ചെല്‍സി: പരിശീലകന്‍ ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കാനുള്ള ചെൽസിയുടെ തീരുമാനം ശരിവച്ച് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള. ചെല്‍സിയുടെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് പെപ്പിന്‍റെ പ്രതികരണം.  

'ചെറുപ്പക്കാരായാലും പരിചയ സമ്പന്നരായ പരിശീലകരായാലും ക്ലബുകളിൽ നിയമിക്കപ്പെടുന്നത് വിജയത്തിനായാണ്. വിജയങ്ങളില്ലെങ്കിൽ പിന്നെ മറ്റ് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ടീമിൽ നിന്ന് നിഷ്‌‌കരുണം പുറത്താക്കപ്പെടും. ചെൽസി ടീം മാനേജ്‌മെന്റ് ഇപ്പോൾ ചെയ്തതും ഇത് തന്നെയാണ്. ലാംപാർഡിനെ ഉടനെ മറ്റൊരു ടീമിന്റെ പരിശീലകനായി കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ'യെന്നും ഗാർഡിയോള പറഞ്ഞു. 

സമ്മ‍ർ ട്രാൻസ്‌ഫർ ജാലകത്തിൽ മുൻനിര താരങ്ങളെ ടീമിൽ എത്തിച്ചിട്ടും പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്തതിനെ തുട‍ർന്നാണ് ടീം മാനേജ്‌മെന്റ് ക്ലബിന്റെ ഇതിഹാസ താരങ്ങളിൽ ഒരാൾ കൂടിയായ ലാംപാ‍ർഡിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്. സീസണിൽ 19 മത്സരം പൂർത്തിയായപ്പോൾ ലീഗിൽ ഒൻപതാം സ്ഥാനത്താണ് ചെൽസി. 

പിഎസ്‌ജി പുറത്താക്കിയ ജർമ്മൻ കോച്ച് തോമസ് ടുഷേലിനെ പകരം നിയമിക്കാനാണ് ചെൽസിയുടെ നീക്കം. 2019 ജൂലൈ നാലിനാണ് ചെൽസി മൂന്ന് വർഷ കരാറിൽ ലാംപാർഡിനെ മുഖ്യ പരിശീലകനായി നിയമിച്ചത്. 

ചെല്‍സി ലംപാര്‍ഡിനെ പുറത്താക്കി; ടുച്ചല്‍ പരിശീലകസ്ഥാനം ഏറ്റെടുത്തേക്കും