ബാഴ്‌സലോണ: ബാഴ്‌സലോണയുടെ പുതിയ കോച്ചായി ക്വിക്കേ സെതിയൻ ചുമതലയേറ്റു. ഹോം ഗ്രൗണ്ടായ കാംപ് നൗവിൽ ക്ലബ് പ്രസിഡന്‍റ് ജോസഫ് മരിയ ബർതോമ്യൂവാണ് പുതിയ കോച്ചിനെ അവതരിപ്പിച്ചത്. പുറത്താക്കപ്പെട്ട ഏണസ്റ്റോ വെൽവർദേക്ക് പകരമാണ് ക്വിക്കേയുടെ നിയമനം. 

ബാഴ്‌സലോണയുടെ പാസിംഗ് ഫുട്ബോൾ ഇഷ്‌ടപ്പെടുന്ന ക്വിക്കേയ്‌ക്ക് 2022 വരെയാണ് കരാർ നൽകിയിരിക്കുന്നത്. സൂപ്പർ കപ്പ് സെമിയിൽ പുറത്തായതോടെയാണ് ബാഴ്‌സ വെൽവെ‍ർദേയെ പുറത്താക്കിയത്. അറുപത്തിയൊന്നുകാരനായ ക്വിക്കേ അത്‍ലറ്റിക്കോ മാഡ്രിഡിന്റെ താരവും റയൽ ബെറ്റിസിന്റെ പരിശീലകനുമായിരുന്നു. 

പതിനാറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബാഴ്‌സലോണ സീസണിനിടെ പരിശീലകനെ മാറ്റുന്നത്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ടീമിനെ സജ്ജമാക്കാനാണ് വെൽവെർദേയെ മാറ്റുന്നതെന്നും രണ്ട് ലാ ലീഗ കിരീടം നേടിയ കോച്ചിനോട് ബാഴ്‌സലോണയ്‌ക്ക് കടപ്പാടുണ്ടെന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു. 

വെൽവെർദേയ്‌ക്ക് പകരം ക്ലബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ പേരും പറഞ്ഞുകേട്ടു. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ക്വികെ സെതിയനിലേക്ക് ബാഴ്‌സ മാനേജ്‌മെന്‍റ് എത്തിയത്.