കോഴിക്കോട്‌ ഇ എം എസ്‌ സ്‌റ്റേഡിയത്തിലേക്ക്‌ കുത്തിയൊഴുകിയെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷി, സൂപ്പര്‍ ലീഗ്‌ കേരള മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ്‌ എഫ്‌ സി വിജയാധിപത്യം തുടര്‍ന്നു.4-3ന്‌ കാലിക്കറ്റ്‌ എഫ്‌ സി ഷൂട്ടൗട്ട്‌ ജയിച്ചു.

കോഴിക്കോട്‌: കോഴിക്കോട്‌ ഇ എം എസ്‌ സ്‌റ്റേഡിയത്തിലേക്ക്‌ കുത്തിയൊഴുകിയെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷി, സൂപ്പര്‍ ലീഗ്‌ കേരള മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ്‌ എഫ്‌ സി വിജയാധിപത്യം തുടര്‍ന്നു. നിശ്ചിത സമയത്ത്‌ സ്‌കോര്‍ 1-1 ആയതോടെ, ഷൂട്ടൗട്ടിലാണ്‌ ഡെര്‍ബി ജേതാക്കള്‍ നിര്‍ണയിക്കപ്പെട്ടത്‌. 4-3ന്‌ കാലിക്കറ്റ്‌ എഫ്‌ സി ഷൂട്ടൗട്ട്‌ ജയിച്ചു. ബ്രസീലിയന്‍ ലിയോ, അര്‍ജന്റൈന്‍ താരങ്ങളായ ബോസോ, സോസ എന്നിവരും ലാല്‍നുല്യുംഗയും കാലിക്കറ്റ്‌ എഫ്‌ സിക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. മത്സരത്തിലുടനീളം മികച്ചു നിന്ന മലപ്പുറത്തിന്റെ മൊറോക്കന്‍ താരം എല്‍ഫോര്‍സിയുടേയും അബിത്തിന്റെയും കിക്കുകള്‍ പാഴായി. അബ്ദുല്‍ സമദും നെദിം ഹാസിചും ഗ്രേസ്‌ അഡിയോയും സ്‌കോര്‍ ചെയ്‌തു. കാലിക്കറ്റിന്റെ നിരയില്‍ കിക്ക്‌ പാഴാക്കിയത്‌ അഗസ്റ്റിന്‍ വില്ലലോബോസാണ്‌.

നിശ്ചിത സമയത്ത്‌ മലപ്പുറം എഫ്‌ സിയാണ്‌ ആദ്യം മുന്നിലെത്തിയത്‌. ഡാനിയേലാണ്‌ ഗോളടിച്ചത്‌ (64). കാലിക്കറ്റ്‌ എഫ്‌ സി 78ാം മിനുട്ടില്‍ ലിയോയിലൂടെ ഗോള്‍ മടക്കി. മത്സരം കാണാന്‍ 31876 പേര്‍ സ്റ്റേഡിയത്തിലെത്തിയെന്നതാണ്‌ ഔദ്യോഗിക കണക്ക്‌. എസ്‌ എല്‍ കെ മലബാര്‍ ഡെര്‍ബിയുടെ ചരിത്രത്തിലെ അഞ്ചാം മത്സരമായിരുന്നു ഇത്‌. നാല്‌ മത്സരവും ജയിച്ച്‌ കാലിക്കറ്റ്‌ എഫ്‌ സി മേധാവിത്വം ഊട്ടിയുറപ്പിച്ചു. ഒരു മത്സരം സമനിലയായി.

രണ്ടാം പകുതിയില്‍ ഗോളുകള്‍....

ഏത്‌ നിമിഷവും മലപ്പുറം ഗോളടിച്ചേക്കുമെന്ന്‌ തോന്നിച്ച ഘട്ടത്തിലാണ്‌ ആദ്യ ഗോള്‍ പിറക്കുന്നത്‌. അറുപത്തിനാലാം മിനുട്ടില്‍ മനോഹരമായ ടീം വര്‍ക്കിലൂടെ പിറന്ന ഗോള്‍. മധ്യഭാഗം പിന്നിട്ട ഉടനെ ബിബിന്‍ ജയന്‍ ബോക്‌സിലേക്ക്‌ തൊടുത്തു വിട്ട അളന്ന്‌ തൂക്കിയ ക്രോസ്‌ ബോള്‍ മാര്‍ക്ക്‌ ചെയ്യപ്പെടാതെ നിന്ന മഷൂര്‍ ഷെരീഫ്‌ ഹെഡ്ഡറിലുടെ ഡാനിയേലിന്‌ തട്ടിയിട്ടു കൊടുത്തു. അതുവരെ പറന്ന്‌ സേവ്‌ ചെയ്‌ത ഗോളി മിര്‍ഷാദിന്‌ അവസരം നല്‍കാതെ ഡാനിയേല്‍ വല കുലുക്കി.

