Asianet News MalayalamAsianet News Malayalam

സമ്മതം, സമ്മതം, സമ്മതം; ഫുട്ബോള്‍ ലോകത്തെ കിടുക്കി കിലിയന്‍ എംബാപ്പെ! റയല്‍ മാഡ്രിഡില്‍ ചേരാന്‍ തയ്യാര്‍

റയല്‍ മാഡ്രിഡുമായി അഞ്ച് വര്‍ഷത്തെ കരാറാണ് കിലിയന്‍ എംബാപ്പെ ഒപ്പിടുക എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്

PSG striker Kylian Mbappe has agreed to join Real Madrid this summer report
Author
First Published Feb 20, 2024, 9:02 PM IST | Last Updated Feb 20, 2024, 9:07 PM IST

മാഡ്രിഡ്: അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ സമ്മതം മൂളിയതായി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ എംബാപ്പെയും ക്ലബുമായി കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ സീസണിനൊടുവില്‍ പിഎസ്‌ജി വിടുമെന്ന് എംബാപ്പെ ഫ്രഞ്ച് ക്ലബിനെ നേരത്തെ അറിയിച്ചിരുന്നു. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് മുമ്പും ശ്രമിച്ചിരുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടത് മുതല്‍ കിലിയന്‍ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. 

റയല്‍ മാഡ്രിഡുമായി അഞ്ച് വര്‍ഷത്തെ കരാറാണ് കിലിയന്‍ എംബാപ്പെ ഒപ്പിടുക എന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സീസണില്‍ 15 ദശലക്ഷം യൂറോയും അഞ്ച് വ‍ര്‍ഷത്തേക്ക് 150 ദശലക്ഷം യൂറോ സൈനിംഗ് ഓണ്‍ ബോണസ് തുകയും എംബെപ്പെയ്ക്ക് ലഭിക്കും. 2017ല്‍ പതിനെട്ടാം വയസിലാണ് എംബാപ്പെ മൊണാക്കോയില്‍ നിന്ന് പിഎസ്‌ജിയില്‍ എത്തിയത്. ആദ്യം ലോണിലെത്തിയ താരത്തിന് പിഎസ്‌ജിയില്‍ പിന്നാലെ കരാര്‍ ലഭിക്കുകയായിരുന്നു. പാരിസ് സെയ്ന്‍റ് ജര്‍മെനായി 291 മത്സരങ്ങളില്‍ 244 ഗോളും 93 അസിസ്റ്റും എംബാപ്പെയ്ക്ക് നേടാനായി. പിഎസ്‌ജിയുടെ എക്കാലത്തെയും വലിയ ഗോള്‍സ്‌കോറര്‍ കിലിയന്‍ എംബാപ്പെയാണ്. എംബാപ്പെ കളിച്ച അഞ്ച് സീസണുകളില്‍ ലീഗ് വണ്‍ കിരീടം പിഎസ്‌ജി ഉയര്‍ത്തി. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നം അകലെ നിന്നു. 

കിലിയന്‍ എംബാപ്പെയെയും റയല്‍ മാഡ്രിഡിനെയും ബന്ധിപ്പിച്ച് മുമ്പും ചര്‍ച്ചകളുണ്ടായിട്ടുണ്ട്. 2017-18 സീസണില്‍ മൊണോക്കോയില്‍ നിന്ന് പിഎസ്‌ജിയില്‍ എത്തിയ വേളയിലും താരത്തിനായി റയല്‍ വലവിരിച്ചിരുന്നു. 2021/22 സീസണില്‍ എംബാപ്പെയുടെ പിഎസ്‌ജിയിലെ ആദ്യ കരാര്‍ അവസാനിക്കാറായപ്പോഴും സമാനമായ ചര്‍ച്ചകളുണ്ടായി. എന്നാല്‍ എംബാപ്പെ പിഎസ്‌ജിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതോടെ ചര്‍ച്ചകള്‍ അന്ന് അവസാനിച്ചു. റയലിന്‍റെ മധ്യനിര താരമായ ലൂക്കാ മോഡ്രിച്ച് ഈ സീസണോടെ ക്ലബ് വിട്ടാല്‍ അദേഹം അണിയുന്ന പത്താം നമ്പര്‍ ജേഴ്സി കിലിയന്‍ എംബാപ്പെയ്ക്ക് ലഭിക്കും. ഫ്രാന്‍സിനായി നിലവില്‍ എംബാപ്പെ വിഖ്യാതമായ 10-ാം നമ്പര്‍ കുപ്പായമാണ് അണിയുന്നത്. 

Read more: റയല്‍ മാഡ്രിഡില്‍ എംബാപ്പെയും ഒരുമിക്കും? മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ റാഞ്ചാനൊരുങ്ങി സ്പാനിഷ് വമ്പന്മാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios