'ഇങ്ങനെ പോയാല്‍ ശരിയാവില്ല, ലോകകപ്പിന് മുമ്പ് മാറ്റം വേണം'; അര്‍ജന്റൈന്‍ ടീമില്‍ യുവാക്കള്‍ വേണമെന്ന് സ്‌കലോണി
നായകന്‍ ലിയോണല്‍ മെസി അടുത്ത ലോകകപ്പിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കലോണി പറഞ്ഞിരുന്നു.

ബ്യൂണസ് അയേഴ്‌സ്: അടുത്ത വര്‍ഷത്തെ ലോകകപ്പിന് മുന്‍പ് അര്‍ജന്റൈന്‍ ടീമില്‍ അഴിച്ചുപണി ഉണ്ടാവുമെന്ന് കോച്ച് ലിയോണല്‍ സ്‌കലോണി. ടീമില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയമായെന്നും സ്‌കലോണി പറഞ്ഞു. അടുത്ത ലോകകപ്പ് നേടണമെങ്കില്‍ ടീമില്‍ ഇതുവരെ കളിക്കാത്ത യുവതാരങ്ങള്‍ക്ക് അവസരം നല്‍കണം. ടീമിലെ പ്രധാനതാരങ്ങളില്‍ മാറ്റമുണ്ടാവില്ല. അവര്‍ക്കൊപ്പം പുതിയ താരങ്ങള്‍കൂടി ചേര്‍ന്നാലെ ടീമിന് കരുത്തുണ്ടാവൂ. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ കൃത്യസമയമാണിപ്പോള്‍. ടീം മാനേജ്‌മെന്റ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സ്‌കലോണി പറഞ്ഞു.
നേരത്തേ, നായകന്‍ ലിയോണല്‍ മെസി അടുത്ത ലോകകപ്പിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കലോണി പറഞ്ഞിരുന്നു. എപ്പോള്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കണമെന്ന് മെസിക്ക് കൃത്യമായി അറിയാമെന്നാണ് സ്‌കലോണി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇതൊന്നും ഗൗരവമായി സംസാരിക്കേണ്ട വിഷയമല്ല, അതിനുള്ള സമയുമല്ല ഇപ്പോള്‍. അത്ര പ്രസക്തമായി ഞാനതിനെ കാണുന്നില്ല. തന്റെ കരിയര്‍ എപ്പോള്‍ അവസാനിപ്പിക്കണെന്ന് മെസിക്ക് നന്നായി അറിയാം. സമയം ആവുമ്പോള്‍ തീരുമാനം എടുക്കാന്‍ നമ്മള്‍ അദ്ദേഹത്തെ അനുവദിക്കണം.'' സ്‌കലോണി പറഞ്ഞു.
'അവര്‍ റോബോട്ടുകളല്ല, മനുഷ്യരാണ്'; രോഹിത്തിനും കോലിക്കും കടല്‍ കടന്നും പിന്തുണ
സ്‌കലോണി തുടര്‍ന്നു... ''മെസിയില്‍ ഇനിയും ഫുട്‌ബോള്‍ ബാക്കിയുണ്ട്. ഇക്കാര്യം മെസിക്കും അയാളുടെ സഹതാരങ്ങള്‍ക്കും നന്നായി അറിയാം. ഇപ്പോഴത്തെ ടീമിലെ എല്ലാവര്‍ക്കും 2026ലെ ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷേ മാറ്റങ്ങള്‍ ഉണ്ടാവണം.'' സ്‌കലോണി വ്യക്തമാക്കി.
