ഇന്ന് രാത്രി 9:30-ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ നേരിടും. അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായി ലയണൽ മെസ്സിയും മുഹമ്മദ് സലായും നേർക്കുനേർ വരുന്നു എന്നത് മത്സരത്തിന്റെ പ്രധാന ആകർഷണമാണ്.

അറ്റ്ലാന്റ: പ്രീ ക്വാർട്ടറിൽ ഇന്ന് അർജന്റീന- ഈജിപ്ത് പോരാട്ടം. രാത്രി 9 .30 നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന നോക്കൗട്ടിൽ കേപ് വർദെയെ തോൽപ്പിച്ചാണ് പ്രീ ക്വാർട്ടറിൽ എത്തുന്നത്. മെസിയും സലായും അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി സലയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. സലയെ പോലെയുള്ള കളിക്കാരെ നേരിടാൻ ഒരു ടീം എന്ന നിലയിലാണ് അർജന്റീന തയ്യാറെടുക്കാറുള്ളതെന്നും സല മികച്ച താരമാണെന്നും സ്കലോണി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"മുഹമ്മദ് സല മികച്ച താരമാണ്. അദ്ദേഹത്തെ നേരിടുകയെന്നത് സന്തോഷമുള്ള കാര്യമാണ്. സാലയെ പോലെയുള്ള കളിക്കാരെ എതിരിടാൻ ടീം എന്ന നിലയിലാണ് ഞങ്ങൾ തയ്യാറെടുക്കാറുള്ളത്." സ്കലോണി പറയുന്നു. ആദ്യമായാണ് ഈജിപ്ത് നോക്കൗട്ടിലെത്തുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ തോല്പിച്ചുകൊണ്ടാണ് ഈജിപ്ത് പ്രീ ക്വാർട്ടർ പ്രവേശനം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലും തോൽവി അറിയാതെയാണ് ഈജിപ്ത് മുന്നേറിയത്.

ഹൂലിയൻ അൽവാരസ് ഇന്ന് മെസിക്കൊപ്പം ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യും. കഴിഞ്ഞ ഇലവനിൽ സ്റ്റാർട്ട് ചെയ്ത ലൗത്താരോ മാർട്ടിനസ് ഇന്ന് ബെഞ്ചിലാണ്. മധ്യനിരയിൽ ലിയാൻഡ്രോ പരേഡസും ഇന്ന് സ്റ്റാർട്ട് ചെയ്യും. അതേസമയം മെസിയുടെ മികച്ച ഫോമിലാണ് അർജന്റീനയുടെ പ്രതീക്ഷ മുഴുവൻ. കഴിഞ്ഞ മത്സരത്തിൽ കേപ് വർദെ ഉയർത്തിയ വെല്ലുവിളി അവസാന നിമിഷത്തിലാണ് അർജന്റീന മറികടന്നത്. നിലവിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിൽ രണ്ടാം സ്ഥാനത്താണ് മെസി. ഏഴ് ഗോളുകൾക്കൊപ്പം 2 അസിസ്റ്റുകൾ കൂടിയുള്ള എംബാപെയാണ് പട്ടികയിൽ മുന്നിൽ.

YouTube video player