മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസി പെനൽറ്റി പാഴാക്കിയത്. മെസി എടുത്ത പെനാൽറ്റി കിക്ക് പോസ്റ്റിന്‍റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.
ഡാലസ്: ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. 38-ാം മിനിറ്റിലാണ് മെസി അര്‍ജന്‍റീനയെ മുന്നിലെത്തിച്ച് ഗോള്‍ നേടിയത്. ഡാലസിലെ ആർലിംഗ്ടണിൽ മത്സരത്തിന്‍റെ തുടക്കത്തിലെ ലഭിച്ച പെനല്‍റ്റി നഷ്ടമാക്കിയശേഷമായിരുന്നു മെസി ഗോളടിച്ച് ലോക റെക്കോര്‍ഡിട്ടത്. ആദ്യ പകുതിയില്‍ ഓസ്ട്രിയക്കെതിരെ അര്‍ജന്‍റീന ഒരു ഗോളിന് മുന്നിലാണ്.
മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റിലായിരുന്നു മെസി പെനൽറ്റി പാഴാക്കിയത്. ലൗതാരോ മാര്‍ട്ടിനെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയാണ് മെസി പാഴാക്കിയത്. മെസി എടുത്ത പെനൽറ്റി കിക്ക് പോസ്റ്റിന്‍റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു. ഇതിന് പിന്നാലെ 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്ന് ഗോള്‍ നേടിയാണ് മെസി ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തത്. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്.
ലോകകപ്പിലെ തുടർച്ചയായി ആറാം മത്സരത്തിലും ഗോള്‍ നേടി തുടർച്ചയായി 6 ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടിയ ഫ്രാൻസിന്‍റെ ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ൻ, ബ്രസീലിന്റെ ജെയർസീഞ്ഞോ എന്നിവരുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പവും മെസിയെത്തി.
ആദ്യ മത്സരത്തില്‍ അൾജീരിയക്കെതിരെ ഹാട്രിക് നേടിയതോടെ (38 വയസ്സും 357 ദിവസവും) ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മെസി തകർത്തിരുന്നു. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായ മെസിയുടെ പേരിൽ തന്നെയാണ് ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (28), ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ (12) എന്നീ റെക്കോർഡുകളുള്ളത്.
