ടൂർണമെന്‍റിൽ മുംബൈ എഫ്‌സി ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ടൈഗർ കളിച്ചിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും 0-5 എന്ന സ്കോറിന് കടുത്ത തോൽവി വഴങ്ങിയ മുംബൈ എഫ്‌സി ഇതിനോടകം തന്നെ ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു.

ഷില്ലോങ്: ഡ്യൂറൻഡ് കപ്പിൽ മേഘാലയ ക്ലബ്ബായ നോങ്‌സെ എസ്‌എസ്‌ആൻഡ്‌സിസിക്ക് എതിരായ മുംബൈ എഫ്‌സിയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. അപ്രതീക്ഷിതമായി വന്ന സിനിമാ തിരക്കുകൾ കാരണമാണ് ഷില്ലോങ്ങിൽ നടക്കുന്ന മത്സരത്തിൽ പങ്കാളിയാകാൻ കഴിയാത്തതെന്ന് താരം വ്യക്തമാക്കി. ടൂർണമെന്‍റിൽ മുംബൈ എഫ്‌സി ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും ടൈഗർ കളിച്ചിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും 0-5 എന്ന സ്കോറിന് കടുത്ത തോൽവി വഴങ്ങിയ മുംബൈ എഫ്‌സി ഇതിനോടകം തന്നെ ടൂർണമെന്‍റിൽ നിന്ന് പുറത്തായിരുന്നു. ക്ലബ്ബിന്‍റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഷ്രോഫ് പിന്മാറ്റ വിവരം ആരാധകരെ അറിയിച്ചത്.

ശരിക്കും നിർഭാഗ്യകരമായ സാഹചര്യമാണിത്. അവസാന നിമിഷം ഒഴിവാക്കാനാകാത്ത ജോലി തിരക്കുകൾ വന്നതുകൊണ്ടാണ് ഷില്ലോങ്ങിൽ എത്തി ഡ്യൂറൻഡ് കപ്പ് കളിക്കാൻ സാധിക്കാത്തത്. എന്‍റെ ടീമായ മുംബൈ എഫ്‌സിക്ക് വേണ്ടി ബൂട്ട് കെട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നു. എങ്കിലും ടീമിനും സംഘാടകർക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ടൈഗര്‍ ഷ്റോഫ് കുറിച്ചു.

മോഹൻ ബഗാനും സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിയും ക്വാർട്ടറിൽ

അതേസമയം, തിങ്കളാഴ്ച നടന്ന ആവേശകരമായ മത്സരങ്ങളിൽ വിജയിച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്‍റും സ്‌പോർട്ടിംഗ് ക്ലബ് ഡൽഹിയും ഡ്യൂറൻഡ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലെത്തി. കൊൽക്കത്തയിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ തകർത്തത്. മലയാളി താരം സഹൽ അബ്ദുൽ സമദിന്‍റെ മിന്നുന്ന ഹാട്രിക് പ്രകടനമാണ് മത്സരത്തിൽ ശ്രദ്ധേയമായത്. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് തികച്ച സഹൽ (17, 19, 37 മിനിറ്റുകളിൽ) മോഹൻ ബഗാന് മുൻതൂക്കം നൽകി. മൻവീർ സിങ് (24'), ജാമി മക്ലാരൻ (68'), തെക്ചാം അഭിഷേക് സിങ് (73') എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ജയത്തോടെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒൻപത് പോയിന്‍റോടെ ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് മോഹൻ ബഗാൻ ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക