Asianet News MalayalamAsianet News Malayalam

Ukraine Crisis : ഇംഗ്ലണ്ടില്‍ പ്രതിഷേധം കടുത്തു; ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി റൊമാൻ അബ്രമോവിച്ച്

റഷ്യൻ ഭരണകൂടവുമായും പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്

Roman Abramovich hands over Chelsea FC control to club foundation due to Russia invasion of Ukraine
Author
Chelsea, First Published Feb 27, 2022, 9:24 AM IST

ചെല്‍സി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് (EPL) ക്ലബ് ചെൽസിയുടെ (Chelsea FC) നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച് (Roman Abramovich). റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്‍റെ (Russia invasion of Ukraine) പശ്ചാത്തലത്തിലാണ് റഷ്യക്കാരനായ അബ്രമോവിച്ച് ക്ലബിന്‍റെ നടത്തിപ്പ് അവകാശം കൈമാറിയത്.

റഷ്യൻ ഭരണകൂടവുമായും പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ കോടീശ്വരൻമാ‍‍ർക്കും ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു. ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടമെന്ന് പാർലമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്‍റ്. ഇതിന് പിന്നാലെയാണ് അബ്രമോവിച്ച് ചെൽസിയുടെ നടത്തിപ്പ് അവകാശം ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയത്. അതേസമയം ക്ലബിന്‍റെ ഉടമസ്ഥൻ ഇപ്പോഴും അബ്രമോവിച്ച് തന്നെയാണ്. ക്ലബിന്‍റെയും താരങ്ങളുടെയും ആരാധകരുടേയും നല്ല താൽപര്യം പരിഗണിച്ചാണ് തീരുമാനമെന്ന് അബ്രമോവിച്ച് പറഞ്ഞു. 

എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം പ്രീമിയർ ലീഗിലും എഫ് എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യൻമാരായി. റഷ്യൻ പാർലമെന്‍റിലെ അംഗമായിരുന്ന അബ്രമോവിച്ച് എട്ട് വർഷം പ്രവിശ്യ ഗവർണറുമായിരുന്നു. 

യുദ്ധത്തിന്‍റെ ഭീകരമായ കാഴ്ചയാണ് യുക്രൈനിൽ. ജനവാസ കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം അഴിച്ചുവിട്ട് കീഴടങ്ങാൻ യുക്രൈന് മേൽ സമ്മർദ്ദം കടുപ്പിക്കുകയാണ് റഷ്യ. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും റഷ്യ പയറ്റുകയാണ്.ഖാർകീവിലെ നഴ്സറി സ്‌കൂളിലടക്കം റഷ്യൻ മിസൈൽ വീണു. വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം റഷ്യ ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആളപായം കുറവായത് ആശ്വാസം.

നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ 3,052പേർ അറസ്റ്റിലായി. 34 നഗരങ്ങളിലായി ഇന്നലെ മാത്രം അറസ്റ്റിലായത് 467 പേരാണ്. 

'തോക്ക് ചൂണ്ടി ഭീഷണി, മർദ്ദനം',പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

Follow Us:
Download App:
  • android
  • ios