കോപ അമേരിക്ക കിരീടനേട്ടത്തിനുശേഷം അര്‍ജന്‍റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വിവാദമായത്.

ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക കിരീടനേട്ടത്തിനുശേഷം ഫ്രാന്‍സ് ഫുട്ബോള്‍ താരങ്ങളെ അര്‍ജന്‍റീന ഫുട്ബോള്‍ താരങ്ങള്‍ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ ടീമിന്‍റെ നായകനായ ലിയോണല്‍ മെസി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട കായിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ജൂലിയോ ഗാറോയെ പുറത്താക്കി അര്‍ജന്‍റീന പ്രസിഡന്‍റ് ജാവിയര്‍ മിലെയ്. വിഷയത്തില്‍ ആര് എന്ത് ചെയ്യണമെന്ന് പറയേണ്ടത് സര്‍ക്കാരാണെന്നും ഉദ്യോഗസ്ഥരല്ലെന്നും അര്‍ജന്‍റീന പ്രസിഡന്‍റ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സിന്‍റെ താരങ്ങള്‍ക്കെതിരെ വംശീയ പരാമര്‍ശങ്ങളുള്ള പാട്ടപുപാടി ന‍ൃത്തം ചെയ്യുന്നതിന്‍റെയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ആഫ്രിക്കന്‍ പാരമ്പര്യത്തിനെ കളിയാക്കുന്നതിന്‍റെയും വീഡിയോ അര്‍ജന്‍റീന താരം എന്‍സോ ഫെര്‍ണാണ്ടസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. അര്‍ജന്‍റീന താരങ്ങളുടെ പെരുമാറ്റത്തിനെതിരെ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ തിങ്കളാഴ്ച തന്നെ ഫിഫക്ക് പരാതി നല്‍കിയിരുന്നു.

Scroll to load tweet…

വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കളിക്കാരോടുള്ള ഏത് തരത്തിലുള്ള വിവേചനത്തെയും ഫിഫ അപലപിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എൻസോ ഫെര്‍ണാണ്ടസ് പരസ്യമായി മാപ്പു പറഞ്ഞിരുന്നു. വിജയാഘോഷത്തിന്‍റെ ലഹരിയില്‍ പറ്റിപ്പോയതാണെന്നും എന്‍സോ ഫെര്‍ണാണ്ടസ് വിശദീകരിച്ചിരുന്നു.

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, രോഹിത് മാത്രമല്ല കോലിയും ശ്രീലങ്കയിൽ കളിക്കും; റിഷഭ് പന്തും പരാഗും ടീമിലേക്ക്

അതിനിടെ എന്‍സോ ഫെര്‍ണാണ്ടസിന്‍റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് അര്‍ജന്‍റീന വൈസ് പ്രസിഡന്‍റ് വിക്ടോറിയ വില്ലാറുവല്‍ രംഗത്തെത്തി. കൊളോണിയന്‍ രാജ്യത്തിന്‍റെ പ്രവര്‍ത്തികളെ ഒരിക്കലും പിന്തുണക്കില്ലെന്നും കൊളോണിയന്‍ രാജ്യങ്ങള്‍ അര്‍ജന്‍റീന കളിക്കാര്‍ എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാന്‍ വരേണ്ടെന്നും വിക്ടോറിയ പറഞ്ഞു. അര്‍ജന്‍റീന പരമാധികാരമുള്ള സ്വതന്ത്രരാഷ്ട്രമാണെന്നും അര്‍ജന്‍റീനക്ക് ഒരിക്കലും കോളനികളോ രണ്ടാംകിട പൗരന്‍മാരോ ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ ജീവിതരീതി ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും വിക്ടോറി എക്സ് പോസ്റ്റില്‍ പറഞ്ഞു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക