Asianet News MalayalamAsianet News Malayalam

ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ കൊടുങ്കാറ്റാകാന്‍ എംബാപ്പെ; റയലിന്റെ ഓഫർ പിഎസ്‌ജി സ്വീകരിച്ചേക്കുമെന്ന് സൂചന

റയലിന്റെ രണ്ടാമത്തെ ഓഫർ പിഎസ്ജി സ്വീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ 

Real Madrid PSG talks on Kylian Mbappe transfer latest updates
Author
Paris, First Published Aug 30, 2021, 11:24 AM IST

പാരിസ്: ഫ്രഞ്ച് ലീഗില്‍ ഇന്നലെ റെയിംസിനെതിരെ രണ്ട് ഗോൾ നേടിയ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡിന് പിഎസ്ജി നൽകിയേക്കും. റയലിന്റെ രണ്ടാമത്തെ ഓഫർ പിഎസ്ജി സ്വീകരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അവസാന നിമിഷം വരെ കിലിയൻ എംബാപ്പെയെ ടീമിൽ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു പാരിസ് സെന്റ് ജെർമെയ്ൻ. ഇതുകൊണ്ടുതന്നെ എംബാപ്പെയ്‌ക്കായി റയൽ മാഡ്രിഡ് സമർപ്പിച്ച 160 ദശലക്ഷം യൂറോയുടെ ആദ്യ വാഗ്ദാനം പിഎസ്ജി നിരസിക്കുകയും ചെയ്തു. മെസി, നെയ്‌മർ, എംബാപ്പെ കൂട്ടുകെട്ടിലൂടെ കിരീടങ്ങളെല്ലാം സ്വന്തമാക്കുക ആയിരുന്നു പിഎസ്‌ജിയുടെ ലക്ഷ്യം. എന്നാൽ മെസി എത്തിയതോടെ ടീമിൽ തന്റെ പ്രാധാന്യം കുറഞ്ഞുവെന്ന് കരുതുന്ന എംബാപ്പെ ക്ലബിൽ തുടരാൻ താൽപര്യമില്ലെന്ന് ആവർത്തിച്ചു. 

Real Madrid PSG talks on Kylian Mbappe transfer latest updates

ഇതോടെയാണ് റയൽ മാഡ്രിഡ് വീണ്ടും പിഎസ്ജിയെ സമീപിച്ചത്. രണ്ടാം ശ്രമത്തിൽ 180 ദശലക്ഷം യൂറോ നൽകാമെന്നാണ് റയലിന്റെ ഓഫർ. ഇതിൽ 170 ദശലക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസും പത്ത് ദശലക്ഷം യൂറോ അനുബന്ധ ഫീസുകളുമാണ്. അടുത്ത സീസണിൽ എംബാപ്പെ ഫ്രീ ഏജന്റായി ടീം വിടുന്നതിനേക്കാൾ റയലിന്റെ വാഗ്ദാനം സ്വീകരിക്കുകയാണ് നല്ലത് എന്ന് പിഎസ്‌ജി മാനേജ്‌മെന്റ് കരുതുന്നു. 

വരും മണിക്കൂറുകളിൽ പിഎസ്ജിയും റയലും കരാർ കാര്യത്തിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരൻ എന്ന നിലയിലാണ് എംബാപ്പെയെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നത്.  

റയല്‍ മാഡ്രിഡിന്റെ പദ്ധതികളില്‍ ദീര്‍ഘനാളുകളായുള്ള താരമാണ് കിലിയന്‍ എംബാപ്പെ. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ ചരടുവലികള്‍ തുടങ്ങിയതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിഎസ്ജിയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി താരത്തെ പാളയത്തിലെത്തിക്കാനായിരുന്നു റയല്‍ ശ്രമം. 2012ല്‍ തന്റെ പതിമൂന്നാം വയസില്‍ റയലിന്റെ ട്രയലില്‍ പങ്കെടുത്തിട്ടുള്ള എംബാപ്പെ 2018ല്‍ ക്ലബിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്തത് 1400 കോടി രൂപ, തീരെ കുറഞ്ഞുപോയെന്ന് പിഎസ്ജി

Follow Us:
Download App:
  • android
  • ios