കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സംഘടിപ്പിച്ച ടൂര്‍ണമെന്‍റ് പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിന്‍റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം.
കൊച്ചി: സിംപിൾ എനർജി ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പില്‍ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുരുഷ വിഭാഗം കിരീടം നേടി.വാശിയേറിയ ഫൈനലിൽ ടിസിഎസ് എച്ച് ആന്‍ഡ് ആർ ബ്ലോക്കിനെ 2-1 ന് തോല്‍പിച്ചാണ് കിരീടം നേടിയത്. വനിതകളില്‍ യുഎസ്‌ടി കിരീടം നേടി. വിപ്രോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുഎസ്‌ടി പരാജയപ്പെടുത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സംഘടിപ്പിച്ച ടൂര്‍ണമെന്‍റ് പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിന്‍റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. ലുലു ഫോറെക്‌സും ആക്ടിവ്ബേസും ചേർന്ന് സ്പോൺസർ ചെയ്ത ടൂർണമെന്‍റിന് കാക്കനാട്ടെ ആക്ടിവ്ബേസ് സ്പോർട്സ് സെന്‍ററാണ് വേദിയായത്.

പുരുഷ വിഭാഗത്തിൽ ടിസിഎസിലെ റീജോ ജോർജ് പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്‌കാരം നേടി. ടിസിഎസിന്‍റെ തന്നെ ജൂബിൻ അഗസ്റ്റിനാണ് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെന്‍റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം എക്സ്പീരിയണിലെ അഹമ്മദ് മുർഷാദിന് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്‌ടിയിലെ സൂര്യ പോൾ വനിതാ വിഭാഗം പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പിങ്ങിന് യുഎസ്‌ടിയിലെ വിജയലക്ഷ്മി വിൽസൺ ഗോൾഡൻ ഗ്ലൗവും, ടോപ് സ്കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.
ബ്ലാസ്റ്റേഴ്‌സ് താരം ശ്രീകുട്ടൻ എം.എസ്., ഗോൾകീപ്പർ അൽസാബിത്ത് എസ്.ടി. എന്നിവരുടെ സാന്നിധ്യം താരങ്ങൾക്കും ആവേശം പകർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി, കൊമേഴ്‌സ്യൽ ആന്‍ഡ് റെവന്യൂ മേധാവി രഘു രാമചന്ദ്രൻ, സിംപിൾ എനർജി മാർക്കറ്റിംഗ് മാനേജർ ഷിനോയ് തോമസ്, ആക്ടിവ്ബേസ് മാനേജിംഗ് ഡയറക്ടർ ഡോ. അനസ് കൊല്ലഞ്ചേരി തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ സമാപന ചടങ്ങിൽ പങ്കെടുത്തു. സിംപിൾ എനർജി, ലുലു ഫോറെക്സ്, ആക്ടിവ്ബേസ്, വിപിഎസ് ലേക്‌ഷോർ, തനിഷ്‌ക് എടപ്പള്ളി, പിസ്സ ഹട്ട്, ക്രാവിൻ എന്നിവരാണ് ടൂർണമെന്‍റിന് പിന്തുണ നൽകിയത്.
കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ കൂട്ടായ പ്രവർത്തനവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ വേദിയായി ഈ ടൂർണമെന്‍റ് മാറി. ഫുട്ബോളിനപ്പുറം കായിക വികസനത്തിനും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകാനുള്ള തങ്ങളുടെ ശ്രമം ബ്ലാസ്റ്റേഴ്‌സ് തുടരും.


