യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഇന്ന് പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലാമിൻ യമാലും തമ്മിലുള്ള പോരാട്ടമാകും മത്സരത്തിലെ പ്രധാന ആകർഷണം. 

മ്യൂണിക്ക്: യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോർച്ചുഗൽ-സ്പെയിൻ സൂപ്പർ പോരാട്ടം ഇന്ന്. രാത്രി 12.30നാണ് മ്യൂണിക്കിലാണ് മത്സരം.ടോട്ടൽ ഗെയിമുമായെത്തിയ ഫ്രഞ്ച് പടയെ തകര്‍ത്തടുക്കിയാണ് സ്പെയിൻ കിരീടപ്പോരിന് ഇറങ്ങുന്നതെങ്കില്‍ കരുത്തുകാട്ടാനെത്തിയ ജര്‍മൻ പടയെ അവരുടെ നാട്ടിൽ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് പോര്‍ച്ചുഗൽ.

പോര്‍ച്ചുഗലും സ്പെയിനും കിരീടപ്പോരില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ഏല്ലാവരും ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ലാമിൻ യമാൽ പോരാട്ടത്തിലേക്ക് കൂടിയാണ്. ലോക ഫുട്ബോളിലെ ഇതിഹാസവും ഭാവിയുടെ സൂപ്പര്‍ താരവും ആദ്യമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം ആര്‍ക്കെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. നേട്ടങ്ങളെല്ലാം സ്വന്തമാക്കി പ്രായത്തെ വെല്ലുവിളിച്ച് നാൽപ്പതിലും കരുത്തോടെ മുന്നേറുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മറുവശത്ത് മധുരപ്പതിനേഴിലെ ഫുട്ബോൾ ലോകം ശ്രദ്ധ പിടിച്ചെടുത്ത താരമാണ് ലാമിൻ യമാൽ.

സെമിയിലടക്കം ഗോള്‍ നേടിയ റോണാള്‍ഡോ ടീമിനെയാകെ ഉത്തേജിപ്പിച്ച് നിര്‍ത്തുന്നതിൽ മിടുക്കനാണ്. ഫിനിഷിങ്ങൽ റോണോയ്ക്കൊപ്പം ഇന്നും മറ്റൊരു താരമില്ല. യമാലാകട്ടെ കളത്തിലെ അസാധ്യ സാധ്യതകള്‍ വരെ ഗോളാക്കാന്‍ കഴിയുന്ന താരമെന്ന് ഇപ്പോഴെ പേരുകേട്ടവനും.

ടൂര്‍ണമെന്‍റില്‍ റോണോ ഇതുവരെ ഏഴ് ഗോളുകൾ നേടിക്കഴിഞ്ഞു. യമാലിന്‍റെ പേരില്‍ മൂന്ന് ഗോളുകളെയുള്ളൂവെങ്കിലും ഗോളടിപ്പിക്കുന്നതിലും മിടുക്കു കാട്ടുന്നു കൗമാരതാരം. റോണോ-യമാൽ പോരാട്ടം സമൂഹമാധ്യമങ്ങളിലും ആഘോഷമാക്കുകയാണ് ആരാധകര്‍. റോണോ ഇതിഹാസ താരമാണെന്നും മത്സരം ജയിക്കുക എന്നതിനാണ് താന്‍ മുൻഗണന നല്‍കുന്നതെന്നുമാണ് ഫൈനലിലെ പറ്റി ലാമിൻ യമാൽ പറയുന്നത്. യമാൽ ഗംഭീരമായ കളിക്കുന്നുണ്ടെന്നും അനാവശ്യ സമ്മര്‍ദം നല്‍കരുതെന്നും ക്രിസ്റ്റ്യാനോയും പ്രതികരിച്ചിരുന്നു.

അടുത്ത ലോകകപ്പിന് ഉണ്ടായേക്കില്ലെന്ന് പ്രഖ്യാപിച്ച റോണോ വീണ്ടുമൊരു കിരീടത്തിന് തൊട്ടടുത്താണ്. സ്പെയിനെ തോൽപിച്ച് ലോക ഫുട്ബോളിലെ ഒരേയൊരു രാജാവ് താനാണെന്ന് റോണോ വീണ്ടും തെളിയിച്ചാൽ ആരാധകര്‍ക്കും ആഘോഷം. ലാമിൻ യമാലെന്‍റെ ഗോളിൽ സ്പെയിൻ കപ്പടിച്ചാൽ ഫുട്ബോളിന് പുതുചരിത്രം. ലോക ഫുട്ബോളിന്‍റെ മറ്റൊരു തലമുറമാറ്റം കൂടി ആരാധകര്‍ക്ക് കാണാം.

യങ്ങ് എഞ്ചിനാണ് സ്പെയിനിന്‍റെ കരുത്ത്. ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിങ്ങനെ പിള്ളേരെല്ലാം പവറാണ്. ടൂ‌ർണമെന്‍റിൽ ആകെ 23 ഗോള്‍ നേടിയ ടീമിന്‍റെ പ്രശ്നം പ്രതിരോധമാണ്. 13 ഗോളുകൾ സ്പെയിൻ ഇതുവരെ വഴങ്ങിയിട്ടുണ്ട്. ഗോള്‍കീപ്പിങ്ങിലും പിഴവുകളേറെ. അവസാന നിമിഷം വരെ പൊരുതി നോക്കാമെന്ന മനോഭാവമാണ് പോര്‍ച്ചുഗലിന്‍റെ കരുത്ത്. സെമിയിൽ ജർമ്മനിക്കെതിരെ ഒരുഗോൾ വഴങ്ങിയ ശേഷമായിരുന്നു രണ്ട് ഗോള്‍ തിരിച്ചടിച്ച് പോർച്ചുഗലിന്‍റെ ജയം

നേർക്കുനേർ പോരാട്ടക്കണക്കിൽ സ്പെയ്നിന് വ്യക്തമായ ആധിപത്യം. നാൽപത് മത്സരങ്ങളിൽ പതിനെട്ടിലും ജയം സ്പെയ്നൊപ്പം. പോർച്ചുഗൽ ജയിച്ചത് ആറ് കളിയിൽ മാത്രം. പതിനാറ് മത്സരങ്ങൾസമനിലയിൽ അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക