Asianet News MalayalamAsianet News Malayalam

Ukraine Crisis : കണ്ണീരണിഞ്ഞ് സിൻചെൻകോ, യുദ്ധവിരുദ്ധ സന്ദേശവുമായി മെസിപ്പട; സമാധാനത്തിന് ബൂട്ടുകെട്ടി മൈതാനം

എവർട്ടന്‍റെ യുക്രൈൻ താരമായ വിറ്റാലി മികോലെങ്കോയെ ഒലക്സാണ്ടർ സിൻചെൻകോ ആലിംഗനം ചെയ്‌തപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു

Russia invasion of Ukraine Oleksandr Zinchenko bursts into tears at Everton vs Man City game
Author
Goodison Park, First Published Feb 27, 2022, 11:08 AM IST

ഗുഡിസണ്‍ പാര്‍ക്ക്: റഷ്യന്‍ അധിവേശം (Russia invasion of Ukraine) നേരിടുന്ന യുക്രൈന് (Ukraine Crisis) പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും (EPL) ഫ്രഞ്ച് ലീഗ് വണ്ണിലും (Ligue 1) താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു.

സ്വന്തം നാടിന്‍റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ് യുക്രൈൻ നായകൻ ഒലക്സാണ്ടർ സിൻചെൻകോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരത്തിനെത്തിയത്. സിറ്റി ഡിഫൻഡർക്ക് പിന്തുണയുമായി സഹതാരങ്ങളും ആരാധകരും രംഗത്തെത്തി. സിറ്റി താരങ്ങള്‍ മൈതാനത്തെത്തിയത് ജഴ്സിയിൽ 'നോ വാർ' എന്നെഴുതിയെങ്കില്‍ സിറ്റിയുടെ എതിരാളികളായ എവർട്ടൻ താരങ്ങളെത്തിയത് യുക്രൈൻ പതാകയുമായാണ്. എവർട്ടന്‍റെ യുക്രൈൻ താരമായ വിറ്റാലി മികോലെങ്കോയെ ഒലക്സാണ്ടർ സിൻചെൻകോ ആലിംഗനം ചെയ്‌തപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു.

ഫ്രഞ്ച് ലീഗ് വണ്ണിൽ ലിയോണല്‍ മെസിയും നെയ്‌മറും കിലിയന്‍ എംബാപ്പെയും ഉൾപ്പെട്ട പിഎസ്‌ജിയും സെന്‍റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്‍മാരായ ചെൽസിയുടെ നടത്തിപ്പ് അവകാശം ടീം ഉടമ റൊമാൻ അബ്രമോവിച്ച്  ക്ലബിന്‍റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറി. റഷ്യൻ ഭരണകൂടവുമായും പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായും അടുത്ത ബന്ധമുള്ള വ്യവസായിയാണ് റൊമാൻ അബ്രമോവിച്ച്. റഷ്യൻ കോടീശ്വരൻമാ‍‍ർക്കും ബാങ്കുകൾക്കും ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ അബ്രമോവിച്ചിനെതിരെ ഇംഗ്ലണ്ടിൽ പ്രതിഷേധം ശക്തമായിരുന്നു. ചെൽസി ഉടമയുടെ ബ്രിട്ടനിലെ സ്വത്തുക്കൾ കണ്ടുകെട്ടമെന്ന് ലേബർ പാർട്ടി എംപി ക്രിസ് ബ്രയന്‍റ് പാർലമെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ്  അബ്രമോവിച്ചിന്‍റെ നീക്കം. 

എണ്ണ വ്യവസായിയായ അബ്രമോവിച്ച് 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസി ഫുട്ബോള്‍ ക്ലബിന്‍റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. ഇതിന് ശേഷം പ്രീമിയർ ലീഗിലും എഫ് എ കപ്പിലും അഞ്ച് തവണയും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും രണ്ട് വട്ടവും ചെൽസി ചാമ്പ്യൻമാരായി. റഷ്യൻ പാർലമെന്‍റിലെ അംഗമായിരുന്ന അബ്രമോവിച്ച് എട്ട് വർഷം പ്രവിശ്യ ഗവർണറുമായിരുന്നു. 

Ukraine Crisis : ഇംഗ്ലണ്ടില്‍ പ്രതിഷേധം കടുത്തു; ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി റൊമാൻ അബ്രമോവിച്ച്

Follow Us:
Download App:
  • android
  • ios