തമിഴ്നാട്ടിൽ വിജയ്യുടെ ടിവികെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി രാഷ്ട്രീയ പ്രതിസന്ധി. എഐഎഡിഎംകെയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി. ഇതോടെ എഐഎഡിഎംകെയെ ഒഴിവാക്കിയേക്കുമെന്നും, കോൺഗ്രസിൽ നിന്നും ടിവികെയിൽ നിന്നുമുള്ള മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്
ചെന്നൈ: തമിഴ്നാട്ടിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടി വി കെ സർക്കാരിന്റെ മന്ത്രിസഭാ വിപുലീകരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണിയിൽ രാഷ്ട്രീയ നാടകങ്ങളും തർക്കങ്ങളും മുറുകുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ 10 ടി വി കെ എം എൽ എമാരും കോൺഗ്രസിൽ നിന്നുള്ള രണ്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ അണ്ണാ ഡിഎംകെ (എ ഐ എ ഡി എം കെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം വലിയ പ്രതിസന്ധിയായിട്ടുണ്ട്. ഇക്കാര്യത്തിൽ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സി പി എം രംഗത്തെത്തിയിട്ടുണ്ട്. എ ഐ എ ഡി എം കെ എം എൽ എമാരെ മന്ത്രിസഭയിൽ എടുത്താൽ ടി വി കെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം വ്യക്തമാക്കി. ഡി എം കെയ്ക്കും എ ഐ എ ഡി എം കെയ്ക്കും എതിരായ ജനവിധിയാണിതെന്നും അവരെ കൂടെക്കൂട്ടുന്നത് ജനവികാരത്തിന് വിരുദ്ധമാണെന്നുമാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സി പി എമ്മിന്റെ ഇതേ നിലപാട് തന്നെയാണ് തങ്ങൾക്കുമുള്ളതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യനും വ്യക്തമാക്കിയിട്ടുണ്ട്.ർ

എ ഐ എ ഡി എം കെ പുറത്ത് തന്നെ
അതേസമയം ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പും നിയമക്കുരുക്കുകൾക്കുള്ള സാധ്യതയും മുൻനിർത്തി അണ്ണാ ഡി എം കെ എം എൽ എമാരെ നാളത്തെ വിപുലീകരണത്തിൽ ഉൾപ്പെടുത്തിയേക്കില്ലെന്നാണ് ഏറ്റവും പുതിയ വിവരം. നിലവിൽ അണ്ണാ ഡി എം കെ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി വി കെ നേതാവും മന്ത്രിയുമായ ആധവ് അർജുന വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിപുലീകരണത്തോടെ കോൺഗ്രസിൽ നിന്ന് രണ്ട് പ്രതിനിധികൾ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോൺഗ്രസിനും ടി വി കെ നേതാക്കൾക്കും പുറമെ ലീഗും വി സി കെയും മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്നും ഇതിനായി അവരുടെ ഭാഗത്തുനിന്ന് ശുഭവാർത്തയ്ക്കായി കാത്തിരിക്കുകയാണെന്നും ആധവ് അർജുന കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ ആഭ്യന്തര തർക്കം ശക്തമായി തുടരുകയാണ്. ലഭിച്ച ഈ ഭരണം പങ്കിടാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെടുമ്പോഴും, ലീഗ് സംസ്ഥാന അധ്യക്ഷൻ ഖാദർ മൊയ്തീൻ ഇതിനോട് പൂർണ്ണമായി യോജിച്ചിട്ടില്ല. ആലോചിച്ച് തീരുമാനമറിയിക്കാം എന്നാണ് ലീഗ് നേതൃത്വം വിജയ്യെ അറിയിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രി വിജയും 9 ടി വി കെ മന്ത്രിമാരുമാണ് ക്യാബിനറ്റിലുള്ളത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ ബുധനാഴ്ച രാത്രിയോടെ ചെന്നൈയിലെത്തും.
