അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ ഭരണഘടനയ്ക്ക് സുപ്രീം കോടതി തത്വത്തില്‍ അംഗീകാരം നല്‍കി. കല്യാൺ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ സമിതിക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി

ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി. ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്ന് സുപ്രീം കോടതി വിലയിരുത്തി. ഫെഡറേഷന്‍റെ 14 അംഗ നിർവാഹക സമിതിയിൽ ഇനി മുതൽ കുറഞ്ഞത് 5 ഇന്ത്യൻ മുൻ താരങ്ങൾ ഉണ്ടായിരിക്കണമെന്നും ഇവരില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും ജസ്റ്റിസുമാരായ നരസിംഹ, എ. എസ്.ചന്ദൂർകർ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പുതിയ ഭരണഘടനക്ക് നാലാഴ്ചക്കകം ജനറല്‍ ബോഡി യോഗം ചേര്‍ന്ന് അംഗീകാരം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടത്തിയാല്‍ മതിയെന്നും അതുവരെ കല്യാൺ ചൗബേയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിവവിലെ ഭരണസമിതിക്ക് കാലവധി പൂര്‍ത്തിയാക്കാന്‍ ഒരു വർഷമല്ലേ ബാക്കിയുള്ളൂവെന്നും കാലാവധി പൂർത്തിയാക്കട്ടെ എന്നും കോടതി പറഞ്ഞു. ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിക്കണമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫ നല്‍കിയ അന്ത്യശാസനം. സുപ്രീം കോടതിയും അംഗീകരിച്ചതോടെ ഫെഡറേഷനെ ഫിഫ വിലക്കാനുള്ള സാധ്യത ഇല്ലാതായി.

സുപ്രീം കോടതി നിര്‍ദേശപ്രകാരം മുന്‍ സുപ്രീം കോടതി ജഡ്ജി എല്‍ നാഗേശ്വര റാവുവാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഭരണഘടനാ പരിഷ്കരണത്തിന് നേതൃത്വം നല്‍കിയത്. പുതിയ ഭരണഘടന അനുസരിച്ച് ഒരു പ്രസിഡന്‍റ് രണ്ട് വൈസ് പ്രസി‍ഡന്‍റുമാര്‍ ഒറു ട്രഷറര്‍ പത്ത് അംഗങ്ങള്‍ എന്നിവരടങ്ങുന്നതായിരിക്കണം ഭരണസിമിതി. 70 വയസ് ആയിരിക്കും ഭാരവാഹികളുടെ പരമാവധി പ്രായം. തുടര്‍ച്ചയായി എട്ട് വര്‍ഷം ഭാരവാഹിത്വം വഹിച്ചാല്‍ പിന്നീട് നാലു വര്‍ഷത്തെ കൂളിംഗ് ഓഫ് കാലയളവ് കഴിഞ്ഞു മാത്രമെ ഭാരവാഹി ആകാനാകു. ഒരാള്‍ക്ക് പരാമാവധി 12 വര്‍ഷം മാത്രമെ ഭാരവാഹിത്വം വഹിക്കാനാവു എന്നും പുതിയ ഭരണഘടന പറയുന്നു. പ്രസിഡന്‍റ് അടക്കമുള്ള ഭാരവാഹികളെ അവിശ്വസായ പ്രമേയത്തിലൂടെ പുറത്താക്കാമെന്നും പുതിയ ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. നിലവിലെ ഭരണഘടനയില്‍ ഇതിന് കഴിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക