ഹെയ്തിക്ക് വലിയ സ്വാധീനമുള്ള ബോസ്റ്റണിൽ നടന്ന മത്സരമായിരുന്നിട്ടും ഗാലറി കൈയടക്കിയത് സ്‌കോട്ട്‌ലൻഡ് ആരാധകരായ 'ടാർട്ടൻ ആർമി'യായിരുന്നു.
ബോസ്റ്റൺ: നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് തിരിച്ചെത്തിയ സ്‌കോട്ട്‌ലൻഡിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌കോട്ട്‌ലൻഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ജോൺ മക്ഗിൻ നേടിയ ഗോളാണ് സ്കോട്ടിഷ് പടയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ജയത്തോടെ 3 പോയിന്‍റുമായി സ്‌കോട്ട്‌ലൻഡ് ബ്രസീലിനെയും മൊറോക്കോയെയും മറികടന്ന് ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ബ്രസീലും മൊറോക്കോയും സമനിലയില്‍ പിരിഞ്ഞിരുന്നു. 1998-ലെ ഫ്രാൻസ് ലോകകപ്പിന് ശേഷംആദ്യമായാണ് സ്‌കോട്ട്‌ലൻഡ് ലോകകപ്പ് ഫൈനൽസ് കളിക്കാനിറങ്ങുന്നത്.
കളി തുടങ്ങി 16-ാം മിനിറ്റിൽ സ്കോട്ട് മക്ടോമിനെയുടെ ഒരു തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചതോടെയാണ് കളി ചൂടുപിടിച്ചത്. ആദ്യ പകുതിയിലെ വാട്ടർ ബ്രേക്കിന് തൊട്ടുപിന്നാലെയാണ് മത്സരത്തിന്‍റെ ഗതി മാറ്റിയ ഗോൾ പിറന്നത്. ടോറിനോ സ്ട്രൈക്കർ ചെ ആഡംസ് നൽകിയ പന്ത് ബെൻ ഗാനൻ-ഡോക്ക് ബോക്സിലേക്ക് ക്രോസ്സ് ചെയ്തു. ആഡംസ് തൊടുത്ത ആദ്യ ഷോട്ട് ഹെയ്തി ഗോൾകീപ്പർ ജോണി പ്ലാസിഡ് തടുത്തിട്ടെങ്കിലും, റീബൗണ്ടിൽ നിന്ന് ജോൺ മക്ഗിൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഒരു സ്കോട്ടിഷ് പ്രതിരോധ താരം തട്ടിയ പന്ത് ഹെയ്തി ഡിഫെൻഡറുടെ കാലിൽ തട്ടിയാണ് ഗോളായി മാറിയത്. തുടർന്ന് തിരിച്ചടിക്കാൻ ഹെയ്തി മികച്ച ശ്രമങ്ങൾ നടത്തിയെങ്കിലും സ്കോട്ടിഷ് ഗോളി ആംഗസ് ഗണ്ണും പ്രതിരോധ താരം ആരോൺ ഹിക്കിയും ചേർന്ന് അതിനെയെല്ലാം പ്രതിരോധിച്ചു.
സ്റ്റേഡിയം കീഴടക്കി 'ടാർട്ടൻ ആർമി'
ഹെയ്തിക്ക് വലിയ സ്വാധീനമുള്ള ബോസ്റ്റണിൽ നടന്ന മത്സരമായിരുന്നിട്ടും ഗാലറി കൈയടക്കിയത് സ്‌കോട്ട്‌ലൻഡ് ആരാധകരായ 'ടാർട്ടൻ ആർമി'യായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള എവേ ജേഴ്‌സിയണിഞ്ഞ് പതിനായിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത്. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ വിഖ്യാത സ്കോട്ടിഷ് ഗാനമായ 'ലോക്ക് ലോമണ്ട്' പാടി അവർ സ്റ്റേഡിയത്തെ ആവേശക്കടലാക്കി മാറ്റിയിരുന്നു. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജയം സ്വന്തമാക്കാനായെങ്കിലും സ്‌കോട്ട്‌ലൻഡിന്റെ പ്രകടനം പൂർണ്ണമായി തൃപ്തികരമായിരുന്നില്ലെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിൽ ബ്രസീൽ, മൊറോക്കോ തുടങ്ങിയ വമ്പന്മാർ കാത്തിരിക്കുന്നുണ്ട് എന്നതിനാൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഈ കളിയിലെ പ്രകടനം മാത്രം പോരാതെ വരും. ഹെയ്തിയുടെ ഭാഗത്തുനിന്നുണ്ടായ ഫിനിഷിംഗിലെ പിഴവുകളാണ് പലപ്പോഴും സ്‌കോട്ട്‌ലൻഡിന് തുണയായത്.
