Asianet News MalayalamAsianet News Malayalam

പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ നാട്ടങ്കം; യുനൈറ്റഡ് പ്രതിരോധത്തിന് പിടിച്ചുകെട്ടേണ്ടത് ഹാളണ്ടിനെ

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ നിരയിലുണ്ടായിരുന്നെങ്കിലും മികവിലേക്കുയരാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും ബെഞ്ചിലിരിക്കാനാണ് സാധ്യത. പരിക്ക് മാറി തിരിച്ചെത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കളിച്ചേക്കും.

Manchester United vs Manchester City EPL match preview
Author
First Published Oct 2, 2022, 10:31 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബി. യുണൈറ്റഡും സിറ്റിയും വൈകീട്ട് ആറരയ്ക്ക് ഇത്തിഹാദ് മൈതാനത്ത് ഏറ്റുമുട്ടും. മാഞ്ചസ്റ്റര്‍ ചുവപ്പോ നീലയോയെന്ന ചോദ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സിറ്റിയും ഒമ്പത് വര്‍ഷത്തെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാനിറങ്ങുന്ന യുണൈറ്റഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോരാട്ടം തീപാറും.

ലീഗില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ജയിച്ചാണ് യുണൈറ്റഡ് ഇത്തിഹാദിലേക്കെത്തുന്നത്. സ്വന്തം മണ്ണില്‍ കഴിഞ്ഞ ഏഴ് കളികളിലും ജയിച്ച ആത്മവിശ്വാസം സിറ്റിക്ക്. ഗോളടിയന്ത്രം ഏര്‍ളിംഗ് ഹാളണ്ടില്‍ തന്നെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതീക്ഷ. സീസണില്‍ സിറ്റിയുടെ 23 ഗോളുകളില്‍ 11ഉം നേടിയത് ഹാളണ്ടാണ്. റാഫേല്‍ വരാനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് സഖ്യത്തിന് ഹാളണ്ട് ഉയര്‍ത്തുന്ന വെല്ലുവിളിയേറ്റെടുക്കാനുള്ള കരുത്തുണ്ടെന്ന് യുണൈറ്റഡ് കരുതുന്നു.

വളഞ്ഞുപുളഞ്ഞ് വലയിലേക്ക്; പിഎസ്ജിക്കായി ആദ്യ ഫ്രീകിക്ക് ഗോളുമായി മെസി- വീഡിയോ കാണാം

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍ നിരയിലുണ്ടായിരുന്നെങ്കിലും മികവിലേക്കുയരാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്നും ബെഞ്ചിലിരിക്കാനാണ് സാധ്യത. പരിക്ക് മാറി തിരിച്ചെത്തിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കളിച്ചേക്കും. ആന്റണി മാര്‍ഷ്യലും ടീമിനൊപ്പം പരിശീലനം തുടരുന്നുണ്ട്. പരിക്കേറ്റ ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന് മത്സരം നഷ്ടമാകും. പ്രതിരോധമാണ് സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളയെയും അലട്ടുന്നത്. പരിക്കേറ്റ ജോണ്‍ സ്റ്റോണ്‍സ് കളിക്കില്ല.

കാല്‍വിന്‍ ഫിലിപ്‌സും ടീമിലില്ല. പോയമാസത്തെ മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന്റെ തിളക്കവുമായാണ് ടെന്‍ഹാഗ് എത്തുന്നത്. പെപ്പിന്റെ തന്ത്രങ്ങളെയും ഇത്തിഹാദ് മൈതാനത്തെ ആരവങ്ങളെയും നേരിടണം യുണൈറ്റഡിന്.

ചെല്‍സിക്ക് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ഏഴാം മിനിറ്റില്‍ ഒഡ്‌സോന്നെ എഡ്വേര്‍ഡിലൂടെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ ഔബമയങ് ചെല്‍സിയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെ കോണോര്‍ ഗല്ലാഗെര്‍ 90 മിനിറ്റില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടി. 

അതേസമയം, ബ്രൈറ്റണ്‍- ലിവര്‍പൂള്‍ മത്സരം 3-3 സമനിലയില്‍ അവസാനിച്ചു. ലിയാന്‍ഡ്രോ ട്രൊസാര്‍ഡിന്റെ ഹാട്രിക്കാണ് ബ്രൈറ്റണ്‍ സമനില സമ്മാനിച്ചത്. റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനായി രണ്ട് ഗോള്‍ നേടി. ആഡം വെബ്‌സ്റ്ററിന്റെ സെല്‍ഫ് ഗോളും ലിവര്‍പൂളിന് തുണയായി. രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷമാണ് ബ്രൈറ്റണ്‍ സമനില വഴങ്ങിയത്. 

റോഡ് സേഫ്റ്റി സീരീസ് ഫൈനല്‍: ശ്രീലങ്ക ലെജന്‍ഡ്സിനെ വീഴ്ത്തി ഇന്ത്യ ലെജന്‍ഡ്സിന് കീരിടം

മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാമിനെ 3-1ന് തോല്‍പ്പിച്ച് ആഴ്‌സനല്‍ ഒന്നാമതെത്തി. തോമസ് പാര്‍ട്ടി, ഗബ്രിയേല്‍ ജീസസ്, ഗ്രാനിറ്റ് സാഖ എന്നിവരാണ് ആഴ്‌സനലിന്റെ ഗോള്‍ നേടിയത്. ഹാരി കെയ്‌നിന്റെ വകയായിരുന്നു ടോട്ടന്‍ഹാമിന്റെ ആശ്വാസഗോള്‍. എട്ട് മത്സരങ്ങളില്‍ 21 പോയിന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. ഏഴ് മത്സരങ്ങളില്‍ 17 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതാണ്. എട്ട് മത്സരങ്ങളില്‍ 17 പോയിന്റുള്ള ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്താണ്.

Follow Us:
Download App:
  • android
  • ios