പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. പിടിച്ചുനിര്‍ത്താന്‍ പിഎസ്ജി  ശ്രമിച്ചെങ്കിലും താരം തന്റെ ആഗ്രഹത്തില്‍ ഉറച്ചനില്‍ക്കുകയായിരുന്നു. ജര്‍മന്‍ മാധ്യമമായ ബില്‍ഡാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പാരീസ്: പിഎസ്ജിയുടെ (PSG) ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ (Kylian Mbappe) അടുത്ത സീസണില്‍ റയല്‍ മാഡ്രിഡ് (Real Madrid) ജേഴ്‌സിയില്‍ കളിച്ചേക്കും. പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. പിടിച്ചുനിര്‍ത്താന്‍ പിഎസ്ജി ശ്രമിച്ചെങ്കിലും താരം തന്റെ ആഗ്രഹത്തില്‍ ഉറച്ചനില്‍ക്കുകയായിരുന്നു. ജര്‍മന്‍ മാധ്യമമായ ബില്‍ഡാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫ്രീ ട്രാന്‍സ്ഫറിലാണ് എംബാപ്പെ റയലിലേക്ക് പോവുക. 

എംബാപ്പെ റയല്‍ അധികൃതരോട് സമ്മതം മൂളിയിട്ടുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 41.5 മില്യണ്‍ പൗണ്ടാണ് റയല്‍ മാഡ്രിഡ് കരാര്‍ വഴി ഒരു സീസണില്‍ ഏംബാപ്പക്ക് പ്രതിഫലമായി ലഭിക്കുക. ഫ്രീ ഏജന്റായി റയലിലെത്തുന്നതിനാല്‍ സൈനിങ് ബോണസും ഇതിനു പുറമെ 23 കാരന് ലഭിക്കും.

എംബാപ്പെ ആരാധിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ്. ക്ലബിന് വേണ്ടി കളിക്കുകയാണ് സ്വപ്‌നമെന്ന് മുമ്പും താരം പറഞ്ഞിട്ടുണ്ട്. റയലാവട്ടെ താരത്തിന് പിന്നാലെയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമം റയല്‍ നടത്തിയെങ്കിലും പിഎസ്ജി ചെവികൊണ്ടില്ല. രണ്ട് തവണയും ഓഫര്‍ നിരസിച്ചു.

ഈ സീസണില്‍ കരാര്‍ പുതുക്കാമെന്ന പ്രതീക്ഷ പിഎസ്ജിക്കുണ്ടായിരുന്നു. എന്നാല്‍ എംബാപ്പെയുടെ മനസില്‍ മറ്റൊരു പദ്ധതിയായിരുന്നു. ഫെബ്രുവരി 15നു റയല്‍ മാഡ്രിഡും പിഎസ്ജിയും തമ്മില്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇതിനിടെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.