അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചതായി ടി സിദ്ധിഖ്

കല്‍പറ്റ: സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022) ക്ലാസിക് ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത് കേരളം കിരീടം നേടിയതിന്‍റെ ആവേശം കെട്ടടങ്ങും മുമ്പ് വമ്പന്‍ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎല്‍എ (T Siddique). ഏഴാം കിരീടത്തില്‍ മുത്തമിട്ട കേരളത്തിന്‍റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് (Muhammed Rashid K) സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്നാണ് കല്‍പറ്റ എംഎല്‍എയായ ടി സിദ്ധിഖിന്‍റെ പ്രഖ്യാപനം. റാഷിദിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്ന് സിദ്ധിഖ് വ്യക്തമാക്കി. റാഷിദിനും കല്‍പറ്റയില്‍ നിന്നുള്ള മറ്റൊരു താരമായ സഫ്‌നാദിനും വന്‍ സ്വീകരണം ഒരുക്കുമെന്നും ടി സിദ്ധിഖ് അറിയിച്ചു. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നിര്‍ണായക ഗോള്‍ നേടിയ താരമാണ് സഫ്‌നാദ്.

ടി സിദ്ധിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

'സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത്‌ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതിനിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്. ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ്‌ നേരെ പോയത്‌ കളി കഴിഞ്ഞ്‌ പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്‌‌. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക്‌ ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക്‌ കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു'.

ഏഴഴകില്‍ കേരളം 

ഫൈനലില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെ ബംഗാള്‍ ലീഡെടുത്തു. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങില്‍ നിന്ന് നൗഫല്‍ നല്‍കിയ ക്രോസില്‍ പകരക്കാരനായി എത്തിയ സഫ്‌നാദ് ഉഗ്രന്‍ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

തുടര്‍ന്ന് നടന്ന പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടാം കിക്കെടുത്ത ബംഗാളിന്‍റെ സജലിന് പിഴച്ചു. സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളായി. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. ആതിഥേയരെന്ന നിലയില്‍ കേരളത്തിന്‍റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്‍റെ കിരീടനേട്ടം.

ജിജോ ജോസഫിന്‍റെ ക്യാപ്റ്റന്‍സിയില്‍ സന്തോഷ കിരീടം; ആഘോഷത്തിമിര്‍പ്പില്‍ തൃശൂരിലെ തിരൂർ ഗ്രാമവും കുടുംബവും