19-ാം മിനുട്ടിൽ ലഭിച്ച സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാമിന് മത്സരത്തിൽ ഒപ്പമെത്താൻ അവസരം ലഭിച്ചെങ്കിലും. എന്നാൽ സിറ്റിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനായില്ല.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി മറികടന്നത്. ഏർലിംഗ് ഹാളണ്ടിന്‍റെ ഹാട്രിക്ക് മികവിലായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. 10,30, 83 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്‍റെ ഗോളുകൾ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹാളണ്ട് ഹാട്രിക് നേടുന്നത്.

19-ാം മിനുട്ടിൽ ലഭിച്ച സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാമിന് മത്സരത്തിൽ ഒപ്പമെത്താൻ അവസരം ലഭിച്ചെങ്കിലും. എന്നാൽ സിറ്റിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനായില്ല. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് മാഞ്ചസ്റ്റർ സിറ്റി ഒമ്പത് പോയന്‍റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ്.

ആഴ്സണലിനെ പൂട്ടി ബ്രൈറ്റണ്‍

മറ്റൊരു മത്സരത്തിൽ കരുത്തരായ ആഴ്സണലിനെ ബ്രൈറ്റൺ സമനിലയിൽ തളച്ചു. ആഴ്സണലിന്‍റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 38- മിനുട്ടിൽ സാകയുടെ അസിസ്റ്റിൽ കൈ ഹാവേർട്സ് ആഴ്സണലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 49- ാം മിനുട്ടിൽ ഡെക്ലൻ റൈസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മുൻ ചാംപ്യന്മാർക്ക് തിരിച്ചടിയായി.

സ്പാനിഷ് ലീഗില്‍ ഗോളടിമേളവുമായി ബാഴ്സ, റയൽ വയ്യഡോളിഡിനെതിരെ 7 ഗോള്‍ ജയം, വിജയവഴി തേടി റയല്‍ ഇന്നിറങ്ങും

ആഴ്സണല്‍ 10 പേരായി ചുരുങ്ങിയതിന് പിന്നാലെ 58- മിനുട്ടിൽ ജോ പെഡ്രോയിലൂടെ ബ്രൈറ്റൺ സമനില ഗോൾ കണ്ടെത്തി. അവസാന സമയങ്ങളിൽ വിജയഗോളിനായി ബ്രൈറ്റൺ ആക്രമിച്ച് കളിച്ചെങ്കിലും ആഴ്സണല്‍ 10 പേരുമായി പൊരുതി നിന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 7 പോയന്‍റ് വീതമുള്ള ആഴ്സണലും ബ്രൈറ്റണും പോയന്‍റ് ടേബിളിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

ഇന്ന് വമ്പന്‍ പോരാട്ടം

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന വമ്പൻ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. യുണൈറ്റഡിന്‍റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. ഫുൾഹാമിനെതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും രണ്ടാം പോരിൽ ബ്രൈട്ടന് മുന്നിൽ യുണൈറ്റഡ് കീഴടങ്ങി. ആറ് പോയന്‍റുമായി ലിവർപൂൾ നാലാം സ്ഥാനത്തും 3 പോയന്‍റുള്ള യുണൈറ്റഡ് 13-ാം സ്ഥാനത്തുമാണ്. മറ്റൊരു മത്സരത്തിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ നേരിടും. വൈകിട്ട് 6 മണിക്കാണ് മത്സരം തുടങ്ങുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക