ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ബ്ലാസ്‌റ്റേഴ്‌സിന് സുപ്പര്‍ കപ്പില്‍ നിന്ന് മിന്നും തുടക്കം ലഭിച്ചിരുന്നു.
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനാണ് എതിരാളികള്‍. ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട് 4.30നാണ് മത്സരം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച ബ്ലാസ്‌റ്റേഴ്‌സിന് സുപ്പര്‍ കപ്പില്‍ നിന്ന് മിന്നും തുടക്കം ലഭിച്ചിരുന്നു. പുതിയ സ്പാനിഷ് കോച്ച് ദവീദ് കറ്റാല എത്തിയതോടെ അടിമുടി മാറിയിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്നേറ്റം എളുപ്പമല്ല.
ഐഎസ്എല്‍ ലീഗ് ഷീല്‍ഡും കിരീടവും സ്വന്തമാക്കിയ മോഹന്‍ ബഗാനാണ് എതിരാളികള്‍. ഹാട്രിക്ക് നേട്ടം ലക്ഷ്യമിടുന്ന വമ്പന്മാരെ വിറപ്പിച്ചാല്‍ മഞ്ഞപ്പടയ്ക്ക് മധുര പ്രതികാരം. ഈ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും ബഗാന്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു. പ്രധാന വിദേശ താരങ്ങള്‍ ഇന്ന് മോഹന്‍ ബഗാനായി കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ ബഗാന്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാന്‍ സാധ്യതയില്ല. പകരം ക്വാമി പെപ്ര ആദ്യ ഇലവനില്‍ കളിച്ചേക്കും. കലിങ്ക സ്റ്റേഡിയത്തില്‍ ഹെസുസ് ഹെമനെ, നോവ സദോയി മാജിക് കാത്തിരിക്കുകയാണ് ആരാധകര്‍. മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് എട്ട് തവണ. ഇതില്‍ ആറിലും ബഗാന് ജയം. ഈ കണക്കുളെ തകര്‍ത്തെറിയാന്‍ ദവീദ് കറ്റാലയ്ക്ക് ആകുമോ. കാത്തിരുന്ന് കാണാം.
എഫ്‌സി ഗോവ - പഞ്ചാബ് എഫ്‌സി മത്സരം
സൂപ്പര്‍ കപ്പിലെ മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ എഫ്‌സി ഗോവ പഞ്ചാബ് എഫ്‌സിയുമായി ഏറ്റുമുട്ടും. രാത്രി 8 മണിക്കാണ് മത്സരം. ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ക്വര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ഗോകുലം കേരളയെ തകര്‍ത്താണ് ഗോവയുടെ വരവ്. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ എഫ്‌സി ഗോവ രണ്ടാം സ്ഥാനത്തും പഞ്ചാബ് പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. പരിശീലകന്‍ മനോലോ മാര്‍ക്വാസിന് കീഴില്‍ ഗോവയുടെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്.

