അതേ സമയം ആക്രമണത്തില്‍ പങ്കാളികളായ പത്തുപേരെ അറസ്റ്റ് ചെയ്തതായി ബെല്‍ജിയം പൊലീസ് അറിയിച്ചു. 

ബ്രസല്‍സ്: ലോകകപ്പില്‍ ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ബെല്‍‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. ബെല്‍ജിയം ഫുട്ബോള്‍ ആരാധകരാണ് ബ്രസല്‍സ് കലാപക്കളമാക്കിയത്. അക്രമികള്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കുകയും, വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കുപറ്റി.

ആക്രമണം നിയന്ത്രിക്കുന്നതിനായി സ്ഥലത്ത് 100ലധികം അധിക പൊലീസ് വിന്യസിച്ചതായി ബ്രസൽസ് പൊലീസ് വക്താവ് ഇൽസ് വാൻ ഡി കീർ പറഞ്ഞു. ആക്രമികള്‍ക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ആക്രമം വ്യാപിക്കാതിരിക്കാന്‍ ബ്രസല്‍സില്‍ മണിക്കൂറുകളോളം മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. റോഡുകളില്‍ കര്‍ശന പരിശോധനയും, യാത്ര നിയന്ത്രണവും ഏര്‍പ്പെടുത്തി.

അതേ സമയം ആക്രമണത്തില്‍ പങ്കാളികളായ പത്തുപേരെ അറസ്റ്റ് ചെയ്തതായി ബെല്‍ജിയം പൊലീസ് അറിയിച്ചു. അന്‍റ്വെര്‍പ്പിലും കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടന്നുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

അതേ സമയം ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയാണ് മൊറോക്കന്‍ കരുത്തിന് മുന്നില്‍ കാലിടറി വീണത്. അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോള്‍ ബെല്‍ജിയം ഗോളി കോര്‍ത്വേ തന്‍റെ കലിപ്പത്രയും ഡഗൗട്ടിനോട് തീര്‍ത്താണ് പോയത്. പോയവഴി ഡഗൗട്ടിന്‍റെ കവചത്തിന് ഒരു പഞ്ച് കൊടുക്കുകയായിരുന്നു ബെല്‍ജിയത്തിന്‍റെ സ്റ്റാര്‍ ഗോളി. ഈ ദൃശ്യങ്ങള്‍ ഇഎസ്‌പിഎന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

ലോകകപ്പിന് വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിക്കുകയായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. 

ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം മൂന്ന് പോയിന്‍റേടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം-ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും. 

മൊറോക്കോയോട് തോറ്റതിന് ഡഗൗട്ട് എന്ത് പിഴച്ചു; കട്ടക്കലിപ്പില്‍ ബെല്‍ജിയം ഗോളിയുടെ ഇടി- വീഡിയോ