രണ്ടാം പകുതിയിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ന്യൂയോർക്ക്: ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ പാനമയെ തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് വിജയം കൊയ്തത്. രണ്ടാം പകുതിയിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റോടെ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. റൗണ്ട് ഓഫ് 32-ൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനെയാകും ഇംഗ്ലണ്ട് നേരിടുക. ഒരൊറ്റ മത്സരം പോലും ജയിക്കാനാകാതെ പാനമ ലോകകപ്പിൽ നിന്ന് നിരാശയോടെ പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിരോധ പൂട്ടിട്ട ആദ്യ പകുതി, തന്ത്രം മാറ്റി ടുഹേൽ

ആദ്യ പകുതിയിൽ ഇംഗ്ലണ്ടിനെ കടുത്ത പ്രതിരോധ പൂട്ടിട്ടാണ് പാനമ തളച്ചത്. സൂപ്പർ താരങ്ങളായ ബുക്കായോ സാക്കയും മാർക്കസ് റാഷ്ഫോർഡും നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പാനമ ഗോൾകീപ്പർ ഒർലാൻഡോ മോസ്ക്വേരയുടെ തകർപ്പൻ സേവുകൾ ഇംഗ്ലണ്ടിന് വിനയായി. ആദ്യ 45 മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നെ പന്ത് തൊടാൻ പോലും അനുവദിക്കാതെ പാനമ പ്രതിരോധം കാത്തു. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.എന്നാൽ രണ്ടാം പകുതിയിൽ പുതിയ തന്ത്രങ്ങളുമായാണ് പരിശീലകൻ തോമസ് ടുഹേൽ ടീമിനെ ഇറക്കിയത്. അത് കൃത്യമായി ഫലം കാണുകയും ചെയ്തു.

62-ാം മിനിറ്റില്‍ പാനമയുടെ പ്രതിരോധ കോട്ട ഒടുവിൽ തകർന്നു. ബുക്കായോ സാക്ക എടുത്ത മനോഹരമായ കോർണർ കിക്കിൽ നിന്നും ജൂഡ് ബെല്ലിങ്ഹാം ഒരു അസാധ്യ ടച്ചിലൂടെ പന്ത് വലയിലെത്തിച്ചു (1-0). ആദ്യ ഗോളിന്‍റെ ആവേശം അടങ്ങും മുൻപ് ഇംഗ്ലണ്ട് അടുത്ത വെടിപൊട്ടിച്ചു. 67-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ഇത്തവണ ആദ്യ ഗോളടിച്ച ബെല്ലിങ്ഹാം അസിസ്റ്റുമായി തിളങ്ങി. ഇടതുവിങ്ങിൽ നിന്ന് ബെല്ലിങ്ഹാം നൽകിയ കൃത്യതയാർന്ന ക്രോസ്സ് ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഉഗ്രൻ ഹെഡ്ഡറിലൂടെ പാനമയുടെ ഗോൾവലയിൽ ചലിപ്പിച്ചു (2-0).

ഗാരി ലിനേക്കറെ മറികടന്ന് ഹാരി കെയ്ൻ

മത്സരത്തിൽ ഗോളടിച്ചതോടെ ഹാരി ഇംഗ്ലണ്ട് നായകന്‍ കെയ്ൻ ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു. മുൻ ഇതിഹാസ താരം ഗാരി ലിനേക്കറുടെ 10 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡാണ് തന്‍റെ 11-ാം ഗോളോടെ കെയ്ൻ തിരുത്തിയെഴുതിയത്.മത്സരത്തിന്‍റെ അവസാന ഘട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ വെറ്ററൻ മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സണും ഒരു അപൂർവ്വ നേട്ടം സ്വന്തമാക്കി. ഏഴ് പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ ഇംഗ്ലണ്ടിനായി ബൂട്ട് കെട്ടുന്ന ആദ്യ താരം എന്ന ബഹുമതിയാണ് ഹെൻഡേഴ്സൺ സ്വന്തമാക്കിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ പാനമയുടെ ജോസെ ഫജാർഡോ ഒരു ഗോൾ മടക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചതോടെ പാനമയുടെ ആശ്വാസ ഗോൾ പ്രതീക്ഷകളും അസ്തമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക