Asianet News MalayalamAsianet News Malayalam

ഗോൾവല കാക്കാൻ മലപ്പുറത്ത് നിന്നൊരു ചുണക്കുട്ടി; ക്രിസ്റ്റ്യാനോയുടെ സൗദി ക്ലബ്ബിൽ സെലക്ഷൻ നേടി മുഹമ്മദ് റാസിൻ

റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും പരിശീലനത്തിന് ഒപ്പമുണ്ട് എന്നതാണ് ത്രില്ലടിപ്പിക്കുന്ന മറ്റൊരു വിശേഷം.

malayali boy selected in saudi arabias al Nassr fc
Author
First Published Aug 31, 2024, 6:15 PM IST | Last Updated Aug 31, 2024, 6:15 PM IST

റിയാദ്: മലപ്പുറത്തെ കളിമൈതാനങ്ങളിൽ നിന്നൊരു കുട്ടി ഗോളി ഇനി സൗദിയിൽ ഗോൾവല കാക്കും. പാങ്ങിലെ എലഗൻസ് എഫ്.സി ജൂനിയർ ടീമിൽ ഗോൾ കീപ്പറായ മുഹമ്മദ് റാസിൻ എന്ന 12 വയസുകാരനാണ് തികച്ചും അപ്രതീക്ഷിതമായി സൗദിയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബായ അൽ നസ്റിന്‍റെ ഭാഗമാകാൻ തെരഞ്ഞെടുക്കപ്പെട്ടത്. ലോക സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ വിശ്വപ്രസിദ്ധിയാർജ്ജിച്ച അൽ നസ്ർ ക്ലബ്ബിന്‍റെ ജൂനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെയും റിയാദിലെ ക്ലബ് ആസ്ഥാനത്ത് പരിശീലനം തുടങ്ങിയതിെൻറയും ത്രില്ലിലാണ് ഈ ഏഴാം ക്ലാസുകാരൻ. 

റിയാദിൽനിന്ന് 130 കിലോമീറ്ററകലെ താദിഖ് എന്ന പട്ടണത്തിൽ പിതാവ് ഷാജഹാൻ അംഗമമായ യൂത്ത് ഇന്ത്യ ഫുട്ബോൾ ക്ലബ്ബും പ്രാദേശിക സൗദി ക്ലബ്ബും തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് റിയാദ് നാദി ക്ലബിലെ പരിശീലകനായ അബ്ദുല്ല സാലെഹ് എന്ന സൗദി പൗരൻ മുഹമ്മദ് റാസിന്‍റെ പ്രകടനം ശ്രദ്ധിക്കുന്നത്. നല്ല ഭാവിയുണ്ടെന്നും അൽ നസ്റിലെ സെലക്ഷനിൽ പങ്കെടുക്കണമെന്നും അദ്ദേഹം അവരെ നിർബന്ധിക്കുകയും തെൻറ റഫറൻസിൽ അങ്ങോട്ട് പറഞ്ഞുവിടുകയുമായിരുന്നു.

റിയാദ് ബദീഅയിലെ അൽ നസ്ർ ക്ലബ് ആസ്ഥാനത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ആഗ. 26) നടന്ന സെലക്ഷനിൽ പങ്കെടുത്തു. തുടർച്ചയായി മൂന്ന് ദിവസത്തെ സെലക്ഷൻ പ്രക്രിയയായിരുന്നു. തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ളവരോടൊപ്പമാണ് അവൻ മത്സരിച്ചത്. പക്ഷേ അവരെക്കാൾ മുമ്പേ മുഹമ്മദ് റാസിൻ സെലക്ട് ചെയ്യപ്പെട്ടു. വ്യാഴാഴ്ച മുതൽ പരിശീലനം ആരംഭിക്കുകയും ചെയ്തു. ആഴ്ചയിൽ അഞ്ച് ദിവസമാണ് പരിശീലനം. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകീട്ട് 6.30 വരെ. റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും പരിശീലനത്തിന് ഒപ്പമുണ്ട് എന്നതാണ് ത്രില്ലടിപ്പിക്കുന്ന മറ്റൊരു വിശേഷം.

