യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗലും സ്‌പെയ്‌നും നാളെ ഏറ്റുമുട്ടും. മൂന്നാം സ്ഥാനത്തിനായി ഫ്രാന്‍സും ജര്‍മ്മനിയും തമ്മിലുള്ള മത്സരവും നാളെ നടക്കും.

സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്‍മാരെ നാളെ അറിയാം. സ്‌പെയ്ന്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും. നാളെ രാത്രി 12.30നാണ് കലാശപ്പോര്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സ് നാളെ ജര്‍മ്മനിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ലൂസേഴ്‌സ് ഫൈനല്‍. സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ പോരാട്ടവീര്യത്തെ ചോരത്തിളപ്പുമായിട്ടാണ് സ്‌പെയ്ന്‍ മറികടന്നത്. ജര്‍മനിയെ കീഴടക്കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അവസാന അംഗത്തിന് യോഗ്യത നേടിയത്.

ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, പെഡ്രി തുടങ്ങിയ യുവതാരങ്ങളുമായി ഇറങ്ങുന്ന സ്‌പെയ്ന്‍ യൂറോകപ്പിന് പിന്നാലെ നേഷനസ് ലീഗ് കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയില്‍. കിലിയന്‍ എംബാപ്പേയും ഒസ്മാന്‍ ഡെംബലേയും ഉള്‍പ്പെട്ട ഫ്രാന്‍സിനെ ഗോളില്‍ മുക്കിയ ആത്മവിശ്വാസത്തിലാണ് സ്‌പെയ്ന്‍. 

നാല് ഗോളിന് മുന്നിട്ടുനിന്നിട്ടും സെമിയില്‍ നാല് ഗോള്‍തിരിച്ചുവാങ്ങിയ പാളിച്ചകള്‍ പരിഹരിക്കണം സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂവാന്തേയ്ക്ക്. ജര്‍മനിക്കെതിരെ ഒരുഗോള്‍ വഴങ്ങിയ ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ ജയം.

രക്ഷകനായത് നാല്‍പതാം വയസ്സിലും ഗോള്‍വേട്ട തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേര്‍ക്കുനേര്‍ പോരാട്ടക്കണക്കില്‍ സ്‌പെയ്‌ന് വ്യക്തമായ ആധിപത്യം. നാല്‍പത് മത്സരങ്ങളില്‍പതിനെട്ടിലും ജയം സ്‌പെയ്‌നൊപ്പം. പോര്‍ച്ചുഗല്‍ജയിച്ചത് ആറ് കളിയില്‍ മാത്രം. പതിനാറ് ത്സരങ്ങള്‍സമനിലയില്‍ അവസാനിച്ചു.