Asianet News MalayalamAsianet News Malayalam

ഹക്കീമിയേയും ഭാര്യ ഹിബ അബൂക്കിനേയും കുറിച്ച് തസ്ലീമ നസ്രിന്‍; ട്വീറ്റിന് താഴെ ചര്‍ച്ച കൊഴുക്കുന്നു

ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലീമ നസ്‌റിന്‍ പങ്കുവച്ച ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമി, ഭാര്യ ഹിബ അബൂക്കിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

taslima nasrin on achraf hakimi and his wife hiba abouk
Author
First Published Dec 12, 2022, 10:21 PM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വിസ്മയ പ്രകടനമാണ് മൊറോക്കോ നടത്തിയത്. ബെല്‍ജിയം, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരെ മറികടന്നാണ് മൊറോക്കോ സെമി ഫൈനലിലെത്തിയത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീം കൂടിയാണ് മൊറോക്കോ. പലസ്തീന്‍ പതാകയേന്തി വിജയമാഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ലോകകപ്പിലെ ആഫ്രിക്കന്‍ കരുത്തായി തിളങ്ങുന്ന മൊറോക്കന്‍ താരങ്ങളുടെ വേറിട്ട വിജയാഘോഷവും, അമ്മമാരുടെ സാന്നിധ്യവുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

എന്നാലിപ്പോള്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലീമ നസ്‌റിന്‍ പങ്കുവച്ച ട്വീറ്റാണ് ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. മൊറോക്കോയുടെ സൂപ്പര്‍ താരം അഷ്‌റഫ് ഹക്കീമി, ഭാര്യ ഹിബ അബൂക്കിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് അവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ''മൊറോക്കോയുടെ സ്റ്റാര്‍ പ്ലെയര്‍ അഷ്‌റഫ് ഹക്കീമിയും, ഭാര്യയും. ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ ബുര്‍ഖയും ഹിജാബുമൊന്നും ധരിച്ചിട്ടില്ല.'' എന്ന കുറിപ്പും തസ്‌ലിമ നസ്‌റിന്‍ നല്‍കിയിട്ടുണ്ട്. ട്വീറ്റ് വായിക്കാം...

താരങ്ങളുടെ ഇസ്ലാമിക രീതികള്‍ ഒരു വിഭാഗം ഉയര്‍ത്തിക്കാണിക്കുമ്പോഴാണ് തസ്ലീമയുടെ ട്വീറ്റ്. പിന്നാലെ ചര്‍ച്ചകള്‍ പലവിധമാണ്. ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ചിലര്‍. ആക്ടിവിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ചിട്ട്, ഇതാണോ സമീപനമെന്ന് മറ്റുചിലര്‍. സ്‌പെയിനിലെ പ്രമുഖ നടിയാണ് 36കാരിയായ ഹീബ അബൂക്ക്. 24കാരനായ അഷ്‌റഫ് ഹക്കീമിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം. രണ്ട് കുട്ടികളുമുണ്ട്. വോഗ് അറേബിയയുടെ മുഖചിത്രമായ ദമ്പതികള്‍, നിരവധി ആഗോള വേദികളില്‍ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.

ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനെ നേരിടാനൊരുങ്ങുകയാണ് മൊറോക്കോ. സെമിയില്‍ പോര്‍ച്ചുഗലിനെ 1-0ത്തിന് തോല്‍പ്പിച്ചാണ് മൊറോക്കോ വരുന്നത്. വമ്പന്‍മാരെ വീഴ്ത്തി മുന്നേറുന്നതാകട്ടെ സമര്‍ത്ഥനാ വാലിദ് റിഗ്രാഗ്വി എന്ന കോച്ചിന്റെ തന്ത്രങ്ങളുടെ കരുത്തിലും. ക്വാര്‍ട്ടറില്‍ ബ്രസീലും പോര്‍ച്ചുഗലും തോറ്റ് പുറത്തായപ്പോള്‍ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തി ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോ സെമി ഫൈനലില്‍ പ്രവേശിച്ചതാണ് ഈ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്ന്.

കലാശപ്പോരിലേക്ക് മെസിയോ, മോഡ്രിച്ചോ? പോര് ഗോള്‍ കീപ്പമാര്‍ തമ്മില്‍ കൂടിയാണ്

Follow Us:
Download App:
  • android
  • ios