കഴിഞ്ഞ ദിവസം വന്‍ തോല്‍വിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടി വന്നത്.

മാഞ്ചസ്റ്റര്‍: പരിശീലകന്‍ ഒലേ സോള്‍ഷെയറെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United). മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഒലേ സോള്‍ഷെയറെ (Ole Gunnar Solskjaer) മാനേജര്‍ എന്ന തന്‍റെ പദവി വിടുകയാണ്, അദ്ദേഹത്തിന്‍റെ എല്ലാ സേവനങ്ങള്‍ക്കും നന്ദി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ട്വിറ്റര്‍ ഹാന്‍റിലിലെ സന്ദേശം പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജറായിരുന്നു ഒലേ സോള്‍ഷെയര്‍.

Scroll to load tweet…

കഴിഞ്ഞ ദിവസം വന്‍ തോല്‍വിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടേണ്ടി വന്നത്. വാറ്റ്‌ഫോർഡ് ഒന്നിനെതിരെ നാല് ഗോളിന് യുണൈറ്റഡിനെ തോൽപിച്ചു. ജോഷ്വ കിംഗ്, ഇസ്മയില സാര്‍ര്‍, യോവോ പെഡ്രോ, ഇമ്മാനുവൽ ബോണവെൻച്വർ എന്നിവരാണ് വാറ്റ്ഫോർഡിന്‍റെ ഗോളുകൾ നേടിയത്. ഇഞ്ചുറിടൈമിലാണ് വാറ്റ്ഫോർഡ് അവസാന രണ്ട് ഗോൾ വലയിലെത്തിച്ചത്. 

ഡോണി വാൻഡെ ബീക്ക് യുണൈറ്റഡിന്‍റെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ ചുവപ്പ് കാർഡ് കണ്ടതും യുണൈറ്റഡിന് തിരിച്ചടിയായി. ലീഗിൽ അവസാന ഏഴ് കളിയിൽ യുണൈറ്റഡിന്‍റെ അഞ്ചാം തോൽവിയാണ് നേരിട്ടത്. കഴിഞ്ഞ ആഴ്ച വരെ ഒലേയെ തല്‍ക്കാലം പുറത്താക്കുന്നില്ല എന്ന നിലപാടിലായിരുന്നു ക്ലബ്.

തങ്ങളുടെ പ്രധാന ശത്രുക്കളായ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും എതിരെ നാണംകെട്ട തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കം മുതിര്‍ന്ന താരങ്ങളുടെ മുറുമുറുപ്പ്. പരിശീലകനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി. ഇവയെല്ലാം വക വയ്ക്കാതെ ഒരാഴ്ച മാത്രമേ ക്ലബിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. ശനിയാഴ്ചത്തെ തോല്‍വി ഒലേയുടെ ഓള്‍ഡ് ട്രാന്‍സ്ഫോര്‍ഡിലെ ദിനങ്ങള്‍ക്ക് അന്ത്യം കുറിച്ചു.

ദേശീയ ടീമുകളിലേക്ക് കളിക്കാര്‍ മടങ്ങിപ്പോയ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടയില്‍ പരിശീലകനെ മാറ്റില്ലെന്ന് ക്ലോബ്ബിന്റെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‌വാര്‍ഡ് നേരത്തെ പറഞ്ഞിരുന്നെങ്കിലും തോല്‍വികള്‍ താങ്ങുന്നതിനപ്പുറമായി. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സോള്‍ഷെയറിന് തുണയായെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇപിഎല്‍ തോല്‍വികള്‍ അദ്ദേഹത്തിന്‍റെ സാധ്യതയില്ലാതാക്കി. ലെസ്റ്റര്‍ സിറ്റി പരിശീലകന്‍ ബ്രെണ്ടന്‍ റോഡ്‌ജേഴ്‌സിനെ യുണൈറ്റഡ് പ്രതിനിധികള്‍ സമീപിച്ചുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു.