തെ പരിശീലിപ്പിച്ച പിഎസ്ജി കോച്ച് ലൂയിസ് എന്റീകെയ്ക്ക്. 2023ല്‍ പാരിസ് വിട്ടതിന് ശേഷം ആദ്യമായാണ് മെസി പിഎസ്ജിക്കെതിരെ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. മെസിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരുണ്ടെങ്കിലും ഹവിയര്‍ മഷറാനോ പരിശീലിപ്പിക്കുന്ന ഇന്റര്‍ മയാമിക്ക് പിഎസ്ജിയെ മറികടക്കുക എളുപ്പമാവില്ലെന്നുറപ്പ്. മാര്‍ച്ച് അഞ്ചിന് ശേഷം എന്റികെയുടെ പിഎസ്ജി തോറ്റത് നാല് കളിയില്‍ മാത്രം.

ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ എതിരാളികളുടെ വലയിലെത്തിച്ചത് ഇരുപത്തിയാറ് ഗോള്‍. ഒസ്മാന്‍ ഡെംബലേ, ക്വിച്ച ക്വാരസ്‌കേലിയ, ഡിസയര്‍ ദുവേ, ഫാബിയന്‍ റൂയിസ്, യാവോ നെവസ്, വിറ്റീഞ്ഞ തുടങ്ങിയവരെ പിടിച്ചുകെട്ടുകയാവും ഇന്റര്‍ മയാമിയുടെ വെല്ലുവിളി. മെസിയെ അമിതമായി ആശ്രയിക്കുന്ന ഇന്റര്‍ മയാമിയുടെ ദൗര്‍ബല്യം മുതലെടുക്കുകയാവും പിഎസ്ജിയുടെ ലക്ഷ്യം.

ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് രാത്രി ഒന്നരയ്ക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെ നേരിടും. ബയേണ്‍ ഗ്രൂപ്പ് സിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി എത്തുമ്പോള്‍ ചെല്‍സി ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലെ ഒന്നാംസ്ഥാനക്കാരാണ് ഫ്‌ലെമംഗോ.

ചെല്‍സി ക്വാര്‍ട്ടറില്‍

ഫിഫ ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ബെന്‍ഫിക്കയെ തോല്‍പിച്ച് ചെല്‍സി ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു ചെല്‍സിയുടെ മിന്നും ജയം. അറുപത്തിനാലാം മിനിറ്റില്‍ റീസ് ജെയിംസാണ് ചെല്‍സിക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നീട് ഇന്‍ജുറി ടൈമിലെ പെനാല്‍റ്റിയില്‍ ബെന്‍ഫിക്ക ഒപ്പമെത്തി. പക്ഷേ, എക്‌സ്ട്രാ ടൈമില്‍ ചെല്‍സി തകര്‍ത്തുകളിച്ചു. മൂന്ന് ഗോളുകളാണ് ചെല്‍സി എക്‌സ്ട്രാ ടൈമില്‍ നേടിയത്. ബ്രസീലിയന്‍ ക്ലബായ പാല്‍മിറാസും ക്വാര്‍ട്ടറില്‍ കടന്നു. ഒരു ഗോളിന് മറ്റൊരു ബ്രസീലിയന്‍ ക്ലബ് ബോട്ടോഫോഗോയെ തോല്‍പിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിന്റെ നൂറാം മിനിറ്റില്‍ പൗളീഞ്ഞോയാണ് നിര്‍ണായക ഗോള്‍ നേടിയത്. കളി തീരാന്‍ നാല് മിനിറ്റുളളപ്പോള്‍ പാല്‍മിറാസിന്റെ ഗുസ്താവോ ഗോമസ്, ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

YouTube video player