ഫുട്ബോൾ കളിക്കാരനായ പിതാവിനോടൊപ്പം അഞ്ചാം വയസ് മുതൽ കളിമൈതാനിയിൽ എത്തിയതാണ് മുഹമ്മദ് റാസിൻ. സാമർഥ്യം ഏതിലാണെന്ന് തിരിച്ചറിഞ്ഞ പരിശീലകൻ ഗോൾമുഖത്തെ കാവൽഭടനാക്കി. ജനിച്ചത് റിയാദിലാണെങ്കിലും വളർന്നതും കളിമൈതാനങ്ങളിൽ മുതിർന്നതും മലപ്പുറത്താണ്. സ്വദേശമായ മലപ്പുറം പാങ്ങ് ചന്തപ്പറമ്പിലെ എഫ്.ആർ.സി എന്ന ക്ലബിലായിരുന്നു തുടക്കം. ഈ ക്ലബ്ബിെൻറ മുഖ്യഭാരവാഹിയും പ്രമുഖ ഇന്ത്യൻ ക്ലബ്ബായ മിനർവ പഞ്ചാബിെൻറ ഗോൾ കീപ്പർ കോച്ചും നാട്ടുകാരനുമായ ജിഷ്ണുവാണ് മുഹമ്മദ് റാസിനിലെ ഗോളിയെ കണ്ടെത്തുന്നത്. കുറച്ചുകാലം ആ ക്ലബ്ബിൽ കളിച്ചു. ശേഷം പാങ്ങിലുള്ള എലഗൻസിലായി.

നിലവിൽ മലപ്പുറം കോട്ടൂർ എ.കെ.എം സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. രണ്ട് വർഷം മുമ്പ് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരിക്കെ മിനർവ പഞ്ചാബിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2034ലെ ലോകകപ്പിന് വേണ്ടി ഒരുക്കുന്ന ടീമിലേക്കായിരുന്നു ആ സെലക്ഷൻ. ആറുമാസം അവിടെ പരിശീലനം നടത്തി. ശേഷം മടങ്ങി. അതിനിടെ സന്ദർശന വിസയിൽ കുടുംബാംഗങ്ങളോടൊപ്പം സൗദിയിൽ പിതാവിെൻറ അടുത്തേക്ക് വന്നു. അതാണിപ്പോൾ ഈ സുവർണാവസരത്തിലേക്കുള്ള വരവായത്. ഇനി സ്പോൺസർഷിപ്പുൾപ്പടെ എല്ലാം അൽ നസ്ർ ക്ലബിന് കീഴിലാകും. ഉടൻ തന്നെ കരാറൊപ്പിടും. സൗദി ഫുട്ബോൾ ക്ലബ്ബിൽ അംഗമാകുന്ന ആദ്യത്തെ മലയാളിയും ഒരുപക്ഷേ ആദ്യത്തെ ഇന്ത്യാക്കാരനുമായി മാറുകയാണ് ഈ മിടുക്കൻ.

Read Also -  വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മൂന്നുപതിറ്റാണ്ടായി സൗദിയിൽ പ്രവാസിയാണ് പിതാവ് ഷാജഹാൻ. ഏറെക്കാലം റിയാദിലായിരുന്ന അദ്ദേഹം ഇപ്പോൾ താദിഖ് പട്ടണത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തെ കുടുംബം റിയാദിൽ ഒപ്പമുണ്ടായിരുന്നു. മക്കളിൽ രണ്ടാമനായ മുഹമ്മദ് റാസിൻ റിയാദിലാണ് ജനിച്ചത്. അതാണ് അൽ നസ്റിലെ സെലക്ഷനിൽ പങ്കെടുക്കാനുള്ള ആദ്യ യോഗ്യതയായത്. സൗദിയിൽ ജനിക്കുന്ന വിദേശികൾക്ക് ഇവിടുത്തെ സ്പോർട്സ് ക്ലബുകളിൽ ചേരാൻ അനുമതിയുണ്ട്. റിയാദിൽ യൂത്ത് ഇന്ത്യ എഫ്.സി എന്ന ടീം രുപവത്കരിച്ചത് മുതൽ പിതാവ് ഷാജഹാൻ അതിൽ അംഗമാണ്. മൂത്ത സഹോദരൻ റബിൻ കോഴിക്കോട് കാർബൺ ക്ലാസസ് എന്ന സ്ഥാപനത്തിൽ പ്ലസ്വൺ വ്യദ്യാർഥിയാണ്. അനുജൻ മുഹമ്മദ് റയ്യാൻ ഒന്നാം ക്ലാസ് വിദ്യാർഥിയും. ഉമ്മ എ.വി. നസ്ല. 

(ഫോട്ടോ: മുഹമ്മദ് റാസിൻ റിയാദിലെ അൽ നസ്ർ ക്ലബ് ആസ്ഥാനത്ത് പരിശീലനത്തിനിടെ ക്രിസ്റ്റ്യാനോ ജൂനിയറിനൊപ്പം)
 

Latest Videos
Follow Us:
Download App:
  • android
  • ios