പരിക്കേറ്റതിനാല്‍ നെയ്മര്‍ ഇതുവരെ സൗദി ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. 1359 കോടി രൂപയാണ് നെയ്മറിന്റെ വാര്‍ഷിക പ്രതിഫലം. പിഎസ്ജിക്ക് 817 കോടി രൂപയും ലഭിച്ചു.

റിയോ ഡി ജനീറോ: കഴിഞ്ഞ മാസമാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അല്‍ ഹിലാലുമായി കരാറൊപ്പിട്ടത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നാണ് താരം അല്‍ ഹിലാലിലെത്തുന്നത്. ബാഴ്‌സലോണയ്ക്ക് തിരിച്ചെത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും പരിശീലകന്‍ സാവിക്ക് ബ്രസീലിയന്‍ താല്‍പര്യമില്ലായിരുന്നു. ഇപ്പോഴുള്ള ബാഴ്‌സയുടെ പദ്ധതിയിലേക്ക് നെയ്മര്‍ വരുമ്പോള്‍ മാറ്റം വരുത്തേണ്ടി വരുമെന്നായിരുന്നു സാവിയുടെ പ്രശ്‌നം. ചെല്‍സി ശ്രമിച്ചിരുന്നെങ്കിലും താരം സൗദിയിലേക്ക് പറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇപ്പോള്‍ സൗദി ലീഗിനെ കുറിച്ച് സംസാരിക്കുകയാണ് നെയ്മര്‍. ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചത് സൗദി ലീഗാണെന്നാണ് നെയ്മര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഫ്രാന്‍സിലും സൗദിയിലും ഫുട്‌ബോള്‍ ഒന്നുതന്നെയാണ്. രണ്ട് ലീഗിലും ഗോളുകള്‍ പിറക്കുന്നുണ്ട്. എന്നാല്‍ വമ്പന്‍ താരങ്ങളുടെ സാന്നിധ്യം പരിശോധിക്കുമ്പോള്‍ സൗദി പ്രോ ലീഗ് ഫ്രഞ്ച് ലീഗിനെക്കാള്‍ മികച്ചത് ആണെന്ന് പറയാനാവും. അതുകൊണ്ടുതന്നെ ഫ്രഞ്ച് ലീഗിനേക്കാള്‍ മികച്ചത് സൗദി ലീഗാണെന്ന് ഞാന്‍ പറയും.'' നെയ്മര്‍ പറഞ്ഞു. 

പരിക്കേറ്റതിനാല്‍ നെയ്മര്‍ ഇതുവരെ സൗദി ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. 1359 കോടി രൂപയാണ് നെയ്മറിന്റെ വാര്‍ഷിക പ്രതിഫലം. പിഎസ്ജിക്ക് 817 കോടി രൂപയും ലഭിച്ചു. താന്‍ സൗദിയിലെത്താനുള്ള കാരണം അല്‍- നസ്‌റിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്ന് നെയ്മര്‍ പറഞ്ഞിരുന്നു. 

അദ്ദേഹിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. ''ജനുവരിയില്‍ റൊണാള്‍ഡോ അല്‍ നസ്‌റുമായി കരാറിലെത്തിയപ്പോള്‍ മണ്ടന്‍ തീരുമാനമെന്ന് പറഞ്ഞ് പലരും പരിഹസിച്ചിരുന്നു. എന്നാല്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സൗദി ലീഗിനെ ലോകനിലവാരത്തില്‍ എത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ബെന്‍സേമയും ഫിര്‍മിനോയും മാനേയും ഫാബീഞ്ഞോയുമെല്ലാം പ്രോ ലീഗില്‍ എത്തിയത് ഇതിന് തെളിവാണ്. ഈ പാത പിന്തുടര്‍ന്നാണ് ഞാനും സൗദി ലീഗില്‍ എത്തിയത്. അദ്ദേഹത്തിന്റെ സ്വാധീനം സൗദി ഫുട്‌ബോളിനെ ഉയരങ്ങളിലെത്തിക്കും.'' അല്‍ ഹിലാലിന്റെ ഒഫീഷ്യല്‍ ചാനലില്‍ നെയ്മര്‍ പറഞ്ഞു.

ബെന്‍ സ്‌റ്റോക്‌സ് ഏകദിന ലോകകപ്പിനെത്തുമ്പോള്‍ നഷ്ടം ഇംഗ്ലണ്ടിന്! ജനുവരിയില്‍ ഇന്ത്യന്‍ പര്യടനം നഷ്ടമായേക്കും