രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധ്രുവ് ജുറെലിന് നേരെ ആണ് അശോക് ശര്‍മ 154.2വേഗതയില്‍ യോർക്കർ എറിഞ്ഞ് ഞെട്ടിച്ചത്.
മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ തുടർച്ചയായ തോൽവികളോടെ ഫൈനല്‍ സാധ്യതകള്‍ തുലാസിലായ ഇന്ത്യ എ ടീമിലേക്ക് പുതിയൊരു പേസറെ കൂടി ഉള്‍പ്പെടുത്തി ബിസിസിഐ. ഐപിഎല്ലില്‍ അതിവേഗം കൊണ്ട് ഞെട്ടിച്ച ഗുജറാത്ത് ടൈറ്റൻസ് താരം അശോക് ശർമ്മയെ ആണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി വെള്ളിയാഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തിന് മുമ്പ് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്. പരിക്കേറ്റ പേസര്‍ യുദ്ധ്‌വീര്‍ സിംഗിന് പകരക്കാരനായാണ് അശോക് ശര്‍മയെ ടീമിലെടുത്തത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും യുദ്ധ്‌വീർ സിങ്ങിന് ഇന്ത്യ എ ടീമിന്‍റെ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.
ഐപിഎല്ലിൽ 154.2 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് കഴിഞ്ഞ സീസണിലെ തന്നെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരമാണ് അശോക് ശര്‍മ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ധ്രുവ് ജുറെലിന് നേരെ ആണ് അശോക് ശര്‍മ 154.2വേഗതയില്‍ യോർക്കർ എറിഞ്ഞ് ഞെട്ടിച്ചത്. ഗുജറാത്തിനായി കളിച്ച 6 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ അശോക് ശര്‍മ വീഴ്ത്തിയെങ്കിലും, റൺസ് വിട്ടുകൊടുക്കുന്നതിലെ ധാരാളിത്തം കാരണം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാനായിരുന്നില്ല.
പ്രതിസന്ധിയിൽ ഇന്ത്യ എ; ഫൈനലിലെത്താൻ നാളെ നിർണായകം
ദംബുള്ളയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ തിലക് വർമ്മ നയിക്കുന്ന ഇന്ത്യ എ ടീമിന്‍റെ പ്രകടനം നിലവിൽ നിരാശാജനകമാണ്. കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടു. ഇന്നലെ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരം നാടകീയമായ 'സൂപ്പർ ഓവറിലാണ്' ഇന്ത്യ കൈവിട്ടത്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെ നടക്കുന്ന അവസാന ലീഗ് മത്സരം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. ഇതിൽ വൻ മാർജിനിൽ വിജയിച്ചാൽ മാത്രമേ ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉണ്ടാകൂ.
ഇന്ത്യ എ സ്ക്വാഡ്: തിലക് വർമ്മ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), വിപ്രാജ് നിഗം, യഷ് താക്കൂർ, അൻഷുൽ കംബോജ്, അർഷാദ് ഖാൻ, അനുകുൽ റോയ്, അശോക് ശർമ്മ.
