പ്രീമിയർ ലീഗ് കിരീടത്തിന് പിന്നാലെ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടവും നേടി 'ഡബിൾ' തികയ്ക്കാമെന്ന ആഴ്സണലിന്‍റെ സ്വപ്നമാണ് പെനൽറ്റി നിര്‍ഭാഗ്യത്തില്‍ പൊലിഞ്ഞത്.

ബുഡാപെസ്റ്റ്: യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ രാജാക്കന്മാരെ നിർണ്ണയിക്കാനുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിന് കണ്ണീർ മടക്കം. ഹംഗറിയിലെ പുഷ്കാസ് അരീനയിൽ നടന്ന കിരീടപ്പോരില്‍ പെനൽറ്റി ഷൂട്ടൗട്ടില്‍ ആഴ്സണലിനെ വീഴ്ത്തി ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജി കിരീടം നിലനിര്‍ത്തി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-3 നായിരുന്നു പിഎസ്‌ജിയുടെ ജയം. റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഇതോടെ പിഎസ്‌ജി സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രീമിയർ ലീഗ് കിരീടത്തിന് പിന്നാലെ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടവും നേടി 'ഡബിൾ' തികയ്ക്കാമെന്ന ആഴ്സണലിന്‍റെ സ്വപ്നമാണ് പെനൽറ്റി നിര്‍ഭാഗ്യത്തില്‍ പൊലിഞ്ഞത്. മത്സരത്തിന്‍റെ തുടക്കത്തിൽ ആഴ്സണൽ ആണ് കളം നിറഞ്ഞത്. ആറാം മിനിറ്റിൽ തന്നെ ജർമ്മൻ താരം കായ് ഹാവെർട്സിലൂടെ ആഴ്സണൽ ലീഡെടുത്തു. പിഎസ്‌ജി താരം മാർക്വിഞ്ഞോസ് ബോക്സിനുള്ളിൽ നിന്ന് പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് മാർട്ടിൻ ഒഡെഗാർഡിന്‍റെ ശരീരത്തിൽ തട്ടി ഹാവെർട്സിന് ലഭിക്കുകയായിരുന്നു. പന്തുമായി മുന്നേറിയ ഹാവെര്‍ട്സ് ടൈറ്റ് ആംഗിളിൽ നിന്ന് പിഎസ്‌ജി ഗോൾകീപ്പർ മാറ്റ്‌വി സഫോനോവിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. 2021-ൽ ചെൽസിക്കായും ഹാവെർട്സ് ഫൈനലിൽ സ്കോർ ചെയ്തിരുന്നു.

ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ ആഴ്സണലിന്‍റെ പ്രതിരോധ നിരയ്ക്കായെങ്കിലും രണ്ടാം പകുതിയിൽ പിഎസ്‌ജി ആക്രമണം ശക്തമാക്കി. 65-ാം മിനിറ്റിൽ ആഴ്സണൽ താരം ക്രിസ്റ്റ്യൻ മൊസ്ക്വേര ബോക്സിനുള്ളിൽ വെച്ച് ഖ്വിച്ച ക്വാരത്സ്ഖേലിയയെ ഫൗൾ ചെയ്തതിന് പിഎസ്‌ജിക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ഒസ്മാൻ ഡെംബെലെയ്ക്ക് ഒട്ടും പിഴച്ചില്ല, സ്കോർ 1-1. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാന്‍ ഇരുടീമിനും കഴിഞ്ഞില്ല. അധികസമയത്ത് നോനി മഡുകെ ബോക്സിനുള്ളിൽ വീണതിന് ആഴ്സണൽ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അത് നിരസിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചതിന് ആഴ്സണൽ നായകൻ ഡെക്ലാൻ റൈസിനും പരിശീലകൻ മിഖേൽ അർട്ടെറ്റയ്ക്കും റഫറി മഞ്ഞക്കാർഡ് നൽകി.

ഷൂട്ടൗട്ടില്‍ പി എസ് ജിക്കായി ഗൊൺസാലോ റാമോസും ആഴ്സനലിനായി വിക്ടർ യോക്കെരെഷും ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു. ഡെസീറെ ഡുവെ രണ്ടാമതും സ്കോർ ചെയ്തപ്പോൾ പിഎസ്‌ജി ഹാപ്പി. പക്ഷേ, ആഴ്സനലിന്‍റെ രണ്ടാം കിക്കിൽ എബരെച്ചി എസെക്ക് പിഴച്ചു. പിഎസ്‌ജിയുടെ മൂന്നാം കിക്കെടുത്തത് നൂനോ മെൻഡിസ്. ഗോളുറപ്പിച്ച ഷോട്ട് തട്ടിയകറ്റി ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റായ വീണ്ടും ആവേശമുയര്‍ത്തി. 

Scroll to load tweet…

പിന്നാലെ ഡെക്ലാൻ റൈസ് ഗണ്ണേഴ്സിനായി സ്കോർ ചെയ്തതോടെ മത്സരം ഒപ്പത്തിനൊപ്പം. പിഎസ്‌ജിക്കായി നാലാം കിക്കെടുത്ത അഷ്‌റഫ് ഹക്കീമിയും ആഴ്സണലിന്‍റെ ഗബ്രിയേൽ മാർട്ടിനെല്ലിയും ലക്ഷ്യം കണ്ടു. മത്സരം നിർണായകമായ അഞ്ചാം കിക്കിൽ. പിഎസ്‌ജിക്കായി ലൂക്കാസ് ബെരാൾഡോ ലക്ഷ്യം കണ്ടു. എല്ലാ കണ്ണുകളും ആഴ്സനൽ ക്യാംപിൽ. ഗബ്രിയേൽ മഗാല്യുൻസിലേക്ക്. ആഴ്സണല്‍ ആരാധകരെ ഞെട്ടിച്ച് ഗബ്രിയേലിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നകന്നു. പിഎസ്‌ജി ആഘോഷം തുടങ്ങി. ആഴ്സനലിന്റെ യൂറോപ്യൻ കിരീട സ്വപ്നങ്ങൾ വീണുടഞ്ഞു. വീണ്ടുമൊരു ഫൈനൽ തോൽവി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക