‘മെസ്സിയെ കാത്ത്’- ഷാഹുല്‍ഹമീദ്. കെ.ടി എഴുതിയ കഥ
മേയർ കൊലചെയ്യപ്പെട്ടിരിക്കുന്നു..!
മെസ്സിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും ഈ നഗരത്തിലേക്ക് കളിക്കാനായി കൊണ്ടുവരാൻ പുതിയ സ്പോൺസർമാർക്കൊപ്പം മ്യൂണിച്ചിലേക്കു പോവാനൊരുങ്ങുന്ന മേയർ, മെസ്സിയും സംഘവും ഈ മണ്ണിൽ ഡിസംബറിൽ തീർച്ചയായും കളിച്ചിരിക്കുമെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ച് കാറിലേക്കു നടക്കുമ്പോൾ, ഡിസംബർ എല്ലാവർഷവും ഉണ്ടല്ലോ. ഏതു വർഷം ഡിസംബറിലായിരിക്കും ആ കളിയെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ മേയർ രൂക്ഷമായി നോക്കി കാറിൽ കയറി. കാർ അല്പം മുന്നോട്ടുനീങ്ങിയയുടനെ മേയർക്കു വെടിയേറ്റു. രണ്ടുവെടിയുണ്ടകള്‍ നെറ്റിയിലൂടെ തുളച്ചുകയറി. അക്രമി ആളുകൾക്കിടയിലൂടെ ഇരുളിലേക്കോടിമറഞ്ഞു
അർദ്ധവളയാകൃതിയിൽ ഗ്രാമത്തെ തൊട്ടുകൊണ്ടാണ്, മലയിറങ്ങിവരുന്ന പുഴ പടിഞ്ഞാറൻകടലിലേക്കൊഴുകുന്നത്. കലങ്ങിമറിഞ്ഞൊഴുകുന്ന പുഴക്കുമുകളിൽ പരുന്തുകൾ ഏറെനേരമായി വട്ടമിട്ടുപറക്കുന്നു. ചിലവ താഴ്ന്നുപറന്ന് ഉയരുന്നു. കരയിൽനിന്ന്, വലയിലെ മീനുകളെ വേർപ്പെടുത്തുന്ന മുക്കുവർ അത് ശ്രദ്ധിക്കാതിരുന്നില്ല.വഞ്ചിയു മായി കരയിലേക്കു വരുന്നതിനിടയിൽ ഒരു ചത്തമീനിനെപ്പോലും പുഴയിലേക്കെറി ഞ്ഞിട്ടില്ല, പിന്നെ, പരുന്തുകളെന്താണ് ഉന്നംവെക്കുന്നതെന്ന സംശയം മുക്കുവർ പങ്കുവെച്ചു..! അവരിലൊരാൾ പുഴക്കരയിലെ മരത്തിലേക്കു വലിഞ്ഞുകയറി.പുഴയോളങ്ങളിലേക്കു സൂക്ഷിച്ചുനോക്കി. ഒരു പ്രേതം പുഴയിലൂടെ ഒഴുകി വരുന്നു..! പരുന്തുകൾ അതിനു ചുറ്റുമാണ് ചിറകടിച്ചു പറക്കുന്നത്. അയാൾ മറ്റുള്ളവരേയും വിളിച്ചു.അവർ മരത്തിലേക്കു പൊത്തിപ്പിടിച്ചു കയറി. നീലവരകളുള്ള ബനിയനും ജീൻസുമണിഞ്ഞ പ്രേതം ഇടക്കിടക്ക് ഓളങ്ങൾക്കുള്ളിൽ മറയുകയും ഉയരുകയും ചെയ്യുന്നു. അവരെല്ലാം മരത്തിൽനിന്ന് ചാടിയിറങ്ങി. വഞ്ചിയിൽകയറി.
മഴ വീണ്ടും പെയ്തു. വഞ്ചി പുഴയോളങ്ങളെ മറികടന്ന് മുന്നോട്ടു നീങ്ങി. അവർ തുഴഞ്ഞുതുഴഞ്ഞു പ്രേതത്തിനരികിലെത്തി. പരുന്തുകളെ ഒച്ചവെച്ചും പങ്കായംവീശിയും ഓടിച്ചു.പ്രേതം കമിഴ്ന്നാണ് കിടക്കുന്നത്.ഒരാൾ പങ്കായംകൊണ്ടതിനെ മറിച്ചിട്ടു. മഴപെയ്ത്തിലൂടെ അവരെല്ലാം അതിന്‍റെ മുഖത്തേക്കുറ്റുനോക്കി. ഒരാൾ പ്രേതത്തെ തിരിച്ചറിഞ്ഞു. "നമ്മടെ ഗ്രാമത്തിലെ പഴയകാല ഫുട്ബോളർ, പ്ലാംപാനിയാണല്ലോടാ, ഇത്..!" പ്രേതത്തെ വഞ്ചിയിലേക്കു കയറ്റാൻ അവർ പാടുപെട്ടു. വഞ്ചി കരയിലേക്കു നീങ്ങുമ്പോൾ മാനത്തേക്കുനോക്കി മലർന്നുകിടക്കുന്ന പ്ലാംപാനിയെക്കുറിച്ച് അയാൾ പറയാൻതുടങ്ങി. "പണ്ട്,നല്ല ഡ്രിബ്ലിങ്പാടവമുള്ള ഒരു കളിക്കാരനായിരുന്നു,ഇയാൾ. കളികൊണ്ട് ജീവി തം മെച്ചപ്പെടുത്താനൊന്നും ഇങ്ങേർക്കായില്ല.
നമ്മടെ മേയർ സൗഹൃദമത്സരത്തിനായി മെസ്സിയെ മാർച്ച്മാസത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചപ്പോൾ, മെസ്സി വരുന്നത് ആഘോഷമാക്കാൻ, ഇങ്ങേരും ഇങ്ങേരുടെ പഴയകാല ഫുട്ബോൾസുഹൃത്തുക്കളും മെസ്സിയുടെ കൂറ്റൻകട്ടൗട്ട് ഉയർത്താൻതീരുമാനിച്ചു. രാത്രിയിലും ഗ്രാമത്തിന്‍റെ പലഭാഗ ത്തുനിന്നും മെസ്സിയുടെ ചിരിക്കുന്ന മുഖം വർണ്ണപ്രകാശത്തിൽ കാണാൻകഴിയുന്ന കട്ടൗട്ട്.അതിനുള്ള പണത്തിനായി അവരെല്ലാം ഫുട്ബോൾടൂർണമെന്റ് സംഘടിപ്പിച്ചു" മഴയും മലവെള്ളത്തിന്‍റെ കുത്തൊഴുക്കും വഞ്ചിയുടെ വേഗംകുറച്ചു. "ഓ.. അതെനിക്ക് ഓർമ്മയുണ്ട്. കഴിഞ്ഞഫെബ്രവരിയിൽ. കളി ഞാനും കണ്ടിരുന്നു. നല്ല ജനത്തിരക്കുണ്ടായിരുന്നു.അവിടെയൊന്നും ഈ പ്ലാംപാനിയെ കണ്ടിരുന്നില്ലല്ലൊ?" മറ്റൊ രാള്‍ വെള്ളത്തിലേക്കു തുഴകുത്തി ചോദിച്ചു.
"ഇങ്ങേരായിരുന്നു അതിന്‍റെ കാര്യങ്ങളെല്ലാം നടത്തിയത്. പണത്തിന്‍റെ കൈകാര്യങ്ങളെല്ലാം ഇങ്ങേരുടെ സുഹൃത്തും ചെയ്തു. നല്ലൊരു സംഖ്യ കളിയിലൂടെ അവരുടെ കൈ കളിലെത്തി. അതിനിടയിൽ മേയറുംഅനുയായികളും മെസ്സിയുമായി കരാറൊപ്പിടാൻ സ്പെയിനിലേക്കും പോയി." "മേയറിപ്പോഴും മെസ്സിയുടെ പേരുംപറഞ്ഞ്, നമ്മുടെ നികുതിപ്പണവും വെട്ടിച്ച്, സ്പോൺസർമാരെ മാറ്റിമാറ്റി നാടുചുറ്റുകയല്ലെ..! അതിരിക്കട്ടെ, ഇങ്ങേർക്ക് പിന്നീടെന്തുണ്ടായി..?"
"തിരിച്ചുവന്ന മേയർ, മെസ്സി വരുന്ന ദിവസം പ്രഖ്യാപിച്ചപ്പോൾ ഇങ്ങേര് സുഹൃത്തിനെ ഫോണിൽവിളിച്ചു. കിട്ടിയില്ല. വീട്ടിലേക്കു ചെന്നപ്പോൾ അയാളവിടെ ഇല്ലായെന്ന് ഭാര്യ പറഞ്ഞു. മടങ്ങാനൊരുങ്ങിയ ഇങ്ങേര് വീടിനുപിറകിൽ അയാളുടെ ഷൂസുകൾ കണ്ടു.ഉടനെ,വാതിൽ ചവിട്ടിതുറന്നു,അയാളെ കഴുത്തിന് പിടിച്ച് പുറത്തേക്കിട്ടു. കട്ടൗട്ട് ഉണ്ടാക്കാൻ പണിക്കാർക്ക് പണംകൊടുക്കാൻ പറഞ്ഞു. അപ്പോഴാണ് അയാൾ കാര്യം പറയുന്നത്...!" വഞ്ചി പുഴമദ്ധ്യത്തിൽ ഉലഞ്ഞു. "എന്താണുണ്ടായതെടാ..?" "ടൂർണമെൻറിലൂടെ കിട്ടിയ പണം അയാൾ, മകന് വിദേശജോലി ശരിയാക്കിക്കൊടുത്ത ഏജൻറിന് കൈമാറിയിരുന്നു. ഇങ്ങേര് അയാളെ വീട്ടുമുറ്റത്തിട്ട് പെടച്ചു. കട്ടൗട്ട്പണി തുടങ്ങാൻ ഭാര്യയുടെമാല ഊരിത്തരണമെന്നും നാട്ടുകാരുടെ മുൻപിൽ അപമാനിതനാവാൻ കഴിയില്ലെന്നും പറഞ്ഞു. ആ സമയത്താണ് മീൻവിറ്റുകൊണ്ട് ഞാനവിടെയെത്തുന്നത്. അയൽക്കാരെല്ലാം ഓടിയെത്തി. ഞങ്ങളെല്ലാം ഇങ്ങേരെ പിടിച്ചുമാറ്റാൻ ശ്രമി ച്ചു.കഴിഞ്ഞില്ല. അതിനിടയിലേക്കാണ് അയൽപക്കത്തെ പെൺകുട്ടി ഫോണുമായി ഓടി വരുന്നത്.അവൾ ഫോൺ എല്ലാവരെയും കാണിച്ചു". "എന്തായിരുന്നെടാ ഫോണിൽ..?"
"ഫിഫ നിലവാരമില്ലാത്ത നഗരത്തിലെ സ്റ്റേഡിയത്തിൽ കളിക്കാൻ മെസ്സി വരില്ല എന്നായിരുന്നു ഫോണിലെ വാർത്ത..!" "എന്നിട്ടും ഇങ്ങേരുണ്ടോ പിൻമാറുന്നു.സ്വർണ്ണമാല ഊരിത്തരാൻപറഞ്ഞ് അയാളുടെ കൊല്ലിയിൽ അമർത്തി. ഭാര്യ ഇങ്ങേരുടെ കാൽക്കൽവീണുപറഞ്ഞു:മെസ്സി ഈഅടുത്തൊന്നും വരില്ലല്ലോ, വരുമ്പോൾ കട്ടൗട്ട് ഉണ്ടാക്കിയാൽ പോരേ.? വിദേശത്തേക്ക് പണിക്കു പോയ എന്‍റെ മകന്‍റെ രണ്ടുമാസത്തെശമ്പളം ഞാൻ നിങ്ങൾക്ക് തരാം, അതുമതിയാവും കട്ടൗട്ടുണ്ടാക്കാൻ.ഇങ്ങേര് ഭാര്യയെ നോക്കി അനക്കമറ്റുനിന്നു. അയാളുടെ കൊല്ലിയിൽ നിന്ന് കൈകളെടുത്തു,വീട്ടിൽനിന്ന് നടന്നു". അവർ മഴയിലൂടെ വഞ്ചി കരയിലേക്കടുപ്പിച്ചു. പുല്ലുകൾക്കിടയിലേക്കു ചാടിയിറങ്ങി. വഞ്ചിയുടെ കയർ മരക്കുറ്റിയിൽ കെട്ടിവെച്ചു. "മെസ്സിയുടെവരവിനിടയിൽ ഇങ്ങനെയൊരു സംഭവവും നടന്നുവല്ലേ..! മാർച്ചിൽ അർജ ൻറീനായിൽനിന്ന്പുറപ്പെട്ട മെസ്സി ജൂണ്‍മാസമായിട്ടുംഇങ്ങെത്തിയില്ലല്ലൊ,സഖാക്കളെ.!” അവരെല്ലാം പ്രേതത്തെ വഞ്ചിയിൽനിന്നിറക്കി. പുല്ലിൽ കിടത്തി. ഫോൺ മാറിമാറി വിളിച്ചിട്ടും വാഹനങ്ങളൊന്നും കിട്ടിയില്ല. മഴ പ്രേതത്തെ നനച്ചുകൊണ്ടിരുന്നു...
കാട്ടിൽനിന്ന് മരംകയറ്റി വരുന്ന ലോറി പുഴയോരത്തുകൂടെ പോവുന്നതു കണ്ട് അവരെല്ലാം റോഡിലേക്കു വേഗംനടന്നു.കൈകാണിച്ച് ലോറി നിർത്തി. ഡ്രൈവറോടു സംസാ രിച്ചു.മഴയുടെ ശക്തി കുറയുന്നുണ്ടായിരുന്നു. ഡ്രൈവർ അനുവാദംതന്നയുടനെ അവരെല്ലാം പ്രേതത്തെയെടുത്ത് ലോറിയിലേക്കുകൊണ്ടുവന്നു. മരത്തടികളിലിരിക്കുന്ന പണിക്കാരിൽ ചിലർ അവരെ സഹായിച്ചു. എല്ലാവരും ചേർന്ന്, ലോറിക്കു പിറകിൽ അട്ടിയിട്ടമരങ്ങൾക്കരികിൽ പ്രേതത്തെ ചെരിച്ചുകിടത്തി.
മരത്തടികളിലിരിക്കുന്ന പണിക്കാർ തലതാഴ്ത്തി പ്രേതത്തെ നോക്കി. ലോറി മലഞ്ചെരി വിറങ്ങാൻ തുടങ്ങി. കാട്ടിനുള്ളിലെ തണുപ്പിൽ അവരെല്ലാം കോറിപിടിച്ചിരുന്നു.സിഗര റ്റ്പാക്കറ്റ് കൈമാറിയ മരപ്പണിക്കാർ ഓരോരോ സിഗരറ്റുകളെടുത്ത് ചുണ്ടുകളിൽവെച്ച് തീപ്പെട്ടി ഉരച്ചു, തീകൊടുത്തു. ഇറക്കത്തിൽവെച്ച്, പൊടുന്നനെ, ബ്രേക്കിട്ടപ്പോഴാണ് ചെരിഞ്ഞുകിടക്കുന്ന പ്രേതം മലർന്നത്. തുറിച്ചകണ്ണുകളുമായി മാനത്തെനോക്കി കിടക്കുന്ന പ്രേതത്തെ മരപ്പണിക്കാർ ഉറ്റുനോക്കി.
"പ്ലാംപാനിച്ചേട്ടൻ..!" ഒരുവൻപറഞ്ഞു. "ടാ,നോക്കടാ. മ്മടെ പ്ലാംപാനിച്ചേട്ടനല്ലേ,ഇത്..!” അടുത്തിരിക്കുന്നവനെ തോണ്ടിവിളിച്ച് സിഗരറ്റ് വലിച്ചെറിഞ്ഞു. "ന്‍റെ കർത്താവേ, പ്ലാംപാനിച്ചേട്ടനിതെന്നാപറ്റി..!" അവനും സിഗരറ്റും വലിച്ചെറിഞ്ഞ് മരത്തടിയിൽനിന്ന് താഴെയിറങ്ങി. പ്രേതത്തിനരികിലിരുന്ന് തലചൊറിഞ്ഞു.ലോറി വേഗത്തിൽ പാഞ്ഞു. "മക്കളെ, നിങ്ങൾക്കിയാളെ അറിയാമോ..?" മരത്തടിയിരിക്കുന്ന വൃദ്ധൻ പുകയൂതിവിട്ട് ചോദിച്ചു.
"ഞങ്ങട കോച്ചാ, ഈ കെടക്കണേ..!" “പന്ത്തട്ടാൻ പഠിപ്പിച്ച ഇതിയാൻ കുറേക്കാലം ഇതിയാന്‍റെ ക്ലബ്ബിലും ഞങ്ങളെ കളിപ്പി ച്ചിട്ടുണ്ട്.” "ഇങ്ങേരെ വീട് എവിടെയാടാ..?" "പണ്ട്, ഇതിയാൻ പോലീസ് സ്റ്റേഷനടുത്താണ് താമസിച്ചിരുന്നത്.രണ്ടുപെൺമക്കളെ കെട്ടി ക്കാൻ ആ വീട് വിറ്റു. എളയമകന്‍റെ കാര്യം പറയാതിരിക്കുന്നതാ നല്ലത്..! ഇപ്പൊ, കൂമ്പൻമലഭാഗത്താണ് താമസം." ലോറി പട്ടണത്തിലെ ആശുപത്രി ലക്ഷ്യംവെച്ചു പാ ഞ്ഞു. “കഴിഞ്ഞലോകകപ്പിൽ അർജൻറീന കപ്പടിച്ചപ്പോൾ, ഞങ്ങൾ, ക്ലബ്ബംഗങ്ങളെല്ലാം ആഹ്ലാദ പ്രകടനംനടത്തി.എല്ലാ തലതിരിഞ്ഞവന്മാരും അക്കൂട്ടത്തിലുണ്ടായിരുന്നു.കൊട്ടും പാട്ടും പടക്കമേറും പൂത്തിരിയും കത്തിച്ചുകൊണ്ടുളള യാത്രയിൽ ബ്രസീൽആരാധകരുടെ കൊ ടികളും ബാനറുകളും വലിച്ചുകീറി. പ്ലാംപാനിച്ചേട്ടൻ എല്ലാറ്റിനേയും ഒതുക്കിനിർത്താൻ പാടുപെടുന്നുണ്ടായിരുന്നു.മരപ്പാലംകഴിഞ്ഞയുടനെയുള്ള വീട്ടിൽവെച്ചാണ് ആ സംഭവം നടക്കുന്നത്...!”
"എന്താണ്ടായെടാ..?" ലോറി പട്ടണത്തിലെ വാഹനങ്ങൾക്കിടയിലൂടെ ഹോൺ മുഴക്കി പോവുന്നു. "ഒരു കുരുത്തംകെട്ടവൻ എറിഞ്ഞ പടക്കം വീട്ടുമുറ്റത്തേക്ക് തെറിച്ചു. അവിടെ ഒരു കൊച്ച് കളിക്കുന്നുണ്ടായിരുന്നു. അതിന്‍റെ കാൽച്ചോട്ടിൽവെച്ചങ്ങ് പടക്കംപൊട്ടി, കാല് മൊത്തമങ്ങ് പൊള്ളി. "എന്നിട്ട്..?" "പ്ലാംപാനിച്ചേട്ടൻ എല്ലാ നെറികെട്ടവന്മാരെയും ആട്ടിയോടിച്ച്, ആഘോഷവും നിർത്തി വെച്ച്,കൊച്ചിനേയുമെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു.അവിടെനിന്ന് മെഡിക്കൽകോ ളേജിലേക്കും കൊണ്ടുപോയി. അന്ന്, മൂന്നാല് സ്ഥലങ്ങളിൽ ഞങ്ങട ക്ലബ്ബ് കളിക്കുന്നു ണ്ടായിരുന്നു.ഒറ്റകളിക്കാരനും പ്ലാംപാനിച്ചേട്ടൻ കളിപ്പണം നൽകിയില്ല. ടൂർണ്ണമെൻറ് കമ്മിറ്റിക്കാർ തന്ന പണം മുഴുവൻ കൊച്ചിന്‍റെ ചികിത്സക്കായി എടുത്തു. അതിനെടയി ലാണ് ചേട്ടന്‍റെ ഇളയമകനെ കാണാതാവുന്നത്. ഭാര്യ വിളിച്ചു പറഞ്ഞിട്ടും ചേട്ടൻ മെഡിക്കൽകോളേജിൽനിന്ന് നാട്ടിലേക്ക് വന്നില്ല."
"അന്ന്,ഞങ്ങട ക്ലബ്ബ് ഫൈനലിലെത്തിയ സ്ഥലത്തേക്ക് പ്ലാംപാനിച്ചേട്ടൻ ഓടിവന്നു,കേട്ടോ. ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങി. അതുകൊണ്ട് ആ കപ്പ് ഞങ്ങളടിച്ചു. സമ്മാനത്തുകയിൽ മുക്കാൽഭാഗവും കൊച്ചിന്‍റെ അപ്പന് കൊടുത്തു. ബാക്കി, കളിക്കാർക്ക് പങ്കിട്ട് തന്നു." ലോറി ആശുപത്രിക്കവാടം കടന്ന്, അകത്തേക്കുകയറി. ഇരുട്ടുനിറഞ്ഞവഴിയിലൂ ടെനീങ്ങി, വെളിച്ചംചിതറുന്ന അത്യാഹിതവിഭാഗത്തിനുമുൻപിൽ നിന്നു. ആശുപത്രി ജീ വനക്കാർ സ്ട്രെച്ചറുമായിവന്നു. എല്ലാവരുംചേർന്ന് പ്രേതത്തെ സ്ട്രെച്ചറിലേക്കു കിടത്തി, ആശുപത്രിക്കകത്തേക്കു കൊണ്ടുപോയി.
ഡോക്ടർമാർ മരണംസ്ഥിരീകരിച്ച്, പ്രേതത്തെ മോർച്ചറിയിലേക്കു മാറ്റാൻ നിർദ്ദേശം നൽകി.ആശുപത്രിജീവനക്കാർ സ്ട്രെച്ചർ പുറത്തേക്കുതള്ളി,പിറകുവശത്തെ മോർച്ചറി യിലേക്കു പ്രേതവുമായി നീങ്ങി.ലോറിയിലെ മരപ്പണിക്കാരെല്ലാം ആശുപത്രിക്കുമുൻവ ശത്തുനിൽപ്പുണ്ടായിരുന്നു. അവർ ഫോണിലൂടെ മരണവിവരം പലരേയും അറിയിക്കു ന്നുമുണ്ടായിരുന്നു. ഇരുവശത്തും മരങ്ങൾതിങ്ങിയവഴിയിലെ ഇരുളിലൂടെ ആശുപത്രി ജീവനക്കാർ പ്രേതവുമായി നീങ്ങുന്നത് മരപ്പണിക്കാർ നോക്കി.അകലെ,മോർച്ചറി എ ന്നെഴുതിയ ചുമന്നബോർഡ് പ്രകാശിക്കുന്നു.
"ഇത് പഴയൊരു പന്ത്കളിക്കാരനാടാ...!" സ്ട്രെച്ചർ തള്ളുന്നതിനിടയിൽ ആശുപത്രിജീവനക്കാരൻ സഹപ്രവർത്തകനോടു പറഞ്ഞു. "നീയറിയോ,ആളെ..?" എന്‍റെ അമ്മാവനും ഇയാളും കൂട്ടുകാരായിരുന്നു.അവരൊരുമിച്ച് പലസ്ഥലങ്ങളിലുംക ളിച്ചിട്ടുണ്ട്.നമ്മുടെ മേയർ, നഗരത്തിലെ സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്ക് പുതുക്കിപ്പണിയുമെന്നും ജൂലൈമാസത്തിൽ മെസ്സിയെ കൊണ്ടുവരാമെന്നും പറഞ്ഞിരുന്നില്ലേ ..?" "സ്റ്റേഡിയംപണി മൊത്തം ഉഡായിപ്പായിരുന്നു. മേയറുടെ സ്വന്തക്കാരനായ കോൺട്രാക്ടർ കുറേപണം വെട്ടിച്ചു. അതിലൊരു പങ്ക് മേയ…" "അതെല്ലാവർക്കുമറിയാമല്ലോ. അന്ന്, മെസ്സി വരുമ്പോൾ നേരില്‍കാണാൻ എന്‍റെ അമ്മാവനും അതിയാന്‍റെ വിദേശത്തുള്ളകൂട്ടുകാരും ഒരുങ്ങി. കാര്യങ്ങളെല്ലാം നടത്താൻ അമ്മാവൻ ഇയാളെയാണ് ഏൽപ്പിച്ചത്. " "ഇയാൾക്കതിലെന്തായിരുന്നു, റോൾ..?" "ജൂലൈയിലെ ആ കളി നടക്കുന്ന ഗ്രൗണ്ടിനടുത്ത് ഹോട്ടൽ ബുക്ക് ചെയ്യണം. ഞങ്ങട നാട്ടിൽനിന്ന് എല്ലാവരെയും ഏ.സി.ബസിൽ ആ ഹോട്ടലിലെത്തിക്കണം.
ഫുട്ബോൾ അസോ സിയേഷനുമായി ബന്ധപ്പെട്ട് കുറഞ്ഞനിരക്കിൽ ടിക്കറ്റെടുക്കണം.ഇനി കളികാണാൻ കഴിഞ്ഞില്ലെങ്കിൽ, മെസ്സിയുടെ റോഡ്ഷോ അരികിൽനിന്ന് കാണാനുള്ള അവസരമൊരുക്കണം". "അമ്മാവനും ഞാനുമാണ് കാര്യങ്ങളെല്ലാം പറയാൻ ഇയാളെ കാണാൻപോയത്.ആദ്യമേ ഒഴിഞ്ഞുമാറിയ ഇയാൾ, മേയർ ഈ പരിപാടിയും പറഞ്ഞ് പണംതട്ടുകയാണെ ന്നും, ആദ്യം ഇവിടത്തെ ഓരോ ഗ്രൗണ്ടുകളുമാണ് കളിയോഗ്യമാക്കേണ്ടതെന്നും വാദിച്ചു. അമ്മാവന്‍റെ വിദേശത്തുള്ള സുഹൃത്തുക്കൾ ഇയാളുമായി വീഡിയോകോളിൽ സംസാരിച്ചു, അവരെല്ലാം ഇയാൾക്കൊപ്പം പലടീമുകളിലും കളിച്ചവരായിരുന്നു. അവ രുടെയെല്ലാം നിർബന്ധത്തിനു വഴങ്ങിയാണ് ഇയാൾ കാര്യങ്ങളെല്ലാം ചെയ്യാമെന്ന് അറി യിച്ചത്. "അവർ മോർച്ചറിയുടെ മുൻവശത്തെത്തി. ലൈറ്റുകളുടെ സ്വിച്ചുകൾ ഇട്ടു. വാ തിൽ തുറക്കാൻ താക്കോലെടുത്തു. "മെസ്സി ലവേഴ്സ് എന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ് അവരുണ്ടാക്കി.പണത്തിന്‍റെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ താൻ തന്നെ ചെയ്തോളാം എന്ന് ഇയാൾ പറഞ്ഞു. ഹോട്ടൽ ബുക്ക്ചെയ്യാനും ബസ് ബുക്ക്ചെയ്യാനുമുള്ള പണം വിദേശത്തുനിന്ന് ഇയാളുടെ അക്കൗ ണ്ടിലെത്തി.അതിനിടയിൽ മെസ്സിയുടെ റോഡ്ഷോയുടെവിവരങ്ങൾ മേയർ പുറത്തുവി ട്ടു.അതറിഞ്ഞയുടനെ റോഡ്ഷോ കടന്നുപോവുന്ന നഗരത്തിലെ പ്രധാനസ്ഥലത്തെ ഹോ ട്ടൽ ബുക്ക്ചെയ്യാനും കളിയുടെ ടിക്കറ്റ് ചുരുങ്ങിയവിലയിൽ എടുക്കാനും നഗരത്തിലെ ഫുട്ബോൾസുഹൃത്തുക്കളുമായി ബന്ധപ്പെട്ടശേഷം ഇയാൾ അമ്മാവനെയും കൂട്ടി നഗരത്തിലേക്കുപോയി, ഞാനും അവരുടെ കൂടെയുണ്ടായിരുന്നു." മോർച്ചറിയിലെഫ്രീസറിന്‍റെ വാതിൽ അവർ തുറന്നു. തണുത്തപുക മുഖത്തേക്കു വന്നു. ഫ്രീസർനുള്ളിലെ സ്ട്രെച്ചറി ലേക്ക് പ്രേതത്തെ മാറ്റിക്കിടത്തി,വാതിലടച്ചു. "ഹോട്ടൽബുക്ക്ചെയ്യാനായിഅഡ്വാൻസ്പെയ്മെൻറ് നടത്തുമ്പോഴാണ് ഇയാളുടെ ബാ ങ്ക്അക്കൗണ്ട് സീറോബാലൻസ് കാണിക്കുന്നത്..! ഇയാൾ നെഞ്ചത്ത് കൈവെച്ച് നിലത്തി രുന്നു..!" “എന്തുപറ്റി..?”
"ഞങ്ങൾ വേഗം ഇയാളുടെ വീട്ടിലേക്ക് മടങ്ങി. ഭാര്യയെ ഇയാൾ ചോദ്യംചെയ്തു. പണമൊന്നും എടുത്തിട്ടില്ലായെന്ന് ആ സ്ത്രീ കരഞ്ഞു പറഞ്ഞു. അലമാറയിൽ വിസാകാർഡ് തിരഞ്ഞു. അതവിടെ ഉണ്ടായിരുന്നില്ല. ആ വീട് മുഴുവൻ ഞങ്ങൾ അരിച്ചു പെറുക്കി, കിട്ടിയില്ല. ഇയാൾ ഇളയമകനെ വിളിക്കാൻ പറഞ്ഞു. അവൻ മൂന്നുദിവസം മുമ്പ് ഇവിടെനിന്ന് പോയതാണെന്ന് ഭാര്യ പറഞ്ഞു. ഫോൺവിളിച്ചപ്പോൾ സ്വിച്ച്ഓഫും.!" അവർ മോർച്ചറിവാതിലടച്ചു.താക്കോലെടുത്തു പൂട്ടി. സിഗരറ്റിനു തീകൊളുത്തി മരച്ചു വട്ടിൽനിന്നു. "അന്വേഷിച്ചന്വേഷിച്ച് മകനെ ഞങ്ങൾ കണ്ടെത്തി. അവനൊരു ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഞങ്ങളവിടെയെത്തിയപ്പോഴാണ് മകന്‍റെ സുഹൃത്ത് വിവരംപറയുന്നത്..!"
"മകനെനെന്തുപറ്റിയെടാ..?" "അവർ ട്രാൻസ്ജെൻഡേഴ്സ് ആയിരുന്നു. അവർക്ക് വിവാഹംകഴിക്കാൻ ഇളയമകൻ ലിംഗമാറ്റശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നു. പണംതികയാത്തതിനാൽ ഇയാളുടെ അക്കൗണ്ടിലെ പണം... മകൻ ശസ്ത്രക്രിയകഴിഞ്ഞ് ഐ.സി.യുവിലാണെന്ന് കൂട്ടുകാരൻ പറഞ്ഞു. ഇയാൾ അവിടെയിട്ട് മകന്‍റെ കൂട്ടുകാരനെ തല്ലി. ഞങ്ങൾ പിടിച്ചുമാറ്റിയിട്ടും അടിനിർത്തിയില്ല. ആളുകൾ ഓടിക്കൂടി. അതിനിടയിൽ ടി.വിയിലെ വാർത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ ഇയാളൊന്ന് അടങ്ങി."
"വാർത്തയെന്തായിരുന്നു.?" ജൂലൈ മാസത്തെ, മെസ്സിയുടെയും ടീമിന്‍റെയും മത്സരങ്ങളെല്ലാം ആഫ്രിക്കയിലായിരിക്കു മെന്ന അർജൻറീനഫുട്ബോൾ അസോസിയേഷന്‍റെ അറിയിപ്പായിരുന്നു,അത്..!" അവർ മോർച്ചറിവാതിൽ പൂട്ടുമ്പോൾ, അകലെനിന്ന് നീലലൈറ്റ് മിന്നുന്നതു കണ്ടു. അതൊരു ജീപ്പാണ്.മോർച്ചറിക്കരികിലേക്കാണ് വരുന്നത്. പോലീസ്ജീപ്പാണെന്ന് തിരിച്ചറിഞ്ഞയുടനെ അവർ സിഗരറ്റുകൾ നിലത്തിട്ടു.പോലീസു കാർ ജീപ്പിൽനിന്നിറങ്ങി. മോർച്ചറിവാതിൽ തുറക്കാൻ പറഞ്ഞു. ഫ്രീസറിൽനിന്ന് പ്രേതത്തെ പുറത്തെടുത്തു. പ്രേതപരിശോധനനടത്തുന്ന മുറിയിലേക്കുമാറ്റി. പോലീസുകാർ ഗ്ലൗസുകളണിഞ്ഞു. പ്രേതത്തിന്‍റെ വസ്ത്രങ്ങളെല്ലാം അഴിക്കാൻതുടങ്ങി. അടിവസ്ത്രം അഴിച്ചുമാറ്റുന്നതിനിടയിൽ ഒരു കൈത്തോക്ക് നിലത്തേക്കുവീണു. പോലീസുകാരൻ തോക്കെടുത്ത് തിരിച്ചുംമറിച്ചും നോക്കി, തോക്കിന്‍റെ സിലിണ്ടർ തള്ളിത്തുറന്നു, രണ്ടുവെടിയുണ്ടകൾ നഷ്ടപ്പെട്ടതായി കണ്ടു...!



