കണ്ണൂര്‍ വാരിയേഴ്‌സിനോടൊരു കണക്ക് തീര്‍ക്കാനുണ്ടായിരുന്നു, തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ അതങ്ങ് തീര്‍ത്തു. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം മണ്ണില്‍ കണ്ണൂരിനോടേറ്റ പരാജയത്തിന്റെ നിരാശ ഇത്തവണ ഷൂട്ടൗട്ട് വിജയത്തിലൂടെ തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി മറികടന്നു.
തിരുവനന്തപുരം: കണ്ണൂര്‍ വാരിയേഴ്‌സിനോടൊരു കണക്ക് തീര്‍ക്കാനുണ്ടായിരുന്നു, തിരുവനന്തപുരത്തിന്റെ കൊമ്പന്‍മാര്‍ അതങ്ങ് തീര്‍ത്തു. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ സ്വന്തം മണ്ണില്‍ കണ്ണൂരിനോടേറ്റ പരാജയത്തിന്റെ നിരാശ ഇത്തവണ ഷൂട്ടൗട്ട് വിജയത്തിലൂടെ (4-1) തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി മറികടന്നു. സീസണിലെ കന്നിമത്സരത്തില്‍ കാലിക്കറ്റിനോടേറ്റ തോല്‍വിയുടെ ക്ഷീണവും തീര്‍ത്തു.
സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിന്റെ മൂന്നാം സീസണില്‍ കൊമ്പന്‍സ് എഫ് സിയുടെ ആദ്യ ജയമാണിത്. നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്‌കോര്‍. തിരുവനന്തപുരത്തിനായി യുവതാരം മുഹമ്മദ് നിഷാമും കണ്ണൂരിനായി ഫെഡറിക് ബോച്ച്വെയും നിശ്ചിത സമയത്ത് ഗോൾ നേടി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ എസിയർ ഗോമസ്, ഏണസ്റ്റൻ ലവ്സാംബ, ആൽവാരോ ആൽവാരസ് എന്നിവർ എടുത്ത കിക്കുകൾ പിഴച്ചപ്പോൾ തിരുവനന്തപുരം മൂന്ന് കിക്കുകളും ഗോളാക്കിമാറ്റി.
മത്സരത്തിലെ ഗോൾമണമുള്ള ആദ്യ നീക്കം പതിനൊന്നാം മിനിറ്റിലായിരുന്നു. വലതു ടച്ച് ലൈനിനരികിൽ നിന്ന് നിജോ ഗിൽബെർട്ട് തൊടുത്ത ഫ്രീകിക്ക് തിരുവനന്തപുരം പ്രതിരോധത്തിൽ ആശങ്ക പടർത്തി. അപകടകരമായ പന്ത് ഗോൾമുഖത്തേക്ക് താഴ്ന്നിറങ്ങിയെങ്കിലും കൃത്യമായ ഫിനിഷിങ്ങിലൂടെ അവസരം മുതലെടുക്കാൻ ബോക്സിലുണ്ടായിരുന്ന രണ്ട് കണ്ണൂർ താരങ്ങൾക്കും കഴിഞ്ഞില്ല.കളിയുടെ തുടക്കത്തിൽ ഫ്രീകിക്കുകളും കോർണറുകളും നേടിയെടുക്കാൻ തിരുവനന്തപുരത്തിന് സാധിച്ചെങ്കിലും അവയെ ഫലപ്രദമായ ആക്രമണങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. സെറ്റ് പീസുകളിൽനിന്ന് ഗോളവസരങ്ങൾ സൃഷ്ടിക്കാനോ എതിരാളികളുടെ പ്രതിരോധത്തെ സമ്മർദത്തിലാക്കാനോ അവർക്ക് കഴിഞ്ഞില്ല.

31-ാം മിനിറ്റിൽ സെർബിയൻ താരം സ്റ്റെമൻകോവിച്ചിലൂടെ കണ്ണൂർ ലീഡ് നേടുന്നതിന്റെ വക്കിലെത്തി. പ്രതിരോധത്തിലെ വിടവ് മുതലെടുത്ത് ഗോൾമുഖത്തേക്ക് നീങ്ങിയ താരത്തിന്റെ ശ്രമം പക്ഷേ, കൃത്യമായ സമയത്ത് മുന്നോട്ടുകയറി തിരുവനന്തപുരം ഗോൾ കീപ്പർ സത്യജിത് തടഞ്ഞു.42-ാം മിനിറ്റിൽ തിരുവനന്തപുരത്തിന്റെ ആക്രമണം ലക്ഷ്യം കണ്ടു. മധ്യനിരയിൽ നിന്ന് അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് കൃത്യമായി വായിച്ചെടുത്ത മുഹമ്മദ് നിഷാം, നെഞ്ചിൽ പന്ത് നിയന്ത്രിച്ച് പ്രതിരോധതാരങ്ങൾക്ക് പ്രതികരിക്കാൻ അവസരം നൽകാതെ പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ടു. കൃത്യമായ പാസും മികവുറ്റ ഫിനിഷിങ്ങും ചേർന്ന ഗോളിലൂടെ ആതിഥേയർക്ക് ലീഡ് (1-0).
രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക് മോട്ടയുടെ കോർണറിൽ നിന്ന് വന്ന പന്ത് തിരുവനന്തപുരം ക്യാപ്റ്റൻ ഷിനു പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും പ്രതിരോധത്തിൽ തട്ടി വിഫലമായി. പിന്നാലെ ആദിൽ, ഷിജിൻ എന്നിവർ തിരുവനന്തപുരം നിരയിലേക്ക് പകരക്കാരായി എത്തി. ഗൗതം, ഫെഡറിക് ബോച്ച്വെ എന്നിവർക്ക് കണ്ണൂരും അവസരം നൽകി.
80-ാം മിനിറ്റിൽ കണ്ണൂരിന്റെ സമനില ഗോൾ വന്നു. നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫെഡറിക് ബോച്ച്വെ ഗോളാക്കി മാറ്റി (1-1). പിന്നീട് ഗോൾ പിറക്കാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. രണ്ട് റൗണ്ട് മത്സരം പൂർത്തിയായപ്പോൾ കാലിക്കറ്റ് എഫ് സി (5), ഫോഴ്‌സ കൊച്ചി എഫ് സി (5), കണ്ണൂർ വാരിയേഴ്‌സ് എഫ് സി (4), തിരുവനന്തപുരം കൊമ്പൻസ് എഫ് സി (2), മലപ്പുറം എഫ് സി (1), തൃശൂർ മാജിക് എഫ് സി (1) എന്നിങ്ങനെയാണ് പോയന്റ് നില. 7868 പേർ മത്സരം കാണാൻ ഗ്യാലറിയിലെത്തി.
ഒക്ടോബർ 9 വെള്ളിയാഴ്ച മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ് സി, ഫോഴ്‌സ കൊച്ചി എഫ് സിയെ നേരിടും. കിക്കോഫ് രാത്രി 7.30ന്.
ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
