യോഗ്യതാ റൗണ്ടിൽ നോർവേയോട് തോറ്റതോടെ ഇറ്റലിയുടെ 2026 ലോകകപ്പ് സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണു. തുടർച്ചയായ മൂന്നാം ലോകകപ്പ് നഷ്ടമാകാതിരിക്കാൻ അസൂറിപ്പടയ്ക്ക് ഇനി കടുപ്പമേറിയ പ്ലേ ഓഫ് കടമ്പ കടക്കണം.
സാന്‍ സിറോ: തുടര്‍ച്ചയായ മൂന്ന് ലോകകപ്പില്‍ കളിക്കാത്ത ടീമെന്ന നാണക്കേടിന് അരികെയാണിപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലി. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നോര്‍വേയോട് തോറ്റതാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായത്. 2006ല്‍ ഉള്‍പ്പടെ നാലുതവണ ചാമ്പ്യന്‍മാര്‍. ഗോള്‍വേട്ടക്കാരേക്കാള്‍ തലയെടുപ്പുള്ള പ്രതിരോധ താരങ്ങളെയും ഗോള്‍ കീപ്പര്‍മാരേയും ഫുട്‌ബോള്‍ ലോകത്തിന് നല്‍കിയ ടീം. വിശേഷണങ്ങളും പെരുമയും ഏറെയുണ്ട് ഇറ്റലിക്ക്.
എന്നാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടാനാവാതെ കിതയ്ക്കുകയാണ് അസൂറിപ്പട. യോഗ്യതാ റൗണ്ടില്‍ എര്‍ലിംഗ് ഹാലന്‍ഡിന്റെ നോര്‍വേയോട് ഇരുപാദങ്ങളിലും തോറ്റതാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തത്. ഗ്രൂപ്പ് ഐയിലെ എട്ട് മത്സങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാം ജയിച്ച നോര്‍വേ 24 പോയിന്റുമായി ലോകകപ്പ് ഉറപ്പിച്ചപ്പോള്‍ 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്ത്. ലോകകപ്പിന് യോഗ്യത നേടണമെങ്ങില്‍ ഇറ്റലിക്ക് ഇനി പ്ലേ ഓഫ് കടമ്പ കടക്കണം. അതത്ര എളുപ്പമല്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ 12 ടീമുകളാണ് പ്ലേ ഓഫില്‍ മാറ്റുരയ്ക്കുന്നത്. ഇവര്‍ക്കൊപ്പം യുവേഫ നേഷന്‍സ് ലീഗില്‍ നിന്ന് റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് യോഗ്യത നേടാത്ത നാല് ടീമുകളും പ്ലേഓഫില്‍ കളിക്കും. മാര്‍ച്ചിലെ പ്ലേ ഓഫില്‍ 16 ടീമുകള്‍ നാല് ഗ്രൂപ്പുകളില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് കടമ്പയും കടന്ന് സെമിയും ഫൈനലും ജയിച്ചാലേ ഇറ്റലിക്ക് 2026ലെ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയൂ. സമാന വെല്ലുവിളിയുമായി സ്ലോവാക്യയും കൊസോവോയും സ്‌കോട്‌ലന്‍ഡും ഉക്രൈനും തുര്‍ക്കിയും അയര്‍ലന്‍ഡും പോളണ്ടും ബോസ്‌നി ആന്‍ഡ് ഹെര്‍സിഗോവിനയും വടക്കന്‍ മാസിഡോണിയയും അല്‍ബേനിയയും ചെക്ക് റിപ്പബ്ലിക്കും ഉണ്ട്.
2006ല്‍ ഫാബിയോ കനവാരോ ലോകകപ്പ് ഉയര്‍ത്തിയതിന് ശേഷം ഇറ്റാലിയന്‍ ടീം പന്ത്തട്ടിയത് പിന്നോട്ടായിരുന്നു. 2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ പുറത്തായി. 2018ല്‍ യോഗ്യതപോലും നഷ്ടമായ ഇറ്റലി 2020ല്‍ യൂറോകപ്പ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടുവര്‍ഷത്തിനപ്പുറം ഖത്തറില്‍ നടന്ന ലോകകപ്പിലേക്ക് യോഗ്യത നേടാനാവാതെ തലകുനിച്ചു. ഇതേ ദുര്‍വിധിക്ക് തൊട്ടരികെയാണിപ്പോള്‍ വിശ്വവിഖ്യാതമായ ഇറ്റാലിയന്‍ ഫുടബോള്‍ ടീം.