ഗോള്‍ മടക്കാന്‍ കാലിക്കറ്റ്‌ എഫ്‌ സി കോച്ച്‌ അഡ്രിയാനോ ഡിമാല്‍ഡെ കണ്ട വഴി ബ്രസീല്‍ മുന്നേറ്റതാരം ലിയോയെ കളത്തിലിറക്കുക എന്നതായിരുന്നു. അത്‌ ഫലം കണ്ടു. എഴുപത്തെട്ടാം മിനുട്ടില്‍ ഇടത്‌ വിംഗില്‍ നിന്ന്‌ അര്‍ജന്റൈന്‍ പ്ലേമേക്കര്‍ ബോസോ ഒര വര വരയ്‌ക്കും പോലെ സെക്കന്‍ഡ്‌ ബോക്‌സിലേക്ക്‌ നല്‍കിയ പാസ്‌ ഗോളിക്കും അവസാന ഡിഫന്‍ഡര്‍ക്കും അവസരം നല്‍കാതെ ലിയോക്ക്‌ മുന്നില്‍-ഫസ്റ്റ്‌ ടച്ചില്‍ ഗോള്‍!

ആവേശകരമായ തുടക്കം...

കാലിക്കറ്റ്‌ എഫ്‌ സിയുടെ ടച്ചോടെ തുടങ്ങിയ മത്സരത്തിന്റെ ആദ്യ പതിനഞ്ച്‌ മിനുട്ട്‌ നേരം മധ്യനിരയില്‍ ആധിപത്യം പുലര്‍ത്തിയത്‌ ആതിഥേയരായിരുന്നു. അതേസമയം,മൂന്നാം മിനുട്ടില്‍ മത്സരത്തിലെ ആദ്യ ടാര്‍ജറ്റ്‌ ഷോട്ട്‌ പായിച്ചത്‌ മലപ്പുറമായിരുന്നു. തൊട്ടടുത്ത മിനുട്ടുകളില്‍ തുടരെ ആക്രമിച്ചു കളിച്ച കാലിക്കറ്റ്‌ മൂന്ന്‌ കോര്‍ണറുകള്‍ നേടിയെടുത്തു. പതിനൊന്നാം മിനുട്ടില്‍ അര്‍ജന്റൈന്‍ പ്ലേമേക്കര്‍ ബോസെയെ വീഴ്‌ത്തിയതിന്‌ കാലിക്കറ്റിന്‌ അനുകൂലമായി ഫ്രീകിക്ക്‌ ലഭിച്ചു. കഴിഞ്ഞ മത്സരത്തില്‍ കാലിക്കറ്റിന്റെ ഹീറോ ആയ ബോസോയെ തുടക്കത്തിലേ മലപ്പുറം എഫ്‌ സി നോട്ടമിട്ടു. ബോസോ തുടരെ ഫൗളിന്‌ ഇരയായി. കാലിക്കറ്റിന്റെ മധ്യനിരയെ പന്തെടുക്കും മുമ്പ്‌ ആക്രമിച്ച്‌ വീഴ്‌ത്തുന്ന ശൈലി സ്വീകരിച്ച സന്ദര്‍ശക ടീം പതിയെ മത്സരം നിയന്ത്രണത്തിലാക്കി.

ഗോള്‍മുഖം വിറപ്പിച്ച്‌ മലപ്പുറം...

പതിനാറാം മിനുട്ടില്‍ ഒരു പ്രത്യാക്രമണം. മധ്യനിരയില്‍ നിന്ന്‌ ലഭിച്ച ത്രൂ പാസുമായി ക്യാപ്‌റ്റന്‍ സുകോന ബോക്‌സിലേക്ക്‌ കയറി ഷോട്ട്‌ ചെയ്‌തെങ്കിലും ഗോളി മിര്‍ഷാദ്‌ ഇടത്‌ കൈ കൊണ്ട്‌ അത്ഭുതകരമായി തടഞ്ഞു. നാല്‌ മിനുട്ടിനുള്ളില്‍ വീണ്ടും സുവര്‍ണാവസരം. വലതു വിംഗില്‍ നിന്ന്‌ പ്രബഞ്ച്‌ പ്രസാദ്‌ നല്‍കിയ ക്രോസ്‌ ബോക്‌സിനുള്ളില്‍ സുകോന ഹെഡ്‌ ചെയ്‌തെങ്കിലും പുറത്തേക്കാണ്‌ പോയത്‌. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ എല്‍ഫോര്‍സി ഗോളി മാത്രം മുന്നില്‍ നിന്ന്‌ തൊടുത്ത ഷോട്ട്‌, ഗോളി മിര്‍ഷാദ്‌ വീണ്ടും ഇടത്‌ കൈ കൊണ്ട്‌ തട്ടിമാറ്റി. നാല്‍പ്പത്തിമൂന്നാം മിനുട്ടില്‍, പകരക്കാരനായിറങ്ങിയ മുഹമ്മദ്‌ മഹ്‌ദിയും ഗോളെന്നുറച്ച അവസരം തുലച്ചു. ആദ്യ പകുതിയുടെ അവസാന സെക്കന്‍ഡുകളില്‍ തുടരെ രണ്ട്‌ ആക്രമണങ്ങള്‍ നടത്തിയതൊഴിച്ചാല്‍ മലപ്പുറമായിരുന്നു നിറഞ്ഞു നിന്നത്‌.

നിറഞ്ഞ ഗാലറി, എങ്ങും ആരവം...

കോഴിക്കോട്‌ ഇ എം എസ്‌ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. മലപ്പുറം ഡെര്‍ബിയുടെ എല്ലാ ആവേശവും ഗാലറിയില്‍ കാണാമായിരുന്നു. ഓരോ നീക്കത്തിനും ആരാധകര്‍ ഇളകി മറിഞ്ഞു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK