ലിയോണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. തിരുവനന്തപുരത്താണ് മത്സരം നടക്കാന്‍ സാധ്യത. മത്സരത്തിന്റെ ഷെഡ്യൂള്‍ ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും മന്ത്രി. സ്റ്റേഡിയം ഒരുക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷ എന്നു കായിക മന്ത്രി വ്യക്തമാക്കി. നേരത്തെ അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്ന വാര്‍ത്തകളുണ്ടായിരുന്നു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.

അര്‍ജന്റീനയെ എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ കരാര്‍ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നല്‍കണം എന്നാണ് വ്യവസ്ഥ. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും സ്‌പോണ്‍സര്‍ ഇത് പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായി. പിന്നാലെ അര്‍ജന്റൈന്‍ ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളുടെ സമയക്രമം പുറത്തുവരികയും ചെയ്തു. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും.

ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോള എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ഇതിനിടെ എപ്പോള്‍ ടീം കേരളത്തിലെത്തുമെന്ന് വ്യക്തമല്ല. സമയക്രമം വൈകാതെ അറിയാന്‍ കഴിഞ്ഞേക്കും.

YouTube video player