പരിക്കുമൂലം ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീൽതാരം നെയ്മർ കളിക്കില്ല. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ താരം ഉണ്ടാകില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.

ന്യൂജഴ്‌സി: വേൾഡ്കപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് വേണ്ടി നെയ്മർ കളത്തിലിറങ്ങില്ല. മൊറോക്കോയുമായുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരിക്കിൽ നിന്നും മോചിതനാവാത്ത താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. നെയ്മർക്ക് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടമാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30 നാണ് മത്സരം. പ്രതിഭാധാരാളിത്തം ഒരുകാലത്തും കുറവില്ലാതിരുന്ന ടീമാണ് ബ്രസീൽ. ഒരൊറ്റ താരത്തെ മുൻനിർത്തിയല്ലാതെ എല്ലാ പൊസിഷനുകളിലും മികച്ച താരങ്ങളെ അണിനിരത്താൻ കാലങ്ങളോളം ബ്രസീലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും നെയ്മർ എന്ന താരത്തെ മുൻനിർത്തിയാണ് ടീം തന്ത്രങ്ങൾ മെനഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നെയ്മറില്ലാതെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ എന്താവും മത്സരഫലമെന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2014 ൽ മിന്നും ഫോമിൽ കളിച്ചിരുന്ന നെയ്മർക്ക് കൊളംബിയയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റത് ടീമിനെ ഒന്നാകെ ബാധിച്ചിരുന്നു. കൊളംബിയയെ തോൽപിച്ചു ടീം സെമിയിൽ എത്തിയെങ്കിലും ജർമനിയോട് ഏഴ് ഗോളിന് തോൽക്കാനായിരുന്നു അന്നത്തെ ബ്രസീലിന്റെ വിധി. 2018 ൽ ക്വർട്ടറിൽ ബെൽജിയത്തോട് പൊരുതി തോറ്റു. 2022 ൽ വീണ്ടും ക്വാർട്ടർ ദുരന്തരം ബ്രസീലിനെ തേടിയെത്തി. നെയ്മറിന്റെ ഒറ്റയാൻ മികവിൽ ക്രൊയേഷ്യയോട് മുന്നിട്ട് നിന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ വില്ലനാവുകയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ടീം പുറത്താവുകയും ചെയ്തു.

ഇത്തവണ ടീം പ്രഖ്യാപിച്ചപ്പോൾ നെയ്മർ ടീമിലുണ്ട് എന്നത് തന്നെ ആരാധകർക്ക് നൽകിയ പ്രതീക്ഷകൾ ചെറുതല്ല. നിരന്തരമായ പരിക്കുകൾ നെയ്മറിന്റെ പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചുട്ടുണ്ടെങ്കിലും നെയ്മർ എന്ന താരം ടീമിന് ഒന്നടങ്കം നൽകുന്ന വിന്നിങ് മെന്റാലിറ്റി ചെറുതല്ല. എന്നാൽ ഗ്രൂപ്പ് ഘട്ടം തുടങ്ങുന്നതിന് തൊട്ടുമുൻപ് വന്ന പരിക്ക് വീണ്ടും ആരാധകരെയും ടീമിനെയും ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്തായാലും ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാൽ താരത്തെ വീണ്ടും കളത്തിൽ കാണാൻ ആവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം പരിശീലകൻ കാർലോ ആഞ്ചലോട്ടിയിൽ തന്നെയാണ് ബ്രസീലിന്റെ പ്രതീക്ഷ. മുന്നേറ്റ നിരയിൽ റാഫിഞ്ഞ, വിനീഷ്യസ്, കുന്യ ത്രയം ക്ലബ് തലത്തിലെ ഫോം തുടർന്നാൽ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാവും. ഇഗോർ തിയാഗോയും യുവതാരം എൻട്രിക്കും പ്രതീക്ഷകളാണ്. മധ്യനിരയിൽ തിളങ്ങാൻ കസമിറോയും ബ്രൂണോ ഗുയിമെറസും ലൂക്കസ് പക്വേറ്റയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പ്രതിരോധനിരയിലെ ബ്രസീലിന്റെ സമീപകാലങ്ങളിലെ തലവേദന മാർക്വിനസും ഗബ്രിയേലും ആവർത്തിക്കില്ലെന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.

അതേസമയം മിന്നും ഫോമിലാണ് മൊറോക്കോ. ഇത്തവണത്തെ ടൂർണമെന്റിലെ കറുത്ത കുതിരകളാവാൻ തന്നെയാണ് മൊറോക്കോയുടെ വരവ്. ഫുൾ ബാക്കും ക്യാപ്റ്റനുമായ അഷ്‌റഫ് ഹക്കിമിയിലും മുന്നേറ്റ നിരയിൽ ബ്രാഹിം ഡിയാസിലുമാണ് ടീം പ്രതീക്ഷവയ്ക്കുന്നതെങ്കിലും കഴിഞ്ഞ വേൾഡ്കപ്പിലെ പോലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിലൂടെ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇത് മൂന്നാം തവണയാണ് ബ്രസീലും മൊറോക്കയും നേരിട്ടുവരുന്നത്. നേരത്തെ 2002 ലോകകപ്പിൽ 2 ഗോളുകൾക്ക് ബ്രസീലിനായിരുന്നു ജയമെങ്കിൽ മൂന്ന് വർഷം മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിനെ മൊറോക്കോ അട്ടിമറിച്ചിരുന്നു.

YouTube video player