ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 51 റെഡ്‌ കാര്‍ഡുകള്‍! ബ്രസീലിലെ സംസ്ഥാന തല അണ്ടര്‍ 20 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ്‌ സംഭവം.2011 ല്‍ അര്‍ജന്റീനയിലെ അഞ്ചാം ഡിവിഷന്‍ മത്സരത്തില്‍ റഫറി 36 പേരെ പുറത്താക്കിയതായിരുന്നു ഇതിന്‌ മുമ്പത്തെ ഗിന്ന ലോക റെക്കോര്‍ഡ്‌.

സാവോപോളോ: ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 51 റെഡ്‌ കാര്‍ഡുകള്‍! ബ്രസീലിലെ സംസ്ഥാന തല അണ്ടര്‍ 20 ഫുട്‌ബോള്‍ മത്സരത്തിനിടെയാണ്‌ സംഭവം. മിനാസ്‌ ജെറൈസ്‌ സംസ്ഥാന അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ ഉബര്‍ലാന്‍ഡിയയും മാമോറെയും തമ്മില്‍ നടന്ന സെമിഫൈനലില്‍ കൂട്ടത്തല്ലുണ്ടായി. തുടര്‍ന്നാണ്‌ റഫറി കളിക്കാരും ടീം സ്റ്റാഫും ഉള്‍പ്പടെ 51 പേരെ ചുവപ്പ്‌ കാര്‍ഡ്‌ കാണിച്ച്‌ പുറത്താക്കിയത്‌. എന്നാല്‍, ഈ കണക്കുകളും ശരിയല്ല, 53 പേരെ പുറത്താക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.

മൈതാനം പോര്‍ക്കളമായതോടെ റഫറി മത്സരം പാതിവഴിയില്‍ വെച്ച്‌ റദ്ദാക്കി. ഏതായാലും സംഭവം ലോക റെക്കോര്‍ഡായി. ഒരൊറ്റ ഫുട്‌ബോള്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ചുവപ്പ്‌ കാര്‍ഡുകള്‍ നല്‍കിയെന്ന നാണക്കേടിന്റെ റെക്കോര്‍ഡ്‌ ഈ മത്സരത്തിനാണ്‌. മത്സരത്തിനിടയിലും ശേഷവുമായിട്ടാണ്‌ റഫറി ഫെര്‍ണാണ്ടോ പാട്രിക്‌ 43 കളിക്കാരെയും എട്ട്‌ കോച്ചിംഗ്‌ സ്‌റ്റാഫുകളെയും പുറത്താക്കിയത്‌. 2011 ല്‍ അര്‍ജന്റീനയിലെ അഞ്ചാം ഡിവിഷന്‍ മത്സരത്തില്‍ റഫറി 36 പേരെ പുറത്താക്കിയതായിരുന്നു ഇതിന്‌ മുമ്പത്തെ ഗിന്ന ലോക റെക്കോര്‍ഡ്‌. വര്‍ഷങ്ങളായി അര്‍ജന്റീന കൊണ്ടു നടന്ന ചീത്തപ്പേരാണ്‌ ബ്രസീലിന്റെ കോര്‍ട്ടിലേക്ക്‌ എത്തിയത്‌.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാമോറെ ടീം 3-1ന്‌ ലീഡെടുത്ത്‌ നില്‍ക്കുമ്പോള്‍ അവരുടെ ഒരു താരം എതിര്‍ടീമിന്റെ ബെഞ്ചിലുള്ളവരെ ലക്ഷ്യമിട്ട്‌ ആഹ്ലാദപ്രകടനം നടത്തിയതാണ്‌ തര്‍ക്കത്തിനിടയാക്കിയത്‌. ഇത്‌ ഇരുടീമിലെയും കളിക്കാരും കോച്ചിംഗ്‌ സ്‌റ്റാഫുകളും ഏറ്റെടുത്തതോടെ കൈയ്യാങ്കളിയായി. ഗ്രൗണ്ടിലെ സംഘര്‍ഷം ഇരുടീമിന്റെയും ആരാധകരും ഏറ്റെടുക്കുന്നതിലേക്ക്‌ നീങ്ങുകയായിരുന്നു. അതിനിടെ, മിലിട്ടറി പോലീസ്‌ രംഗത്ത്‌ വന്നത്‌ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK