റയൽ മാഡ്രിഡിന്‍റെ അഞ്ച് താരങ്ങൾ നെയ്മറുടെ സ്വപ്നടീമിലെത്തിയതും ശ്രദ്ധേയം
പാരിസ്: പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും (Cristiano Ronaldo) ഉറുഗ്വെയന്‍ താരം ലൂയിസ് സുവാരസിനെയും (Luis Suarez) ഒഴിവാക്കി സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മർ ജൂനിയർ (Neymar Jr). റയൽ മാഡ്രിഡിന്‍റെ (Real Madrid) അഞ്ച് താരങ്ങൾ നെയ്മറുടെ സ്വപ്നടീമിൽ ഇടംപിടിച്ചതും ശ്രദ്ധേയമായി. റയലിന്‍റെ യുവ സെന്‍സേഷന്‍ വിനീഷ്യസ് ജൂനിയറും (Vini Jr) നെയ്‌മറുടെ ടീമിലുണ്ട്.
നെയ്മർ സ്വപ്ന ഇലവനെ തിരഞ്ഞെടുത്തപ്പോൾ ബാഴ്സലോണയിലെ സഹതാരവും പ്രിയ സുഹൃത്തുമായ ലൂയിസ് സുവാരസും അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പുറത്തായി. ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച മുന്നേറ്റ കൂട്ടുകെട്ടിലെ അംഗങ്ങളായിരുന്നു ലിയോണല്‍ മെസിയും സുവാരസും നെയ്മറും. ഇതുകൊണ്ടുതന്നെ സുവാരസിന്‍റെ അസാന്നിധ്യം ആശ്ചര്യമുണ്ടാക്കുന്നു.
റയൽ മാഡ്രിഡിന്‍റെ അഞ്ച് താരങ്ങൾ നെയ്മറുടെ സ്വപ്നടീമിലെത്തിയതും ശ്രദ്ധേയം. പതിനൊന്നംഗ ടീമിൽ ഏഴുപേരും ബ്രസീലിയൻ താരങ്ങളാണ്. ലിയോണൽ മെസി, കിലിയൻ എംബാപ്പേ, സെർജിയോ റാമോസ്, വിക്ടർ വാൽഡസ് എന്നിവരാണ് ബ്രസീലിൽ നിന്നല്ലാത്തവർ. പിഎസ്‌ജിയിലെ സഹതാരങ്ങളായ റാമോസും മെസിയും എംബാപ്പേയും ടീമിലുണ്ട്.
നെയ്മറുടെ സ്വപ്നടീം ഇങ്ങനെ. ഗോൾ കീപ്പറായി വിക്ടർ വാൽഡസ്. പ്രതിരോധനിരയിൽ ഡാനി ആൽവസ്, സെർജിയോ റാമോസ്, തിയാഗോ സിൽവ, മാർസലോ എന്നിവരാണുള്ളത്. പ്രതിരോധത്തിൽ റാമോസ് ഒഴികെയുള്ള മൂന്നുപേരും മധ്യനിരയിലെ നാലുപേരും ബ്രസീലിയൻ താരങ്ങൾ. വിനീഷ്യസ് ജൂനിയർ, കക്ക, റൊണാൾഡീഞ്ഞോ, റോബീഞ്ഞോ എന്നിവരാണ് മധ്യനിരയിൽ. മുന്നേറ്റത്തിൽ പിഎസ്‌ജിയിലെ സഹതാരങ്ങളായ ലിയണൽ മെസിയും, കിലിയൻ എംബാപ്പേയും.
Erling Haaland: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച 3 താരങ്ങളെ തെരഞ്ഞെടുത്ത് ഹാലൻഡ്, റൊണാള്‍ഡോയില്ല
