കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനോടും ടീമിന്റെ ആരാധകരോടും നന്ദി പറഞ്ഞ് ക്ലബ്ബ് വിട്ട സന്ദേശ് ജിങ്കാന്‍. ഐഎസ്എല്ലിലെ ആദ്യദിവസം മുതൽതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജിങ്കാന്‍ പറഞ്ഞു.ഞങ്ങൾ പരസ്പരം വളരാൻ സഹായിച്ചെങ്കിലും ഒടുവിൽ വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മികച്ച ചില ഓർമ്മകൾ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ്ബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നുവെന്നും ജിങ്കാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ക്ലബ്ബിന് പിന്നിൽ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമർശം, നിങ്ങൾഎന്നോടും, ബ്ലാസ്റ്റേഴ്സിനോടും കാണിച്ച എല്ലാ സ്നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങൾ ക്ലബ്ബിനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബും ആരാധകരും എല്ലായ്പ്പോഴും എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നിലനിർത്തും, എല്ലാവര്‍ക്കും നന്ദി!...ജിങ്കാന്‍ പറഞ്ഞു.

Also Read: ഔദ്യോഗിക പ്രഖ്യാപനമായി, ജിങ്കാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒപ്പം മറ്റൊരു സര്‍പ്രൈസ് കൂടി പ്രഖ്യാപിച്ച് ക്ലബ്ബ്

ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജിംഗാൻ ടീമിന്റ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ടീം വിട്ടതെന്നാണ് സൂചന. പരുക്കേറ്റ ജിംഗാൻ കഴിഞ്ഞ  ഐഎസ്എല്‍ സീസണിൽ ഒറ്റ മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് 26-കാരനായ ജിംഗാൻ.  ടീമിന്റെ മുൻ നായകന്‍ കൂടിയ ജിംഗാൻ 76 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞു.