അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ഈ പ്രഖ്യാപനം വന്നപ്പോള്‍ വികാരാധീനനായ വിന്‍സിക്, യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ നിരവധി പ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ച പരിചയസമ്പന്നനാണ്.

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മിലുള്ള കിരീടപ്പോരാട്ടം നിയന്ത്രിക്കാന്‍ സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിക്കിനെ തെരഞ്ഞെടുത്തു. ജൂലൈ 19 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വിന്‍സിക്കിനൊപ്പം സഹപ്രവര്‍ത്തകരായ ടോമാസ് ക്ലാന്‍ച്‌നിക്, ആന്‍ഡ്രാസ് കോവാസിക് എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാകും.

തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായ ഫൈനല്‍ നിയോഗം പ്രഖ്യാപിച്ചപ്പോള്‍ വിന്‍സിക് വികാരാധീനനായി. റഫറിമാരുടെ സംഘത്തിന് മുന്നില്‍ വെച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നയുടന്‍ സന്തോഷം അടക്കാനാവാതെ അദ്ദേഹം കണ്ണീരണിഞ്ഞു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അഭിനന്ദനങ്ങളാല്‍ മൂടി.

Scroll to load tweet…

അനുഭവസമ്പന്നനായ വിന്‍സിക്

2010 മുതല്‍ ഫിഫ ലിസ്റ്റഡ് ഒഫീഷ്യലായ വിന്‍സിക് യുവേഫയിലെ ഏറ്റവും പരിചയസമ്പന്നരായ റഫറിമാരില്‍ ഒരാളാണ്. 2024 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ നിരവധി സുപ്രധാന മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്. 2022 ഫിഫ ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ച വിന്‍സിക്, നിലവിലെ ലോകകപ്പിലും മൂന്ന് മത്സരങ്ങളില്‍ ചുമതല വഹിച്ചു. ജൂലൈ ഒന്നിന് മെക്‌സിക്കോ-ഇക്വഡോര്‍ മത്സരം നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. അന്ന് മെക്‌സിക്കോ 2-0ത്തിന് വിജയിച്ച മത്സരത്തില്‍ ഇക്വഡോറിന്റെ പിയറോ ഹിന്‍കാപ്പി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.

വിന്‍സിക്കിന്റെ ടീമിലെ അംഗങ്ങളായ ക്ലാന്‍ച്‌നിക്കും കോവാസിക്കും പത്ത് വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജോര്‍ദാനില്‍ നിന്നുള്ള അദാം മഖദ്‌മേഹ് ആണ് ഫൈനലിലെ നാലാം റഫറി. മുഹമ്മദ് അല്‍ഖലാഫ് റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കും.

YouTube video player