കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്സലോണയില്‍ വെച്ചാണ് അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ബാഴ്സലോണ: അര്‍ജന്റൈന്‍ (Argentina) സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ (Sergio Aguero) ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു 33കാരന്‍. കളിക്കളത്തിലേക്ക് മടങ്ങിവരിക പ്രയാസമാണെന്ന് അഗ്യൂറോ ബാഴ്സ മാനേജ്‌മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ബാഴ്സലോണയില്‍ വെച്ചാണ് അഗ്യുറോ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈ സീസണ്‍ ആദ്യമാണ് ്്അഗ്യൂറോയെ ബാഴ്സ നൗകാമ്പിലെത്തിച്ചത്. എന്നാല്‍ തുടക്കത്തില്‍ പരിക്ക് അലട്ടി.

കഴിഞ്ഞ ഒക്ടോബറില്‍ അലാവസിനെതിരായ മത്സരത്തിന്റെ 42-ാം മിനുറ്റില്‍ ഗാലറിയെ നോക്കി നിരാശയോടെ അഗ്യൂറോ മൈതാനം വിടുകയായിരുന്നു. വിശദപരിശോധനയില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തി. തിരിച്ചുവരുമെന്ന് ആരാധകര്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഒടുവില്‍ കളിക്കളത്തോട് വിടപറയാന്‍ ഒരുങ്ങുകയാണ് ആരാധകരുടെ കുന്‍ അഗ്യൂറോ. ലിയോണല്‍ മെസിയും അന്റോയിന്‍ ഗ്രീസ്മാനും ബാഴ്സ വിട്ടതോടെ ടീമിന്റെ നെടുന്തൂണാകുമെന്ന് കരുതിയിരിക്കുമ്പോഴാണ് അഗ്യൂറോയ്ക്ക് ഹൃദ്രോഗം സ്ഥിരീകരിക്കുന്നത്.

View post on Instagram

ബാഴ്സലോണയ്ക്ക് വേണ്ടി അഞ്ച് കളികളില്‍ മാത്രമേ അഗ്യൂറോ ബൂട്ട് കെട്ടിയിട്ടുള്ളൂ. മാഞ്ചസ്റ്റര്‍ സിറ്റിയിലെ 10 വര്‍ഷമാണ് അഗ്യൂറോയുടെ കരിയറിലെ സുവര്‍ണകാലം. ടീമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടത്തിന് എന്നും നന്ദി പറയേണ്ടത് അഗ്യൂറോയോട് തന്നെ. അവസാന നിമിഷത്തിലെ അവിസ്മരണീയ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ 260 ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററായി.

View post on Instagram

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ മെസിയോടൊപ്പം പലതവണ കിരീടം കൈവിട്ടെങ്കിലും കോപ്പ അമേരിക്ക നേട്ടത്തില്‍ അഗ്യൂറോയും പങ്കാളിയായി. ഒടുവില്‍ ആരോഗ്യത്തിനോട് പടവെട്ടി അഗ്യൂറോ ബൂട്ടുകളഴിക്കുകയാണ്. 18 വര്‍ഷം നീണ്ട കരിയറിനാണ് 33-ാം വയസില്‍ വിരാമമാകുന്നത്. റയോ വല്ലേക്കാനോക്കെതിരെ മാത്രമാണ് സീസണില്‍ അഗ്യൂറോ 90 മിനിറ്റും ബാഴ്‌സയില്‍ കളിച്ചത്. 

View post on Instagram

മെസിയുടെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ അഗ്യൂറോ അദേഹത്തിന്റെ കൂടെ നിര്‍ബന്ധത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസിക്ക് ബാഴ്സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തില്‍ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.