41-കാരനായ റൊണാൾഡോയുടെ ഫുട്ബോൾ കരിയര്‍ ആരംഭിച്ചത് സ്പോർട്ടിങ് സിപിയുടെ അക്കാദമിയിലൂടെയാണ്. 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് മുൻപ് സ്പോർട്ടിങ്ങിനായി തിളങ്ങിയ താരം പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിലെ തിളങ്ങുന്ന താരമായി.

ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. യുവേഫ നേഷൻസ് ലീഗിൽ സെപ്റ്റംബർ 24-ന് വെയിൽസിനെതിരെ നടക്കുന്ന മത്സരമാകും പോര്‍ച്ചുഗല്‍ കുപ്പായത്തിൽ റൊണാള്‍ഡോയുടെ അവസാന മത്സരമെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ ഫുട്ബോൾ കരിയർ തുടങ്ങിയ സ്പോർട്ടിങ് ലിസ്ബണിന്‍റെ ഹോം ഗ്രൗണ്ടായ എസ്താഡിയോ ജോസെ അൽവലാഡെ സ്റ്റേഡിയത്തിൽ തന്നെയാണ് വിടവാങ്ങൽ മത്സരത്തിനും കളമൊരുങ്ങുന്നതെന്ന് മാധ്യമപ്രവർത്തകനായ മുഹമ്മദ് അവാദ് ഒരു പോർച്ചുഗീസ് ഏജന്‍റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനോ റൊണാൾഡോയോ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

41-കാരനായ റൊണാൾഡോയുടെ ഫുട്ബോൾ കരിയര്‍ ആരംഭിച്ചത് സ്പോർട്ടിങ് സിപിയുടെ അക്കാദമിയിലൂടെയാണ്. 2003-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുന്നതിന് മുൻപ് സ്പോർട്ടിങ്ങിനായി തിളങ്ങിയ താരം പിന്നീട് രണ്ട് പതിറ്റാണ്ടിലേറെ ലോക ഫുട്ബോളിലെ തിളങ്ങുന്ന താരമായി. അവിസ്മരണീയമായ അന്താരാഷ്ട്ര കരിയറിന്, തുടക്കം കുറിച്ച സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് തന്നെ ഇതിഹാസ താരത്തിന്‍റെ കരിയറിന് തിരശ്ശീല വീഴുന്നു എന്നത് ആരാധകർക്കും വൈകാരികമായ നിമിഷമായിരിക്കും. 2026-27 നേഷൻസ് ലീഗ് സീസണിൽ പോർച്ചുഗലിന്‍റെ ആദ്യ മത്സരമാണിത്.

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനുമാണ് ക്രിസ്റ്റ്യാനോ. 233 മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി കളച്ച റൊണാള്‍ഡോ 146 ഗോളുകള്‍ നേടി. 2016ലെ യൂറോ കപ്പ്, 2019ലെ യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളാണ് കരിയറിലെ പ്രധാന നേട്ടങ്ങള്‍. കഴിഞ്ഞ ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിൽ സ്പെയിനോട് 1-0 ന് തോറ്റ് പോർച്ചുഗൽ പുറത്തായിരുന്നു. ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മത്സരശേഷം റൊണാൾഡോ സ്ഥിരീകരിച്ചിരുന്നെങ്കിലും ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ എപ്പോഴെന്ന് പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പ് തിരിച്ചടിക്ക് ശേഷം ജോർജ്ജ് ജീസസ് പോർച്ചുഗൽ ദേശീയ ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റിരുന്നു. പുതിയ പരിശീലകന് കീഴിൽ തുടർന്ന് കളിക്കുമോ എന്ന കാര്യത്തിൽ റൊണാൾഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക