വാര്‍വെര്‍ദെ, ബെന്‍സേമ, വിനീഷ്യസ് ത്രിമൂര്‍ത്തികളെ ആക്രമണത്തിന് നിയോഗിച്ചാണ് റയല്‍ മാഡ്രിഡ് മൈതാനത്തെത്തിയത്

ഹെല്‍സിങ്കി: യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിന് കിരീടം. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. ഡേവിഡ് അലാബയും കരീം ബെൻസേമയുമാണ് ഗോളുകൾ നേടിയത്. റയല്‍ മാഡ്രിഡിനായി കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ബെന്‍സേമ ഇതിഹാസ താരം റൗളിനെ മറികടക്കുന്ന് രണ്ടാമനാകുന്നതിനും മത്സരം സാക്ഷിയായി. ഇനി സിആര്‍7 മാത്രമാണ് കരീമിന് മുന്നിലുള്ളത്. 

സമ്പൂര്‍ണം റയല്‍

വാര്‍വെര്‍ദെ, ബെന്‍സേമ, വിനീഷ്യസ് ത്രിമൂര്‍ത്തികളെ ആക്രമണത്തിന് നിയോഗിച്ചാണ് റയല്‍ മാഡ്രിഡ് മൈതാനത്തെത്തിയത്. മധ്യനിരയില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ലൂക്കാ മോഡ്രിച്ചും കസെമിറോയും ടോണി ക്രൂസും അണിനിരന്നപ്പോള്‍ റയല്‍ തുടക്കത്തിലെ മുന്‍തൂക്കം നേടി. കസെമിറോയുടെ അസിസ്റ്റില്‍ 37-ാം മിനുറ്റില്‍ പ്രതിരോധതാരം ഡേവിഡ് അലാബയിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ 65-ാം മിനുറ്റില്‍ വിനിയുടെ അസിസ്റ്റില്‍ കരീം ബെന്‍സേമയുടെ ഗോള്‍ റയലിന്‍റെ വിജയമുറപ്പിച്ചു. സമ്പൂര്‍ണ മേധാവിത്വത്തോടെയാണ് റയലിന്‍റെ വിജയം. ഏഴ് ഷോട്ടുകളാണ് റയല്‍ താരങ്ങള്‍ ലക്ഷ്യത്തിലേക്ക് പായിച്ചത്. 58 ശതമാനം ബോള്‍ പൊസിഷനും റയലിനുണ്ടായിരുന്നു. അതേസമയം മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടിലൊതുങ്ങി ഫ്രാങ്ക്ഫർട്ട്. 

Scroll to load tweet…

ബെന്‍സേമ, ഇത് അയാളുടെ കാലമല്ലേ...

റയൽ മാഡ്രിഡിനായി 324-ാം ഗോൾ നേടിയ കരീം ബെൻസെമ ഗോൾവേട്ടയിൽ ക്ലബിന്‍റെ ഇതിഹാസതാരം റൗളിനെ മറികടന്നു. ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് ബെന്‍സേമയ്‌ക്ക് മുന്നിലുള്ളത്. 450 ഗോളുകൾ നേടിയ റൊണാൾഡോയാണ് റയല്‍ മാഡ്രിഡിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം. അഞ്ചാം യുവേഫ സൂപ്പർ കപ്പാണ് റയൽ സ്വന്തമാക്കിയത്. 1960ന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡും ഐൻട്രാക്റ്റും പ്രധാന മത്സരത്തിൽ നേർക്കുനേർ വന്നത്.

ഏഷ്യാ കപ്പിലുണ്ടാവില്ല, പക്ഷെ അധികം വൈകാതെ അത് സംഭവിക്കും, ഹാര്‍ദ്ദിക്ക് ഭാവി നായകനെന്ന് കിവീസ് താരം